കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്ത്യവിശ്രമം കൊള്ളുന്ന പുതുപ്പള്ളി പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി അദരവർപ്പിച്ച് പാലാ എംഎൽഎയും യുഡിഎഫ് സ്ഥാനാർഥിയുമായ മാണി സി. കാപ്പൻ. ഉച്ചയോടെയാണ് കാപ്പൻ പുതുപ്പള്ളി പള്ളിയിലെത്തിയത്. കാപ്പൻ എത്തുന്ന വിവരമറിഞ്ഞ് ഉമ്മൻചാണ്ടിയുടെ സഹധർമിണി മറിയാമ്മ ഉമ്മനും മകനും പുതുപ്പള്ളി എം.എൽ.എ.യുമായ ചാണ്ടി ഉമ്മനും പള്ളിയിലെത്തിയിരുന്നു.

To advertise here,

പുതുപ്പള്ളി പള്ളിയിൽ പ്രാർഥിച്ച ശേഷമാണ് ഉമ്മൻചാണ്ടിയുടെ കുടുംബാംഗങ്ങൾക്കൊപ്പം കാപ്പൻ അദ്ദേഹത്തിന്റെ കല്ലറയിലെത്തി ആദരവർപ്പിച്ചത്. രാഷ്ട്രീയ സംരക്ഷണം നൽകി തന്നെ യു.ഡി.എഫിലേക്ക് കൈപിടിച്ചുകയറ്റിയ നേതാക്കളിൽ പ്രമുഖൻ ഉമ്മൻചാണ്ടി സാറാണെന്ന് കാപ്പൻ അനുസ്മരിച്ചു. കേരള ജനതയെ ഹൃദയത്തോട് ചേർത്തുവച്ച ഉമ്മൻചാണ്ടി സാറിനുള്ള ആദരവായിരിക്കും ഇത്തവണത്തെ യു.ഡി.എഫ്. വിജയമെന്നും പാലായിൽ ജനങ്ങൾ കൂടെയുള്ളതിനാൽ തിളക്കമാർന്ന വിജയം ആവർത്തിക്കാൻ കഴിയുമെന്നും കാപ്പൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

കെ.ഡി.പി. സംസ്ഥാന ജനറൽ സെക്രട്ടറി സാജു എം. ഫിലിപ്പ്, പാലായിലെ യു.ഡി.എഫ്. നേതാക്കളായ അഡ്വ. സന്തോഷ് മണർകാട്, എം.പി. കൃഷ്ണൻ നായർ, ജിമ്മി ജോസഫ് എന്നിവർക്കൊപ്പമാണ് മാണി സി. കാപ്പൻ പുതുപ്പള്ളിയിലെത്തിയത്.