ആലപ്പുഴ: കേരളത്തെ മലമ്പനിമുക്തമാക്കാനുള്ള ആരോഗ്യവകുപ്പിന്റെ ശ്രമങ്ങൾക്കു തിരിച്ചടി. തദ്ദേശീയമായി മലമ്പനി നിയന്ത്രിക്കാനായെങ്കിലും അതിഥിത്തൊഴിലാളികൾക്കിടയിൽ രോഗം കൂടുകയാണ്. ഈ വർഷം 983 പേർക്കു മലമ്പനി സ്ഥിരീകരിച്ചു. ഏഴുപേർ മരിക്കുകയും ചെയ്തു. രോഗം ബാധിച്ച 979 പേരും മരിച്ച ആറുപേരും മറുനാടൻ തൊഴിലാളികളാണ്.
ഇടുക്കിയിലെ തോട്ടംമേഖലയിലെ അതിഥിത്തൊഴിലാളികൾക്കിടയിലാണു രോഗവ്യാപനം കൂടുതൽ. ഈവർഷം അവിടെ മുന്നൂറിലേറെപ്പേർക്കു രോഗംബാധിച്ചു. ഝാർഖണ്ഡ്, ഒഡിഷ, ബിഹാർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണു കൂടുതൽ. എറണാകുളത്തെ പെരുമ്പാവൂർ, കാക്കനാട് മേഖലകളാണു രോഗവ്യാപനത്തിൽ രണ്ടാമത്. അവിടെ ഒഡിഷ, ബംഗാൾ, ബിഹാർ എന്നിവിടങ്ങളിൽ നിന്നുള്ളവരിലാണു രോഗം കൂടുതൽ. അതിഥിത്തൊഴിലാളികളിൽനിന്ന് നാട്ടുകാർക്കു രോഗംപകരാനുള്ള സാധ്യതയും കൂടുതലാണ്.
കേരളത്തിൽ നിയന്ത്രണവിധേയമെന്നു കരുതിയിരുന്ന മലമ്പനി, 2020-21 മുതലാണു കൂടുതലായി കണ്ടുതുടങ്ങിയത്. അന്ന്, 268 പേർക്കു രോഗം പിടിപെട്ടു. 2024 ആയപ്പോൾ അത് ആയിരത്തോളമായി. പുതുതായെത്തിയ അതിഥിത്തൊഴിലാളികൾക്കിടയിൽ പരിശോധന വ്യാപകമാക്കിയതിനാൽ കഴിഞ്ഞവർഷം രോഗബാധിതർ അഞ്ഞൂറിൽത്താഴെയായി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഈവർഷം അതിഥിത്തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്കു പോയിരുന്നു. തിരിച്ചെത്തിയവരിലാണു രോഗം കൂടുതലായി കണ്ടത്. ഇത്തവണ രോഗബാധിതർ ആയിരം കടക്കും.
പകരുന്നത് അനോഫിലസ് കൊതുകുവഴി
അനോഫിലസ് വിഭാഗത്തിലെ പെൺകൊതുകുകൾ വഴിയാണു മലമ്പനി പടരുന്നത്. രോഗബാധിതനായ ഒരാളെ കടിച്ച കൊതുക്, മറ്റൊരാളെ കടിക്കുമ്പോഴാണു രോഗം പകരുക. കേരളത്തിലിപ്പോൾ അനോഫിലസ് കൊതുക് ധാരാളമുണ്ട്. രാത്രിയിലാണ് ഇവ കടിക്കുന്നത്.
ലക്ഷണവും പ്രതിവിധിയും
കടുത്ത പനി, വിറയൽ, തലവേദന, അമിത വിയർപ്പ് എന്നിവയാണു പ്രധാന ലക്ഷണങ്ങൾ. വിറയലോടുകൂടിയ പനി വന്നാൽ രക്തം പരിശോധിക്കണം. കൊതുകുകടി ഏൽക്കാതിരിക്കലാണു പ്രധാന പ്രതിവിധി. അതിഥിത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിലുള്ളവർ രാത്രിയിൽ കൊതുകുവല ഉപയോഗിക്കണം. വൃത്തിയുള്ള, ഒഴുക്കില്ലാത്ത വെള്ളത്തിലാണ് ഈ കൊതുകു വളരുന്നത്. ചതുപ്പുനിലങ്ങൾ, തോട്ടങ്ങളിലെ ചെറിയ ചാലുകൾ, നിർമാണസ്ഥലങ്ങളിലെ വെള്ളം, കുഴികൾ, ഉപയോഗിക്കാത്ത കിണറുകൾ, വെള്ളംനിറഞ്ഞ ടയറുകൾ എന്നിവയിൽ കൊതുകു വളരുന്നില്ലെന്ന് ഉറപ്പാക്കണം.
Content Highlights: Kerala reported 983 malaria cases and seven deaths this year, with 979 cases and six deaths among migrant workers. The plantation sector in Idukki is the most affected area with over 300 reported cases, followed by Perumbavoor and Kakkanad in Ernakulam district. Most of the infected migrant workers belong to states like Jharkhand, Odisha, Bihar, and West Bengal. Health officials noted a sharp increase after workers returned from their native places following elections. The infection is transmitted through female Anopheles mosquitoes, and health authorities advise strict mosquito control measures.
Published: 10 Oct 2026, 04:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented