മണ്ണഞ്ചേരി: തമിഴ് കുറുവ സംഘത്തിനു പിന്നാലെ നാട്ടില്‍ വിലസി നാടന്‍ 'കുറുവ'കള്‍. ഒരുമാസത്തിലേറെയായി കുറുവ മോഷണസംഘത്തെ ഭയന്നുകഴിയുന്ന നാട്ടുകാര്‍ക്കിടയിലാണ് തമിഴ് കുറുവസംഘം എന്നു തോന്നിപ്പിക്കുന്ന വിധത്തില്‍ വേഷംധരിച്ച് സമൂഹവിരുദ്ധര്‍ എത്തിയത്. മോഷണമാണോ ഇവരുടെ ലക്ഷ്യമെന്നു വ്യക്തമല്ല.

To advertise here,

തലയില്‍ തോര്‍ത്തിട്ട് കൈയില്‍ വടിയും മറ്റുമായാണ് സംഘം ഇറങ്ങിയത്. കഴിഞ്ഞദിവസം പൊന്നാടാണ് ഇത്തരത്തില്‍ ഒരാളുടെ ചിത്രം സി.സി.ടി.വി.യില്‍ പതിഞ്ഞത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ അയാള്‍ ലഹരിക്ക് അടിമയായ വ്യക്തിയാണെന്നു കണ്ടെത്തി. സമാനസംഭവം തിങ്കളാഴ്ച രാത്രി അമ്പനാകുളങ്ങരയിലും ഉണ്ടായി. ഇയാള്‍ സാധാരണരീതിയിലാണ് വസ്ത്രം ധരിച്ചിരുന്നതെങ്കിലും നാലു വീടുകളില്‍ മതില്‍ക്കെട്ടിനുള്ളില്‍ കയറുകയും ഒരു വീട്ടിലെ ജനല്‍ച്ചില്ലു പൊട്ടിക്കുകയും ചെയ്തു. ഇയാളുടെയും സി.സി.ടി.വി. ദൃശ്യം പൊലീസിനു ലഭിച്ചു.

അന്വേഷണത്തില്‍ പ്രദേശവാസിയായ യുവാവുതന്നെയാണ് ഇതെന്നു കണ്ടെത്തി. യുവാവായ ഇയാളും ലഹരിക്ക് അടിമപ്പെട്ട് ചെയ്തതാണെന്ന് എസ്.ഐ. കെ.ആര്‍. ബിജു പറഞ്ഞു. സംഭവത്തിനുശേഷം ഇയാള്‍ ഒളിവില്‍ പോയതായും തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു.