ആലപ്പുഴ: 69-ാമത് നെഹ്‌റുട്രോഫി ജലോത്സവത്തോടനുബന്ധിച്ച് പബ്ലിസിറ്റി കമ്മിറ്റി ഏര്‍പ്പെടുത്തിയ 2023-ലെ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച വാര്‍ത്താചിത്രത്തിനുള്ള പുരസ്‌കാരം മാതൃഭൂമി ചീഫ് ന്യൂസ് ഫോട്ടോഗ്രാഫര്‍ സി. ബിജു നേടി. 'ഒറ്റത്തുഴപ്പാടില്‍' എന്ന തലക്കെട്ടോടെയുള്ള ചിത്രമാണ് അവാര്‍ഡിന് അദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. എന്‍.ടി.ബി.ആര്‍. സൊസൈറ്റിയുടെയും മാധ്യമ അവാര്‍ഡ് കമ്മിറ്റിയുടെയും ചെയര്‍പേഴ്‌സണായ ജില്ല കളക്ടര്‍ അലക്സ് വര്‍ഗീസാണ് പുരസ്‌കാര തീരുമാനം അറിയിച്ചത്. 

To advertise here,
placeholder
പുരസ്‌കാരത്തിന് അര്‍ഹമായ ചിത്രം-ഒറ്റത്തുഴപ്പാടില്‍... അറുപത്തൊന്‍പതാമത് നെഹ്‌റു ട്രോഫി ജലമേളയില്‍ ആറ് മൈക്രോ സെക്കന്‍ഡിന് പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടന്‍ ഒന്നാംസ്ഥാനം നേടുന്നു. തൊട്ടുപിന്നില്‍ രണ്ടാംസ്ഥാനം നേടിയ കുമരകം ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടന്‍, മൂന്നാം സ്ഥാനം നേടിയ യു.ബി.സി. കൈനകരി തുഴഞ്ഞ നടുഭാഗം ചുണ്ടന്‍ എന്നിവ.

അച്ചടി മാധ്യമങ്ങളിലെ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള അവാര്‍ഡ് കേരള കൗമുദി റിപ്പോര്‍ട്ടര്‍ സിത്താര സിദ്ധകുമാറിനാണ്. ദൃശ്യമാധ്യമങ്ങളിലെ മികച്ച റിപ്പോര്‍ട്ടര്‍, ക്യാമറാപേഴ്‌സണ്‍ പുരസ്‌കാരങ്ങള്‍ 24 ന്യൂസ് സീനിയര്‍ റിപ്പോര്‍ട്ടര്‍ മനീഷ് മഹിപാല്‍, ക്യാമറാമാന്‍ എം.ടി. അഥീഷ് എന്നിവര്‍ യഥാക്രമം നേടി. 24 ന്യൂസില്‍ സംപ്രേഷണം ചെയ്ത വള്ളംകളി സ്‌പെഷ്യല്‍ വാര്‍ത്തകള്‍ക്കാണ് പുരസ്‌കാരം. 

നെഹ്‌റുട്രോഫി ജലമേളയുടെ ഭാഗമായി അച്ചടി-ദൃശ്യമാധ്യമങ്ങളില്‍ വന്ന ജലമേളയുടെ പ്രചരണത്തിനു സഹായകമായ റിപ്പോര്‍ട്ട്, വാര്‍ത്താചിത്രം വിഭാഗങ്ങള്‍ക്കും ടി.വി. വാര്‍ത്താ റിപ്പോര്‍ട്ടര്‍ക്കും ക്യാമറാപേഴ്‌സണുമാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. ട്രോഫിയും 10,001 രൂപയും സാക്ഷ്യപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഓഗസ്റ്റ് 10-ന് വള്ളംകളി വേദിയില്‍വെച്ച് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. 

കേരള മീഡിയ അക്കാദമി ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ കെ. രാജഗോപാല്‍, ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ലക്ചറര്‍ കെ. ഹേമലത, ടി.വി. ജേണലിസം വകുപ്പ് തലവന്‍ ബി. സജീഷ് എന്നിവരടങ്ങിയ സമിതിയാണ് വിധിനിര്‍ണയം നടത്തിയതെന്ന് പബ്ലിസിറ്റി കമ്മറ്റി കണ്‍വീനറായ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.എസ്. സുമേഷ് അറിയിച്ചു.