തൊടുപുഴ: ''പുറത്താക്കില്ലെന്ന ഉറപ്പ് നൽകിയശേഷം നിഷ്‌കരുണമാണ് അവരെന്നെ ജോലിയിൽനിന്നു പറഞ്ഞുവിട്ടത്. ജീവിക്കാൻ മറ്റ് മാർഗങ്ങളില്ല, എന്തുചെയ്യണമെന്ന് അറിയില്ല'' -മകൻ യുഡിഎഫ് സ്ഥാനാർഥിയെ പിന്തുണച്ചതിന്റെപേരിൽ എൽഡിഎഫ് ഭരണസമിതിയുടെ ബാങ്കിൽനിന്ന് പിരിച്ചുവിടപ്പെട്ട താത്കാലിക സ്വീപ്പറായ നിസ ഷിയാസിന്റെ വാക്കുകളിൽ ആശങ്ക.

To advertise here,

തൊടുപുഴ നഗരസഭയിലെ 21-ാം വാർഡിലെ കോൺഗ്രസ് സ്ഥാനാർഥിയായ വിഷ്ണു കോട്ടപ്പുറത്തിനായി ഇവരുടെ 16 വയസ്സുകാരൻ മകൻ പ്രചാരണത്തിനിറങ്ങിയിരുന്നു. ഡിസംബർ 28-ന്, ഈ മാസം 31 വരെ ജോലിക്ക് വന്നാൽമതിയെന്ന് കാരിക്കോട് സഹകരണ ബാങ്കിൽനിന്ന് അറിയിച്ചതായി നിസ പറയുന്നു.

എന്നാൽ, 31-ന് എത്തുമ്പോൾ ജോലി തുടർന്നുകൊള്ളാൻ പറഞ്ഞു. ആ ഉറപ്പിന് ഒരു രാത്രിയുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. ഒന്നാം തീയതി ജോലിക്കെത്തിയപ്പോൾ ഇനി വരേണ്ടതില്ലെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.

ആറുവർഷമായി താത്കാലിക സ്വീപ്പറാണ്. ഇതിൽനിന്ന് കിട്ടുന്ന 5000 രൂപയാണ് കുടുംബത്തിന്റെ ഏക വരുമാനമാർഗം. മകന്റെ വിദ്യാഭ്യാസം, തന്റെ ചികിത്സ, കുടുംബത്തിന്റെ ചെലവ് എല്ലാം മുന്നോട്ടോടിയത് ഈ ചെറിയ വരുമാനത്തിലാണ്. സിപിഎം പ്രവർത്തകനും ചുമട്ടുതൊഴിലാളിയുമായിരുന്ന ഭർത്താവ് ഷിയാസിന്റെ മരണത്തെത്തുടർന്നാണ് നിസയ്ക്ക് താത്കാലികജോലി ലഭിച്ചത്.

തിരഞ്ഞെടുപ്പിൽ, എൽഡിഎഫ് സ്വാധീനമേഖലയായ വാർഡിൽ 319 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർഥി വിജയിച്ചു. നിസയുടെ മകൻ യുഡിഎഫിനുവേണ്ടി പ്രചാരണത്തിനിറങ്ങിയത് പാർട്ടിയെ ചൊടിപ്പിച്ചിരുന്നു. നിസയെ ജോലിയിൽ തുടരാൻ അനുവദിച്ചാൽ പാർട്ടിവിടുമെന്ന് സാമൂഹികമാധ്യമത്തിലൂടെ സിപിഎമ്മിലെ ചില പ്രാദേശികപ്രവർത്തകർ ഭീഷണിയും മുഴക്കി. ഇതിനു പിന്നാലെയാണ് നടപടി.

അതിനിടെ, നിസയ്ക്ക് ജോലി കണ്ടെത്തിനൽകുമെന്ന് യുഡിഎഫ് നേതാക്കൾ അറിയിച്ചു. കൃത്യസമയത്ത് ജോലിക്കെത്താഞ്ഞതിനാലാണ് ഇവരെ പറഞ്ഞുവിട്ടതെന്നും സംഭവത്തിൽ രാഷ്ട്രീയമില്ലെന്നും കാരിക്കോട് സഹകരണ ബാങ്ക് അധികൃതർ അറിയിച്ചു.