കൊല്ലം: ചിറക്കര ഗ്രാമപ്പഞ്ചായത്തിൽ വൈസ് പ്രസിഡന്റിനെതിരേ യു.ഡി.എഫ്. നൽകിയ അവിശ്വാസപ്രമേയം പാസായി. ചിറക്കര കുളത്തൂർക്കോണം വാർഡിൽനിന്ന്‌ സ്വതന്ത്രനായി മത്സരിച്ചുവിജയിച്ച ദേവദാസ് വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്നു പുറത്തായി. 16 അംഗങ്ങളുള്ള ഭരണസമിതിയിൽ 10 അംഗങ്ങളുടെ പിന്തുണയോടെയാണ്‌ അവിശ്വാസം പാസായത്. സി.പി.എം. വിമതനായി ജയിച്ച ദേവദാസ് എൽ.ഡി.എഫ്. പിന്തുണയോടെയാണ് വൈസ് പ്രസിഡന്റായത്.

To advertise here,

അവിശ്വാസപ്രമേയചർച്ചയിൽ പങ്കെടുത്ത എൽ.ഡി.എഫ്. അംഗങ്ങളും ദേവദാസും വോട്ടെടുപ്പിൽ പങ്കെടുക്കാതെ വിട്ടുനിന്നു. യു.ഡി.എഫിലെയും ബി.ജെ.പി.യിലെയും അംഗങ്ങൾ പ്രമേയത്തിന് അനുകൂലമായി വോട്ടുചെയ്തു. എട്ട് അംഗങ്ങൾമാത്രമുള്ള യു.ഡി.എഫിന് ബി.ജെ.പി.യുടെ എം.രതീഷും ആർ.രാഗിണിയുമാണ് പിന്തുണ നൽകിയത്.

ചാത്തന്നൂർ മണ്ഡലത്തിലെ രണ്ടാമത്തെ ഗ്രാമപ്പഞ്ചായത്താണ് ബി.ജെ.പി. പിന്തുണയോടെ കോൺഗ്രസ് ഭരണം പിടിച്ചെടുക്കുന്നത്. മാസങ്ങൾക്കുമുൻപ്‌ ബി.ജെ.പി. അംഗങ്ങളുടെ പിന്തുണയോടെ കല്ലുവാതുക്കൽ ഗ്രാമപ്പഞ്ചായത്തിലും ഭരണം കോൺഗ്രസ് പിടിച്ചെടുത്തിരുന്നു.

കഴിഞ്ഞ സാമ്പത്തികവർഷം നികുതിപിരിവിൽ വൻ കുറവ് വന്നിട്ടും അതിൽ ഇടപെടാതിരുന്നത് ധനകാര്യ സ്ഥിരംസമിതി അധ്യക്ഷൻകൂടിയായ വൈസ് പ്രസിഡന്റിന്റെ നിരുത്തരവാദപരമായ സമീപനംകൊണ്ടാണെന്ന് പ്രമേയത്തെ അനുകൂലിച്ച യു.ഡി.എഫ്. അംഗങ്ങൾ ആരോപിച്ചു.

കഴിഞ്ഞ ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന് അഞ്ചും സി.പി.ഐ.ക്ക്‌ രണ്ടും ബി.ജെ.പി.ക്ക്‌ രണ്ടും ഒരു സ്വതന്ത്രനുമായിരുന്നു ഭരണസമിതിയിലുണ്ടായിരുന്നത്. സ്വതന്ത്രന്റെ പിന്തുണയോടെ എൽ.ഡി.എഫ്. ഭരണം നിലനിർത്തുകയായിരുന്നു.

ദേവദാസിന്‌ വൈസ് പ്രസിഡന്റ് സ്ഥാനം നൽകി ആദ്യത്തെ രണ്ടരവർഷം സി.പി.ഐ.യുടെ സുശീലാദേവി പ്രസിഡന്റായി. എന്നാൽ എൽ.ഡി.എഫ്. ധാരണ അനുസരിച്ച് സുശീലാദേവി രാജിവെച്ചതിനെത്തുടർന്നുണ്ടായ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ രണ്ട് അംഗങ്ങൾ സി.പി.എം. നിർത്തിയ മിനിമോൾ ജോഷിന്‌ എതിരായി. സി.പി.എമ്മിന്റെ ഔദ്യോഗിക സ്ഥാനാർഥിക്കെതിരേ ടി.ആർ.സജില മത്സരിക്കുകയും യു.ഡി.എഫിന്റെ പിന്തുണയോടെ പ്രസിഡന്റാകുകയും ചെയ്തു.

തുടർന്നാണ് കഴിഞ്ഞ ദിവസം ഇടതുപക്ഷത്തിന്റെ പിന്തുണയുള്ള വൈസ് പ്രസിഡന്റിനെതിരേ കോൺഗ്രസ് അവിശ്വാസം കൊണ്ടുവന്നത്.