അരീക്കോട്: ഈ വർഷത്തെ വാഴേങ്കട കുഞ്ചുനായർ സംസ്തുതി സമ്മാൻ കഥകളി ചെണ്ട കലാകാരൻ സദനം വാസുദേവന് സമ്മാനിക്കുന്നു. വാഴേങ്കട കുഞ്ചുനായർ സംസ്തുതി സമ്മാൻ സമിതിയും വാഴേങ്കട കുഞ്ചുനായർ മെമ്മോറിയൽ ട്രസ്റ്റും ചേർന്നാണ് നാട്യാചാര്യൻ വാഴേങ്കട കുഞ്ചുനായരുടെ പേരിൽ 'സംസ്തുതി സമ്മാൻ' പുരസ്കാരം നൽകി വരുന്നത്. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും ഉൾക്കൊള്ളുന്നതാണ് കഥകളിയിലെ ഏറ്റവും മൂല്യവത്തായ സംസ്തുതി സമ്മാൻ.

To advertise here,

ഈ അവാർഡ് സദനം വാസുദേവന് 2027 ജനുവരി 10 ഞായറാഴ്ച കാറൽമണ്ണയിലുള്ള വാഴേങ്കട കുഞ്ചുനായർ മെമ്മോറിയൽ ട്രസ്റ്റ് ഹാളിൽ നടത്തുന്ന ധനു അവിട്ടം പരിപാടിയിൽ വച്ച് നൽകും.

ഒരു ചെണ്ട കലാകാരനെ ആദ്യമായാണ് ഈ ആദരവിന് തിരഞ്ഞെടുക്കുന്നത്. 2016 ഇൽ തുടങ്ങിയ സംസ്തുതി സമ്മാൻ ഇത് വരെ ഒമ്പതു കലാകാരന്മാരെ ആദരിച്ചിട്ടുണ്ട്.

മേളം, തായമ്പക, വിളക്കാചാരം, തിടമ്പുനൃത്തം തുടങ്ങി വിവിധ മേഖലകളിൽ അവഗാഹമുള്ള ചെണ്ട കലാകാരനാണ് 81 വയസ്സുള്ള സദനം വാസുദേവൻ. കലാമണ്ഡലം പല്ലശ്ശന ചന്ദ്ര മണ്ണാടിയാരാണ് അദ്ദേഹത്തിന്റെ പ്രധാന ആചാര്യൻ. പദ്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ഉൾപ്പെടെയുള്ള ഒരു വലിയ ശിഷ്യസമ്പത്തിന് ഉടമയാണ് വാസുദേവൻ ആശാൻ. ഇന്ന് നാം കാണുന്ന കഥകളി മേളപദ്ധതിയെ ക്രമീകരിച്ചതിൽ സദനം വാസുദേവന് വലിയ ഒരു പങ്കുണ്ട്.

കേരള സർക്കാരിന്റെ പല്ലാവൂർ അപ്പുമാരാർ പുരസ്‌കാരം, കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ്, കലാമണ്ഡലം കല്പിതസർവകലാശാലാ ഫെല്ലോഷിപ്പ് എന്നിവ സദനം വാസുദേവന് ലഭിച്ച പ്രധാന അംഗീകാരങ്ങളാണ്.