കൊല്ലം: തൊഴിലുറപ്പിന്റെ പുതിയ പതിപ്പായ വിബി ജി റാംജി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ മുൻവർഷത്തെ അപേക്ഷിച്ച് 1.55 കോടി തൊഴിൽദിനങ്ങളുടെ നഷ്ടം.
സാമ്പത്തികവർഷത്തെ ആദ്യത്തെ അഞ്ചുമാസത്തെ കണക്കുകൾ മുൻ വർഷത്തേതുമായി താരതമ്യപ്പെടുത്തുമ്പോഴാണ് ഈ ഇടിവ്. പദ്ധതി വൻ തകർച്ചയിലേക്കാണ് നീങ്ങുന്നതെന്നാണ് ഈ കണക്കുകൾ നൽകുന്ന സൂചന.
2025-26 സാമ്പത്തികവർഷം ഓഗസ്റ്റ് മാസംവരെ സംസ്ഥാനത്തെ 14 ജില്ലകളിലുമായി സൃഷ്ടിച്ചിരുന്നത്. 3,44,03,910 തൊഴിൽദിനങ്ങളായിരുന്നു. മുൻവർഷത്തെ അപേക്ഷിച്ച് ഈ സാമ്പത്തികവർഷം പദ്ധതിയിൽ ആകെ 1,55,84,057 തൊഴിൽദിനങ്ങളുടെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
പഴയ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഈ സാമ്പത്തികവർഷം കഴിഞ്ഞ ജൂൺ 30 വരെ 1,20,71,584 തൊഴിൽദിനങ്ങളാണ് സൃഷ്ടിച്ചത്. ജൂലായ്, ഓഗസ്റ്റ് മാസങ്ങളിൽ പുതിയ വിബി ജി റാംജി പദ്ധതിയിൽ സൃഷ്ടിച്ചത് 67,48,269 തൊഴിൽദിനങ്ങളും.
പുതിയ പദ്ധതി തുടങ്ങിയശേഷം രണ്ടുമാസത്തെ കണക്കുകൾ നോക്കിയാൽ തന്നെ സംസ്ഥാനത്ത് 27.37 ലക്ഷം തൊഴിൽദിനങ്ങൾ കുറഞ്ഞു. പുതിയ പദ്ധതി ആരംഭിച്ച ജൂലായ് മാസത്തിൽ 47,42,674 തൊഴിൽദിനങ്ങളാണ് സൃഷ്ടിച്ചിരുന്നതെങ്കിൽ ഓഗസ്റ്റ് മാസത്തിൽ അത് 20,05,595 ആയി കുറഞ്ഞു. കഴിഞ്ഞവർഷം ജൂലായിൽ 65,33,335 തൊഴിൽദിനവും ഓഗസ്റ്റിൽ 57,08,578 തൊഴിൽദിനവുമാണ് സൃഷ്ടിച്ചിരുന്നത്.
പദ്ധതിയിൽ ഒരുദിവസത്തെ കൂലി 401 രൂപയാണ്. ഏകദേശം 625 കോടിയോളം രൂപയാണ് അവിദഗ്ധ തൊഴിലാളികളുടെ കൂലിയിനത്തിൽ മാത്രം സംസ്ഥാനത്തിന് നഷ്ടമായത്.
പുതിയ പദ്ധതിയിൽ 318 ഇനം പ്രവൃത്തികളാണ് അംഗീകരിച്ചിട്ടുള്ളത്. എന്നാൽ ഇതിൽ പലതും മുൻകാലങ്ങളിലെ പോലെ തൊഴിലാളി സൗഹൃദമായി നടപ്പാക്കാൻ പ്രയാസമാണെന്നാണ് പഞ്ചായത്തുകളുടെ പരാതി.
സാമ്പത്തികവർഷത്തെ ആദ്യത്തെ അഞ്ചുമാസത്തെ കണക്കുകൾ മുൻ വർഷത്തേതുമായി താരതമ്യപ്പെടുത്തുമ്പോഴാണ് ഈ ഇടിവ്.
രണ്ടുമാസം അവധി സമ്മതിച്ച് 16 സംസ്ഥാനങ്ങൾ
:കാർഷിക വിളവെടുപ്പ് കണക്കിലെടുത്ത് തൊഴിലുറപ്പ് പദ്ധതിക്ക് വർഷത്തിൽ രണ്ടുമാസം ഇടവേളയനുവദിക്കണമെന്ന വിബി ജി റാംജിയിലെ വ്യവസ്ഥ അംഗീകരിച്ച് 16 സംസ്ഥാനങ്ങൾ.
രണ്ടുമാസം ഇടവേള നൽകിയാൽ നൂറിൽനിന്ന് 125 തൊഴിൽദിനങ്ങളുണ്ടാകുന്നതെങ്ങനെയെന്ന് പ്രതിപക്ഷം ചോദിച്ചിരുന്നു. രണ്ടുമാസം തൊഴിലില്ലാത്ത അവസ്ഥ ഗ്രാമീണ ദരിദ്രജനതയെ ബാധിക്കുമെന്നും പറഞ്ഞിരുന്നു.
ഇപ്പോൾ സമ്മതിച്ച 16 സംസ്ഥാനങ്ങളിൽ പ്രതിപക്ഷം ഭരിക്കുന്ന ഝാർഖണ്ഡും ഉൾപ്പെട്ടിട്ടുണ്ടെന്നത് ശ്രദ്ധേയം. ഈ സംസ്ഥാനങ്ങൾ ഇടവേള നൽകേണ്ട മാസങ്ങളുടെ കലണ്ടറും കൈമാറി. കേരളമടക്കം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ നിലപാടറിയിച്ചില്ല. ഇവർ ഇടവേളയോട് യോജിക്കുന്നില്ലെന്നാണറിവ്.
രാജ്യത്തും തൊഴിൽദിനങ്ങൾ കുറഞ്ഞു
: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽനിന്ന് വിബി ജി റാംജിയിലേക്ക് മാറിയപ്പോൾ തൊഴിലവസരങ്ങളിൽ കുറവ്. വിബി ജി റാംജി പദ്ധതി തുടങ്ങിയത് ജൂലായ് ഒന്നിനാണ്. ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലെ തൊഴിൽദിനങ്ങൾ, കഴിഞ്ഞവർഷത്തെ ഈ രണ്ട് മാസങ്ങളിലേതിനെ അപേക്ഷിച്ച് കുറഞ്ഞു.
വിബി ജി റാംജിയിൽ ജൂലായിൽ 9.17 കോടി തൊഴിൽദിനങ്ങളാണ് ലഭ്യമായത്. ഓഗസ്റ്റിൽ 10.34 കോടിയും. കഴിഞ്ഞവർഷം മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്കുകീഴിൽ ജൂലായിൽ 17.65 കോടിയും ഓഗസ്റ്റിൽ 12.12 കോടിയും തൊഴിൽദിനങ്ങളുണ്ടായിരുന്നു.
100 ദിവസത്തിനുപകരം 125 തൊഴിൽദിനങ്ങളുറപ്പാക്കുമെന്ന വാഗ്ദാനവുമായെത്തിയ വിബി ജി റാംജിയിൽ കേന്ദ്രം അനുവദിക്കുന്ന വിഹിതം 60 ശതമാനമാക്കി കുറച്ചിരുന്നു. ഇത് സംസ്ഥാനങ്ങളിൽ ആശങ്കയുയർത്തുന്നതിനിടെയാണ് തൊഴിൽദിനങ്ങളിലും കുറവുണ്ടായത്.
Content Highlights: Kerala registered a loss of 1.55 crore work days in the first five months of the 2025-26 financial year., Transition to the VB G Ramji scheme resulted in a drop of 27.37 lakh work days in just two months., Unskilled laborers in Kerala faced an estimated wage loss of around Rs 625 crore., 16 states have accepted the two-month break provision, while southern states including Kerala have not responded.
Published: 11 Sept 2026, 08:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented