കൊച്ചി: കുന്നത്തുനാട് മണ്ഡലത്തിൽ 554-ൽ കൂടുതൽ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് മണ്ഡലത്തിലെ നിലവിലെ എം.എൽ.എ.യായ അഡ്വ. പി.വി. ശ്രീനിജൻ. ഫെയ്‌സ്ബുക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ അവകാശവാദം. അതിലേക്ക് ഒരു പൂജ്യംകൂടി ചേരാമെന്നും (5540) പിന്നീട് അദ്ദേഹം പ്രതികരിച്ചു. മണ്ഡലത്തിൽ എൽ.ഡി.എഫ്. ഏകദേശം ആറായിരം വോട്ടുകൾക്ക് പിന്നിലാണെന്ന പാർട്ടി വിലയിരുത്തലുകളെ തള്ളിക്കൊണ്ടാണ് അദ്ദേഹം രംഗത്തെത്തിയത്.

To advertise here,

പാർട്ടിയുടെ കണക്കുകൾക്ക് വിരുദ്ധമായി, മണ്ഡലത്തിലെ തന്റെ വ്യക്തിപരമായ സ്വാധീനത്തിലും കഴിഞ്ഞ അഞ്ചുവർഷത്തെ ഭരണപരമായ സ്വാധീനത്തിലും വിശ്വാസമർപ്പിക്കുകയാണ് ശ്രീനിജൻ. 554 എന്ന കൃത്യമായ കണക്ക് ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പങ്കുവെച്ചതിനു പിന്നിലെ കാരണം വോട്ടെണ്ണൽ കഴിഞ്ഞതിനു ശേഷം വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി കണക്കുകളിൽ വരാത്ത വോട്ടുകൾ തനിക്ക് ലഭിച്ചിട്ടുണ്ട്. ആ വോട്ടുകൾ ലഭിച്ച കാര്യം തനിക്കു മാത്രമേ അറിയൂ. കോൺഗ്രസിൽനിന്നും ട്വന്റി ട്വന്റിയിൽനിന്നും വോട്ടുകൾ ലഭിച്ചു. കഴിഞ്ഞ അഞ്ചുവർഷത്തിൽ മണ്ഡലത്തിൽ നടത്തിയ വികസനപ്രവർത്തനങ്ങൾവഴി ലഭിച്ച വ്യക്തിപരമായ വോട്ടുകളും വിജയത്തിന് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എൽ.ഡി.എഫിനും യു.ഡി.എഫിനും പുറമേ ട്വന്റി-ട്വന്റിയുടെകൂടി ബലത്തിൽ എൻ.ഡി.എ.യ്ക്കും വലിയ വേരോട്ടമുള്ള മണ്ണാണ് കുന്നത്തുനാടിന്റേത്. ട്വന്റി ട്വന്റിക്കായി അടൂർ മുനിസിപ്പാലിറ്റി മുൻ ചെയർമാൻ ബാബു ദിവാകരനാണ് മത്സരിക്കുന്നത്. സീറ്റ് തിരിച്ചുപിടിക്കാനാവുമെന്ന പ്രതീക്ഷയിൽ വി.പി. സജീന്ദ്രനെയാണ് യു.ഡി.എഫ്. മണ്ഡലത്തിൽ രംഗത്തിറക്കിയത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ എട്ട് തദ്ദേശ സ്ഥാപനങ്ങളിൽ നാലിടത്ത് യു.ഡി.എഫും നാലിടത്ത് ട്വന്റി ട്വന്റിയുമാണ് ഭരണം.