താഴെത്തട്ടിലുള്ള ഓഫീസ് ജോലികളിൽ പകുതിയോളം നിർമിതബുദ്ധി (എഐ) ഏറ്റെടുത്തേക്കുമെന്ന ആന്ത്രോപിക് സിഇഓ ഡാരിയോ അമോദെയിയുടെ പ്രവചനം തള്ളി നൊബേൽ സമ്മാന ജേതാവായ സാമ്പത്തിക വിദഗ്ധൻ ഡാരൺ അസെമോഗ്ലു രംഗത്ത്. പല ഓഫീസ് ജോലികളുടെയും സങ്കീർണ സ്വഭാവത്തെ കുറച്ചുകാണുന്നതാണ് ഇത്തരം പ്രവചനങ്ങളെന്ന് ബിസിനസ് ഇൻസൈഡറിനോട് സംസാരിക്കവെ അസെമോഗ്ലു പറഞ്ഞു.

To advertise here,

2024-ലാണ് സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം അസെമോഗ്ലു നേടിയത്. എഐ മോഡലുകൾ അതിവേഗം പുരോഗമിക്കുന്നതിനിടയിൽ സാങ്കേതിക വിദഗ്ധർ പലപ്പോഴും കമ്പനികൾ തമ്മിലുള്ള മത്സരത്തിന്റെയും ഫണ്ട് ശേഖരണത്തെ പ്രോത്സാഹിപ്പിക്കുന്ന ഘടകങ്ങളുടെയും പ്രേരണയ്ക്ക് വിധേയരായി അവരുടെ മോഡലുകളുടെ കഴിവുകളിൽ അന്ധമായി വിശ്വസിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എഐ എക്‌സിക്യൂട്ടീവുകൾ പറയുന്നത് വിശ്വസിക്കുന്നതിന് പകരം സാമ്പത്തിക വിദഗ്ധർ പറയുന്നത് കേൾക്കാൻ മെറ്റയിലെ മുൻ മുഖ്യ എഐ ഗവേഷകൻ യാൽ ലേ കുൻ പൊതുജനങ്ങളോട് അഭ്യർഥിച്ചിരുന്നു. പിന്നാലെയാണ് അസെമോഗ്ലുവിന്റെ പ്രതികരണം വരുന്നത് എന്നതും ശ്രദ്ധേയമാണ്.

പല വൈറ്റ്-കോളർ ജോലികളും എഐക്ക് എളുപ്പത്തിൽ ഏറ്റെടുക്കാൻ കഴിയുമെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും അവയിൽ പലതും നിലവിൽ മെച്ചപ്പെട്ട അവസ്ഥയിലല്ല എന്നകാര്യം അമോദെയി അവഗണിക്കുകയാണെന്ന് അസെമോഗ്ലു ചൂണ്ടിക്കാട്ടി. കോഡിങ്, വിവർത്തനം, കസ്റ്റമർ സർവീസ് തുടങ്ങിയ ജോലികൾ ഓട്ടോമേഷന് വിധേയമാകാൻ സാധ്യതയുണ്ടെങ്കിലും അവയിൽ വ്യാഖ്യാനം, സഹാനുഭൂതി, പ്രശ്‌നപരിഹാരം തുടങ്ങിയ നിർമിതബുദ്ധിക്ക് കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുള്ള ഘടകങ്ങൾ ഉൾപ്പെടുന്നു.

അമോദെയിയുടെ ഭയപ്പെടുത്തുന്ന പ്രവചനങ്ങൾ യാഥാർഥ്യമായാൽ അതിന്റെ അനന്തരഫലങ്ങൾ ഗുരുതരമായിരിക്കുമെന്നും അസെമോഗ്ലു മുന്നറിയിപ്പ് നൽകുന്നു. 'അമേരിക്കയിലെ 20 ശതമാനം ജോലികൾ നഷ്ടപ്പെട്ടാൽ പിന്നെ ജനാധിപത്യം നിലനിൽക്കില്ല. എഐ അസമത്വം വർധിപ്പിക്കുകയും സാമൂഹിക അസ്വസ്ഥതകൾ സൃഷ്ടിക്കുകയും ചെയ്യുന്ന സാഹചര്യം മുന്നിൽക്കണ്ട് ഭരണാധികാരികളും വ്യവസായ പ്രമുഖരും പദ്ധതികൾ തയ്യാറാക്കണം.' ഓട്ടോമേഷനിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം താഴിലാളികളെ പിന്തുണയ്ക്കുന്നതിനും പരിശീലനം മെച്ചപ്പെടുത്തുന്നതിനും എഐ ഉപയോഗിക്കാമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

തൊഴിൽ വിപണിയിൽ സാങ്കേതിക വിപ്ലവം ചെലുത്താനിടയുള്ള മാറ്റങ്ങളെക്കുറിച്ച് ഡാരിയോ അമോദെയിക്ക് ഒരു ചുക്കും അറിയില്ലെന്നാണ് എഐയുടെ തലതൊട്ടപ്പന്മാരിൽ ഒരാളായ മെറ്റ മുൻ എഐ ശാസ്ത്രജ്ഞൻ യാൻ ലേകുൻ പ്രതികരിച്ചത്. ഈ വിഷയത്തിൽ എഐ കമ്പനി സിഇഓമാരടക്കം പറയുന്നത് ജനം വിശ്വസിക്കരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇതേക്കുറിച്ച് പഠിക്കാൻ അവരുടെ ജീവിതകാലം മുഴുവൻ ചെലവഴിച്ച സാമ്പത്തിക വിദഗ്ധർ പറയുന്നത് കേൾക്കണമെന്ന് അദ്ദേഹം നിർദേശിച്ചിരുന്നു.