വര്‍ക്കല: മലബാര്‍ എക്‌സ്പ്രസിലെ തീപ്പിടിത്തത്തില്‍ ഒഴിവായത് വലിയ ദുരന്തം. തുടക്കത്തില്‍ തന്നെ തീപ്പിടിത്തം ശ്രദ്ധയില്‍ പെട്ടതിനാല്‍ വലിയ അപകടം ഒഴിവാക്കാനായി. ബോഗിയില്‍ നിന്ന് പുക ഉയര്‍ന്നതിനേതുടര്‍ന്ന് യാത്രക്കാര്‍ റെയില്‍വേ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ചങ്ങല വലിച്ച് യാത്രക്കാര്‍ ട്രെയിന്‍ നിര്‍ത്തി.

To advertise here,

ട്രെയിനിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്. യാത്രക്കാരെ പൂര്‍ണമായും ട്രെയിനില്‍ നിന്ന് മാറ്റി. തീ പിടിച്ച ബോഗി ട്രെയിനില്‍ നിന്ന് വേര്‍പെടുത്തിയതായാണ് വിവരം. തീ മറ്റ് കോച്ചുകളിലേക്ക് പടരുന്ന സാഹചര്യം ഒഴിവായെന്നും റെയില്‍വേ അറിയിച്ചു. തീപ്പിടിത്തത്തിനുള്ള കാരണം റെയില്‍വേ പരിശോധിച്ചു വരികയാണ്. 

തിരുവനന്തപുരത്തേക്ക് വരികയായിരുന്ന മലബാര്‍ എക്‌സ്പ്രസിന്റെ മുന്‍ ഭാഗത്തുള്ള പാഴ്‌സല്‍ കോച്ചിനാണ് തീ പിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക അനുമാനം. എന്നാല്‍ വാഹനങ്ങളടക്കമുള്ളവ പാഴ്‌സല്‍ വസ്തുക്കളില്‍ നിന്ന് തീ പടരാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. 

പാഴ്‌സല്‍ ബോഗിയില്‍ മാത്രമാണ് തീപ്പിടിത്തം ഉണ്ടായതെന്നും തുടക്കത്തില്‍ തന്നെ ശ്രദ്ധയില്‍പ്പെട്ടതിനാലാണ് വലിയ അപകടം ഒഴിവാക്കാനായതെന്നും യാത്രക്കാരാനായ സുനില്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. രണ്ട് ബൈക്ക് പൂര്‍ണമായും കത്തി നശിച്ചതായി അദ്ദേഹം പറഞ്ഞു. ഇടവ സ്റ്റേഷന് തൊട്ടുമുന്നിലായാണ് ട്രെയിന്‍ നിര്‍ത്തിയതെന്നും യാത്രക്കാരെ പൂര്‍ണമായും ഒഴിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Luggage van of Malabar Express catches fire near Varkala; No casualties