കിടങ്ങൂർ(കോട്ടയം): ബിജെപി, കേരള കോൺഗ്രസ് വിമത അംഗങ്ങൾ ചേർന്ന് കിടങ്ങൂർ പഞ്ചായത്തിൽ നടത്തിവന്ന ഭരണം അവസാനിച്ചു. ഇടതുമുന്നണി കൊണ്ടുവന്ന അവിശ്വാസം പാസായതോടെയാണിത്. അഞ്ച് വിമത ബിജെപി അംഗങ്ങളും മൂന്ന് വിമത കേരള കോൺഗ്രസ് അംഗങ്ങളും ചേർന്നതായിരുന്നു എട്ടംഗഭരണസമിതി. ഇടതു മുന്നണിക്ക് ഏഴ് അംഗങ്ങളുണ്ടായിരുന്നു.

To advertise here,

വിമത ബിജെപി അംഗമായിരുന്ന ഒമ്പതാംവാർഡ് പ്രതിനിധി കെ.ജി. വിജയൻ ഇടതുമുന്നണിക്ക് വോട്ട് ചെയ്ത‌തോടെയാണ് അവിശ്വാസം പാസായത്. വിമത ജോസഫ് ഗ്രൂപ്പ്‌ അംഗം തോമസ് മാളിയേക്കലിന് പ്രസിഡന്റ് സ്ഥാനം നഷ്ടമായി. അവിശുദ്ധ കൂട്ടുകെട്ടിനെതിരായ നീക്കമാണിതെന്ന് എൽഡിഎഫ് കൺവീനർ അശോക് കുമാർ പൂതമന പറഞ്ഞു.

വ്യാഴാഴ്ച രാവിലെയാണ് അവിശ്വാസപ്രമേയം അവതരിപ്പിച്ചത്. ഉച്ചതിരിഞ്ഞ് തനിക്കെതിരായ അവിശ്വാസം പരിഗണിക്കാനിരിക്കെ, രശ്മി രാജേഷ് വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. വിമത ബിജെപി അംഗമായിരുന്നു രശ്മി.

2023 ഓഗസ്റ്റിലാണ് ബിജെപി, കേരള കോൺഗ്രസ് അംഗങ്ങൾ ചേർന്ന് കിടങ്ങൂരിൽ ഇടതുമുന്നണിയെ പുറത്താക്കി ഭരണം പിടിച്ചത്. തുടർന്ന് ബിജെപി, കേരള കോൺഗ്രസ് അംഗങ്ങളെ ഇരുപാർട്ടികളും പുറത്താക്കിയിരുന്നു.

20 വർഷം മുമ്പ് ബിജെപിയിൽനിന്ന് പുറത്തുപോയ ആളാണ് താനെന്ന് കെ.ജി. വിജയൻ പറഞ്ഞു. പക്ഷേ, തദ്ദേശതിരഞ്ഞെടുപ്പിൽ സംവരണസീറ്റിൽ മത്സരിക്കാൻ ആരെയും കിട്ടാതെവന്നതോടെ ബിജെപി വീണ്ടും തന്നെ സമീപിക്കുകയായിരുന്നു. എന്നാലും താൻ സ്വതന്ത്രനിലപാടാണ് സ്വീകരിച്ചിരുന്നത് -വിജയൻ പറഞ്ഞു.