മങ്കട(മലപ്പുറം): ഒരു രാത്രി മുഴുവന്‍ നാസര്‍ കിണറ്റിലായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് കണ്ണംപറമ്പില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന നാസര്‍ അബദ്ധത്തില്‍ കിണറ്റില്‍ വീണത്. 10 കോല്‍ ആഴമുള്ള കിണറാണെങ്കിലും വെള്ളം നന്നേകുറവായിരുന്നു. കിണറിന്റെ വശത്ത് പിടിച്ചുനിന്നാണ് നാസര്‍ ഒരു രാത്രി തള്ളിനീക്കിയത്. 

To advertise here,

വെള്ളിയാഴ്ച രാവിലെയാണ് നാസര്‍ കിണറ്റില്‍വീണ വിവരം നാട്ടുകാര്‍ അറിയുന്നത്. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ മുഹമ്മദ് ഷിബിന്‍ സംഭവസ്ഥലത്തിനു തൊട്ടടുത്താണ് താമസം. വിവരമറിഞ്ഞ ഉടന്‍തന്നെ ഷിബിന്‍ മലപ്പുറം സ്റ്റേഷനില്‍ അറിയിച്ചു. റോപ്, ലാഡര്‍ എന്നിവ ഉപയോഗിച്ച് ഷിബിന്‍ കിണറ്റിലിറങ്ങി പ്രഥമശുശ്രൂഷ നല്‍കുകയും കുറച്ചു മിനിറ്റുകള്‍ക്കകം മറ്റു സേനാഗംങ്ങള്‍ എത്തുകയും ചെയ്തു.

നാസറിന് കാലിന് ഗുരുതരപരിക്കുണ്ട്. മക്കരപ്പറമ്പ് അമ്പലപ്പടി ഹൈസ്‌കൂളിനടുത്താണ് സംഭവം. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പോള്‍ വര്‍ഗീസ്, എസ്എഫ്ആര്‍ഒ മുഹമ്മദലി, എഫ്ആര്‍ഒ അഭിലാഷ്, സുധീഷ്, ശ്രുതി, ശരത് എന്നിവരടങ്ങുന്ന സംഘത്തിന്റെ സഹായത്താല്‍ ആളെ പുറത്തെത്തിച്ച് ആംബുലന്‍സില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.