കൊണ്ടോട്ടി(മലപ്പുറം): മലപ്പുറം ജില്ലയെ അവഗണിക്കുകയാണെന്ന് ചിലർ പറയുന്നുണ്ടെങ്കിലും ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കാൻ ഏറ്റവുമധികം പണംനൽകിയത് ഈ ജില്ലയിലാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. വികസനമുന്നേറ്റ ജാഥയ്ക്ക് കൊണ്ടോട്ടിയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

ദേശീയപാതവികസനത്തിന് ഭൂമി ഏറ്റെടുക്കാൻ 900 കോടി രൂപയാണ് മലപ്പുറത്ത് സംസ്ഥാനസർക്കാർ വിതരണംചെയ്തത്. സംസ്ഥാനത്താകെ 5,688 കോടി രൂപയാണ് സർക്കാർ ചെലവഴിച്ചത്. ദേശീയപാതയ്ക്ക് സമാന്തരമായി തീരദേശ ഹൈവേയും മലയോര ഹൈവേയും ജില്ലയിലുണ്ട്. മലയോര ഹൈവേ 101 കിലോമീറ്റർ നീളത്തിലും തീരദേശ ഹൈവേ ഏതാണ്ട് 53 കിലോമീറ്റർ നീളത്തിലുമാണ് ജില്ലയിലുള്ളത്. ദേശീയപാത 74 കിലോമീറ്ററുണ്ട്. കേരളത്തിനൊപ്പം അതിശക്തമായി വികസിച്ചുവരുന്ന നാടായി മലപ്പുറവും മാറുകയാണ്.

ലൈഫിൽ അഞ്ചുലക്ഷം വീടുകൾ പൂർത്തിയാകുമ്പോൾ അതിൽ 69,730 വീടുകൾ മലപ്പുറത്താണ്. വികസനത്തിന്റെ കാര്യത്തിൽ രാഷ്ട്രീയം നോക്കേണ്ടകാര്യമില്ല.

ഭരിക്കുന്ന പാർട്ടിയാണോ പ്രതിപക്ഷത്തിരിക്കുന്നവരാണോ എന്ന് നോക്കിയല്ല 140 മണ്ഡലത്തിലും കിഫ്ബി സഹായം നൽകിയത്. -എം.വി. ഗോവിന്ദൻ പറഞ്ഞു.

എൽ.ഡി.എഫ്. മണ്ഡലം ചെയർമാൻ പുലത്തു കുഞ്ഞു അധ്യക്ഷത വഹിച്ചു. സി.പി.എം. ഏരിയാ സെക്രട്ടറി പി.കെ. മോഹൻദാസ്, പി. സന്തോഷ്‌കുമാർ എം.പി., കെ.എസ്. സലീഖ, മാത്യു കുന്നപ്പള്ളി, പി.പി. ദിവാകരൻ, മനയത്ത് ചന്ദ്രൻ, വടക്കോട് മോനച്ചൻ, അഡ്വ. എ.ജെ. ജോസഫ്, കാസിം ഇരിക്കൂർ, അഡ്വ. നൈസ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.

വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമർശങ്ങളോട് യോജിപ്പില്ല

മലപ്പുറം: വെള്ളാപ്പള്ളി മലപ്പുറത്തെക്കുറിച്ചു പറഞ്ഞ ഒരു വർഗീയ പരാമർശത്തോടും യോജിപ്പില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വികസനമുന്നേറ്റ ജാഥയുടെ ഭാഗമായി മലപ്പുറത്ത് മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. നവോത്ഥാന നായകർ മുന്നോട്ടുവെയ്ക്കുന്ന ആശയങ്ങൾക്കൊപ്പമാണ് ഇടതുപക്ഷം. അതിന്റെ മറവിൽ വർഗീയത പറഞ്ഞാൽ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ശ്രീധരനോട് ബഹുമാനം; പ്രായോഗികത പ്രശ്‌നം

ഇ. ശ്രീധരൻ പൊന്നാനിയിൽ ഒരു പീട്യയുടെ മുകളിൽ ഒരു ബോർഡ് വെച്ചിട്ടുണ്ട്. അതുകൊണ്ടെന്താ കാര്യം? കേന്ദ്രസർക്കാരുതന്നെ അതില്ലാ എന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണ്. അതല്ലാതെ പൊന്നാനിയിൽ അതിവേഗ റെയിൽപ്പാതയുടെ ഓഫീസ് തുടങ്ങിയിട്ടൊന്നുമില്ല. ഇ. ശ്രീധരനോട് ബഹുമാനമുണ്ട്. എന്നാൽ, ഇമ്മാതിരിയാണ് അദ്ദേഹത്തിന്റെ പല പരിപാടികളും. കഴിഞ്ഞപ്രാവശ്യം ഇതേ രീതിയിൽ പാലക്കാട്ട് ഓഫീസ് തുറന്നു. മുഖ്യമന്ത്രിയാവുമെന്ന് വിചാരിച്ചിട്ട്. തിരഞ്ഞെടുപ്പിന് നിൽക്കുമ്പോ ആദ്യം തിരഞ്ഞെടുപ്പ് ഓഫീസല്ല ഉണ്ടാക്കിയത്. എം.എൽ.എ. ഓഫീസാണ്. എന്നിട്ട് തോറ്റ് തുന്നംപാടി. അങ്ങനെയുള്ള പ്രയോഗികതയുടെ ഒരു പ്രശ്‌നമാണ്.

കൊടിമരംമാറ്റാൻ 10 കിലോ സ്വർണം പിരിച്ചു

ശബരിമലയിൽ കൊടിമരം മാറ്റുന്നതിന്റെ പേരിൽ വലിയ പണവും 10 കിലോ സ്വർണവും പിരിച്ചിട്ടുണ്ട്. ഇതെല്ലാം എവിടെപ്പോയി? സ്വർണക്കൊള്ള ഇടതുപക്ഷത്തിന് എതിരേയാണെന്നുപറഞ്ഞാണ് യു.ഡി.എഫ്. തുടങ്ങിയത്. കൊടിമരത്തിന്റെ വിഷയത്തിൽ അന്ന് ബോർഡും സർക്കാരും കോൺഗ്രസിന്റേത് ആണ്. ഈ വിഷയത്തിൽ വി.ഡി. സതീശന് മിണ്ടാട്ടമില്ല.

കേന്ദ്രം കർഷകരുടെ സഹായം നിർത്തിക്കുന്നു

കേരളം നെൽക്കർഷകർക്കു നൽകുന്ന ബോണസ് നിർത്തണമെന്നാണ് കേന്ദ്രം ആവശ്യപ്പെടുന്നത്. ആറുരൂപ 31 പൈസയാണ് കേരളം ഒരു കിലോ നെല്ലിന് ബോണസായി നൽകുന്നത്. അത് നിർത്തണമെന്നാണ് പറയുന്നത്. 1344 കോടിയാണ് നെല്ല് സംഭരണത്തിൽ കേന്ദ്രം തരാനുള്ളത്. കോർപ്പറേറ്റുകളുടെ കടം എഴുതിത്തള്ളുന്ന കേന്ദ്ര സർക്കാരാണ് സാധാരണ കർഷകരുടെ ബോണസ് നിർത്തണം എന്നുപറയുന്നത്. ഇന്ത്യ-അമേരിക്ക വ്യാപാരകരാറിലൂടെ കാർഷിക ഉത്പന്നങ്ങൾ നികുതിയില്ലാതെ ഇന്ത്യയിലേക്ക് ഇറക്കുമതിചെയ്യുന്നതിന് അനുമതി നൽകിയിരിക്കുകയാണ് കേന്ദ്രം.

ആർ.എസ്.എസും ജമാഅത്തെ ഇസ്ലാമിയും വിഷം

ജമാഅത്തെ ഇസ്ലാമി കൊടും വിഷമാണ്. അവരുമായിച്ചേർന്ന് മുന്നോട്ടുപോകാമെന്ന നിലപാടാണ് വി.ഡി. സതീശന്. സമസ്ത നൂറാം വാർഷികത്തിൽ പാസാക്കിയ പ്രമേയത്തിൽ ജമാഅത്തെ ഇസ്ലാമിയെ വിമർശിക്കുന്നുണ്ട്. ജമാഅത്തെ ഇസ്ലാമി വലിയ വിഷമാണ്. അവരെക്കാൾ കൊടുംവിഷമാണ് ആർ.എസ്.എസ്. ഒരു വർഗീയശക്തിയോടും ചേരരുത് എന്നാണ് എൽ.ഡി.എഫ്. നിലപാട്. ഇക്കാര്യത്തിൽ കുഞ്ഞാലിക്കുട്ടിയുടേത് 'അഴകൊഴമ്പൻ' നയമാണ്.