തൃശ്ശൂർ: അത്യാഹിതങ്ങളിൽ വേഗമെത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ അഗ്‌നി രക്ഷാസേന. തീപ്പിടിത്ത ഇടങ്ങളിലും അപകടമേഖലയിലും രക്ഷാപ്രവർത്തനങ്ങൾക്കായി വലിയ വാഹനങ്ങൾ എത്തിക്കുന്നതിന്റെ വിഷമം മനസ്സിലാക്കി ചെറുവാഹനങ്ങൾ ഇനി ഉപയോഗപ്പെടുത്തും. ഇതിനായി മിനി വാട്ടർ ടെൻഡർ എന്ന ചെറിയ ഫയർ എൻജിനാണ് വാങ്ങുന്നത്.

To advertise here,

ഏറ്റവും ചെറിയ ഇടങ്ങളിൽപോലുമെത്തി ശക്തിയായി വെള്ളം പമ്പുചെയ്യാൻ ശേഷിയുള്ള ചെറുവാഹനമാണിത്. സാധാരണ ഫയർ എൻജിനിൽനിന്ന് വെള്ളം പമ്പുചെയ്യുന്നതിന്റെ പത്തിരട്ടി ശേഷിയിൽ പമ്പുചെയ്യാൻ കഴിയുന്ന, ഹൈ പ്രഷർ വാട്ടർ മിസ്റ്റ് സാങ്കേതികവിദ്യയോടുകൂടിയ മിനി വാട്ടർ ടെൻഡറാണ് ഉടൻ എത്തുക. ഇതിനു പുറമേ, ജല അപകടങ്ങളിൽ രക്ഷാപ്രവർത്തനത്തിനായി ഹൈ ഡെൻസിറ്റി പോളിയെത്തിലീനിൽ നിർമിച്ച ബോട്ടോടുകൂടിയ ഫയർ എൻജിനുകളും വാങ്ങും. മൊത്തം 13 എണ്ണമാണ് വാങ്ങുക.

ഒതുക്കമുള്ളതും അതിവേഗത്തിൽ പായുന്നവയുമായ ഫസ്റ്റ് റെസ്‌പോൺസ് വെഹിക്കിൾ എന്ന പത്ത് ഫയർ ആംബുലൻസും വാങ്ങും. സാധാരണ ഫയർ എൻജിനെ അപേക്ഷിച്ച് 90 ശതമാനം വെള്ളം ലാഭിക്കാനാകുന്ന മിനി വാട്ടർ മിസ്റ്റ് ടെൻഡർ എന്ന അത്യാധുനിക ചെറിയ ഫയർ എൻജിനും മൂന്നെണ്ണം വാങ്ങും.

അൾട്രാ ഹൈ പ്രഷർ വാട്ടർ മിസ്റ്റ് ടെക്‌നോളജിയാണ് ഇതിൽ ഉപയോഗിക്കുന്നത്. അതുവഴി വെള്ളം ചെറിയ കണങ്ങളായി ചിതറിത്തെറിക്കും. വെള്ളത്തിന് തണുപ്പും കൂടുതലായിരിക്കും. തീപ്പിടിത്ത ഇടങ്ങളിൽ ഊടുവഴികളിലൂടെയെത്തി ഫയർ എൻജിന് വെള്ളം നൽകുന്നതിനായി ചെറിയ ആറ് വാട്ടർ ടാങ്കർ ലോറികളും ഒരു വലിയ ലോറിയും വാങ്ങും. ആറു ലോറികൾ 9000 ലിറ്റർ ശേഷിയുള്ളവയായിരിക്കും. ഒരെണ്ണം 12000 ലിറ്ററും. എല്ലാ ലോറികളും ശേഷികൂടിയ യന്ത്രത്തോടുകൂടിയവയാണ്.

കഴിഞ്ഞ തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് സാമഗ്രികൾ തയ്യാറാക്കിയിരുന്ന മുണ്ടത്തിക്കോടിലെ വെടിക്കെട്ടുപുരയിൽ തീപ്പിടിത്തമുണ്ടായപ്പോൾ മതിലുകൾ പൊളിച്ചാണ് ഫയർ എൻജിനും രക്ഷാവാഹനങ്ങളും അവിടെയെത്തിയത്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ചെറുതും ശേഷിയേറിയതുമായ പുതിയ രക്ഷാവാഹനങ്ങൾ വാങ്ങാൻ സർക്കാർ തീരുമാനിച്ചത്. മൊത്തം 33 പുതിയ വാഹനങ്ങളാണ് അഗ്‌നി രക്ഷാസേനയിലേക്ക് എത്തുക. പുണെയിലെ അജിൽ ഫൈബർടെക്കാണ് നിർമാണ-വിതരണ കരാർ എടുത്തിട്ടുള്ളത്.