മട്ടന്നൂർ: അച്ഛന്റെയും മകന്റെയും വിയോഗത്തിൽ കണ്ണീരണിഞ്ഞ് കോളാരി ഗ്രാമം. വൈഷ്ണവിന്റെ പിറന്നാൾദിനത്തിലാണ് വാഹനാപകടത്തിന്റെ രൂപത്തിൽ ദുരന്തമെത്തിയത്.

To advertise here,

പിറന്നാൾദിനത്തിൽ പുതുവസ്ത്രവും വിരുന്നൊരുക്കാനുള്ള സാധനങ്ങളും വാങ്ങാനായി സ്‌കൂട്ടറിൽ പോകവേയാണ് മട്ടന്നൂർ കോളാരി ഇല്ലത്തുവളപ്പിൽ ഹൗസിൽ ഇ.വി. വൈഷ്ണവ് (25), അച്ഛൻ പി. വിനോദ് (48) എന്നിവർ അപകടത്തിൽപെട്ടത്. മട്ടന്നൂർ-ഇരിട്ടി റോഡിൽ ഉളിയിൽ കൂരൻമുക്കിൽ ബുധനാഴ്ച 10.15-ഓടെയായിരുന്നു അപകടം. വൈഷ്ണവിന്റെ 25-ാം പിറന്നാളായിരുന്നു ബുധനാഴ്ച. വൈഷ്ണവാണ് സ്‌കൂട്ടർ ഓടിച്ചത്. ഇരിട്ടിയിൽനിന്ന് കണ്ണൂരിലേക്ക് പോകുന്ന ധനലക്ഷ്മി ബസാണ് ഇടിച്ചത്.

മറ്റൊരു സ്‌കൂട്ടറിൽ ഇടിക്കുന്നത് ഒഴിവാക്കാൻ ബസ് വലത്തോട്ട് വെട്ടിച്ചപ്പോഴാണ് അപകടം. ഇതിനിടെ ഇരിട്ടി സ്വദേശിയായ ഫിറോസ് സഞ്ചരിച്ച സ്‌കൂട്ടറിലും ബസിടിച്ചു. അദ്ദേഹത്തിന് പരിക്കേറ്റു. ബസിന്റെ അമിതവേഗമാണ് അപകടമുണ്ടാക്കിയതെന്ന് ആരോപിച്ച് നാട്ടുകാർ സ്വകാര്യബസുകൾ തടഞ്ഞു.

വാർപ്പും കിണറിന്റെ ജോലിയും മറ്റും ചെയ്താണ് വിനോദ് കുടുംബം നോക്കിയിരുന്നത്. മകൻ വൈഷ്ണവ് വയറിങ്ങ് തൊഴിലാളിയാണ്.

പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലെത്തിച്ച മൃതദേഹം വീടിന് സമീപത്ത് പൊതുദർശനത്തിന് വെച്ചു. തുടർന്നായിരുന്നു സംസ്‌ക്കാരം. വി.കെ. സനോജ് എം.എൽ.എ., നഗരസഭാധ്യക്ഷൻ എൻ. ഷാജിത്ത്, എം. രതീഷ്, വത്സൻ തില്ലങ്കേരി, ബിജു ഏളക്കുഴി, കെ.വി. ജയചന്ദ്രൻ, ഒ.കെ. പ്രസാദ്, ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ അന്തിമോപചാരമർപ്പിച്ചു.

ജീവനെടുത്ത് സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ

ഇരിട്ടി-മട്ടന്നൂർ റോഡിൽ യാത്രക്കാരുടെ ജീവന് ഭീഷണിയായി സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ. ബുധനാഴ്ച ഉളിയിൽ കൂരൻമുക്കിൽ സ്കൂട്ടർ യാത്രക്കാരായ മട്ടന്നൂർ കോളാരിയിലെ പി. വിനോദ്, മകൻ വൈഷ്ണവ് എന്നിവർ ബസിടിച്ച് മരിച്ചതോടെ മത്സരയോട്ടത്തിനെതിരേ നാട്ടുകാർ റോഡിലിറങ്ങി. അപകടത്തിനിടയാക്കിയ കണ്ണൂരിലേക്ക് പോകുന്ന ധനലക്ഷ്മി ബസ് രണ്ട് ഇരുചക്രവാഹനങ്ങളിലാണ് ഇടിച്ചത്. മുന്നിൽ പോയിരുന്ന സ്കൂട്ടറിൽ ഇടിക്കുന്നത് ഒഴിവാക്കാനായി വെട്ടിച്ചപ്പോഴാണ് അച്ഛനും മകനും സഞ്ചരിച്ച സ്കൂട്ടറിൽ ഇടിച്ചത്. ഇതിനിടെ മറ്റൊരു സ്കൂട്ടറിലും ഇടിച്ചു.

കീഴൂരിൽ ഒരു ഓട്ടോഡ്രൈവറുമായി ബസ് ജീവനക്കാർ വാക്കേറ്റമുണ്ടായെന്നും അതിനുശേഷം അമിതവേഗത്തിലാണ് ബസ് സഞ്ചരിച്ചതെന്നും യാത്രക്കാർ പറഞ്ഞു. അപകടത്തെ തുടർന്ന് നാട്ടുകാർ കൂരൻമുക്കിൽ സ്വകാര്യബസുകൾ തടഞ്ഞുവെച്ച് പ്രതിഷേധിച്ചു. കൂത്തുപറമ്പ് എ.സി.പി. സിബി ടോമിന്റെ നേതൃത്വത്തിലുള്ള പോലീസും ഇരിട്ടി നഗരസഭാ ചെയർമാൻ വി. വിനോദ്കുമാർ ഉൾപ്പെടെയുള്ളവരും സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ചനടത്തിയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. പോലീസും ആർ.ടി.ഒ. അധികൃതരും ബസ് ജീവനക്കാരെ പങ്കെടുപ്പിച്ച് യോഗം ചേരുമെന്നും മത്സരയോട്ടം തടയാൻ നടപടിയെടുക്കുമെന്നും ഇവർ ഉറപ്പ് നൽകി.

ബസുകളുടെ അമിതവേഗം തടയാൻ നടപടി വേണമെന്നാവശ്യപ്പെട്ട് ഹരജി നൽകുന്നതിന് നാട്ടുകാർ സ്ഥലത്തുവെച്ച് ഒപ്പുശേഖരണവും നടത്തി. ഉളിയിൽ മേഖലയിൽ നിരവധിപേർക്കാണ് വാഹനാപകടങ്ങളിൽ ജീവൻ നഷ്ടമായത്. ബസുകളുടെ അമിതവേഗം ഇരുചക്രവാഹന യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഭീഷണിയാണ്. റോഡ് മുറിച്ചുകടക്കുന്നവർക്ക് വാഹനമിടിച്ച് പരിക്കേൽക്കുന്നതും പതിവാണ്.

ബസിൽ യാത്രചെയ്യുന്നവരും ജീവൻ പണയംവെച്ച് പോകേണ്ട സ്ഥിതിയാണെന്ന് ഉളിയിൽ സ്വദേശിനി സി. നിമിഷ പറഞ്ഞു. മുന്നിൽ പോകുന്ന ബസ് എവിടെയെത്തിയെന്ന് ഫോൺചെയ്ത് ചോദിച്ച് ഓരോ മിനിറ്റിനും വേണ്ടിയാണ് മരണപ്പാച്ചിൽ.

ഇരുചക്രവാഹനങ്ങളുമായി റോഡിലിറങ്ങാൻ പേടിയാണ്. മത്സരയോട്ടം നടത്തുന്ന ബസുകൾക്കെതിരേ കർശന നടപടി വേണമെന്നും അവർ പറഞ്ഞു.