തിരുവനന്തപുരം: മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണ ദുബായിലേക്ക് ഹവാല പണമിടപാട് നടത്തിയെന്ന് അവരുടെ വാട്സാപ്പ് സന്ദേശങ്ങളിലൂടെ കണ്ടെത്തിയതായി ഇ.ഡി. റിപ്പോർട്ട്. സംസ്ഥാന പോലീസ് മേധാവിക്ക് ഇ.ഡി. നൽകിയ റിപ്പോർട്ടിൽ വാട്സാപ്പ് സന്ദേശങ്ങളും ഡയറിയിലെ വിവരങ്ങളും തെളിവായി ഉൾപ്പെടുത്തിയിട്ടുണ്ട്.

To advertise here,

നാട്ടിൽ ആരെ എത്ര രൂപവീതം ഏല്പിച്ചെന്ന് വീണ ചുവന്ന പുറംചട്ടയുള്ള ഡയറിയിൽ (റെഡ് ബുക്ക്) രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പണം വിദേശത്ത് കൈമാറ്റം ചെയ്യപ്പെട്ടത് സംബന്ധിച്ച വിവരങ്ങളും രേഖകളിലുണ്ട്. ഇതിനുപുറമേയാണ് ഇടപാട് സാധൂകരിക്കുന്ന വാട്സാപ്പ് സന്ദേശങ്ങളുമുണ്ടെന്ന് ഇ.ഡി. പറയുന്നത്. ചില ബാങ്ക് ഇടപാടുകളുടെ രേഖകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

മുഹമ്മദ് റിയാസ് മന്ത്രിയായിരുന്ന സമയത്തായിരുന്നു ഇടപാടുകൾ. റിയാസിന്റെ സുഹൃത്തുക്കളിലൂടെ ഇടപാടുകൾ നടത്തിയെന്നതിന് തെളിവുണ്ട്. ദുബായിൽ തങ്ങി അവിടെ ഒരു കമ്പനി തുടങ്ങാൻ വീണ ശ്രമിച്ചെന്നും റിപ്പോർട്ടിലുണ്ട്. നാട്ടിലുള്ള മകനോട് കമ്പനിക്ക് എന്ത് പേരിടണമെന്ന് ആരാഞ്ഞുള്ള സന്ദേശവും റിപ്പോർട്ടിൽ ചേർത്തിട്ടുണ്ട്. കമ്പനി തുടങ്ങിയോയെന്നതുസംബന്ധിച്ച മറ്റു വിവരങ്ങളൊന്നും പോലീസിനെ അറിയിച്ചിട്ടില്ല.

പിണറായിയുടെ പേരുപറയാൻ ഇ.ഡി. വീണയെ ഭീഷണിപ്പെടുത്തി- പി.എ. മുഹമ്മദ് റിയാസ്

പിണറായി വിജയൻ പറഞ്ഞിട്ടാണ് സി.എം.ആർ.എലും എക്സാലോജിക്കുമായുള്ള പണമിടപാടെന്ന് മൊഴിനൽകാൻ ഇ.ഡി. വീണയെ നിർബന്ധിച്ചു. തയ്യാറാവാതിരുന്നപ്പോൾ അറസ്റ്റുചെയ്യുമെന്ന് ഭീഷണിപ്പെടുത്തി

സി.എം.ആർ.എലിന് എക്‌സാലോജിക് കമ്പനി സേവനം നൽകിയില്ലെന്ന് വീണ മൊഴിനൽകിയിട്ടില്ല. ഇത് ഇ.ഡി. തെറ്റായി പ്രചരിപ്പിക്കുന്നതാണ്. അതിനുശേഷമാണ് ഞാൻ വിദേശത്തേക്ക് പണം കടത്തിയെന്ന് മൊഴിനൽകിയതായി ഇ.ഡി. പ്രചരിപ്പിക്കുന്നത്. ഞാനും വീണയും പലതവണ ദുബായിൽ പോയിട്ടുണ്ട്. അത് ഹവാല പണം കടത്താനല്ല. ഭാര്യയെ ചോദ്യംചെയ്താൽ പേടിക്കുന്നയാളല്ല ഞാൻ. തന്റെ പച്ച ഇറച്ചി കടിച്ചുതിന്നുകയാണ് ഇ.ഡി. ഇതുകൊണ്ടൊന്നും ഒട്ടും പിന്നോട്ടില്ല.

ഹവാലയാണ് ഗൗരവമെന്ന് സർക്കാർ

സി.എം.ആർ.എലിൽനിന്ന് കൈക്കൂലിയായി പിണറായി വിജയൻ 3.28 കോടി വാങ്ങിയെന്നു കണ്ടെത്തിയതായി ഇ.ഡി. പറയുന്നതിനെക്കാൾ കൂടുതൽ ഗൗരവത്തോടെയാണ് ഹവാല ഇടപാടിനെ സംസ്ഥാനസർക്കാർ കാണുന്നത്. ഹവാല ഇടപാടുമായി ബന്ധിപ്പിച്ച് ഇ.ഡി. നിരത്തിയ തെളിവുകൾ പോലീസ് വിശദമായി പരിശോധിക്കും. അതിൽ പറയുന്നത്രയും പണം എവിടെനിന്നാണ് എന്നതും പ്രധാനമാണ്.

നിയമോപദേശത്തിന്റെയും ആഭ്യന്തര വകുപ്പിന്റെ പരിശോധനയുടെയും അടിസ്ഥാനത്തിലായിരിക്കും അന്വേഷണം എങ്ങനെ വേണമെന്നതിൽ തീരുമാനമുണ്ടാവുക. സി.എം.ആർ.എലും വീണയുടെ കമ്പനിയായ എക്‌സാലോജിക്കും തമ്മിൽ പേരിനെങ്കിലും ഒരു കരാറുണ്ട്. പ്രാഥമികാന്വേഷണം നടത്തി കേസ് എടുക്കാനാണ് സർക്കാരിന്റെ ആലോചന.