മലപ്പുറം: ഇടതുപക്ഷത്തോടൊപ്പം നെഞ്ചുറപ്പോടെ മുന്നോട്ടു കുതിക്കുമെന്നും ചെങ്കൊടി വിട്ടൊരു രാഷ്ട്രീയം ഇനിയില്ലെന്നും മുൻ മന്ത്രിയും എംഎൽഎയുമായിരുന്ന കെ.ടി. ജലീൽ. പാർട്ടി തെറ്റുകൾ തിരുത്തുമെന്നും നേതാക്കളും പ്രവർത്തകരും പിശകുകളെ മറികടക്കുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു.

To advertise here,

Also Read: ലീഗ് തിരിച്ചു വിളിച്ചാൽ പോകാൻ തയ്യാറാണെന്ന് കെ.ടി. ജലീൽ പറഞ്ഞാേ | Fact Check

ചുവപ്പിനെ പ്രണയിച്ച് ശക്തമായിത്തന്നെ പൊതുരംഗത്ത് തുടരുമെന്നും ഫെയ്‌സ്ബുക്ക് കുറിപ്പിൽ അദ്ദേഹം പറഞ്ഞു. സാമൂഹികമാധ്യമങ്ങളിൽ താനുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നതെല്ലാം അസംബന്ധങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി. ലീഗ് വിളിച്ചാൽ തിരികെ പോകാൻ തയ്യാറാണെന്ന് കെ.ടി. ജലീൽ പറഞ്ഞു എന്ന രീതിയിലുള്ള ചില പോസ്റ്റുകളാണ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നത്. എന്നാൽ, ഇത്തരം പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.

ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പിൽ തവനൂരിൽനിന്ന് എൽഡിഎഫ് സ്ഥാനാർഥിയായി വീണ്ടും മത്സരിച്ച കെ.ടി. ജലീൽ പരാജയപ്പെട്ടിരുന്നു. ആദ്യം മത്സരിക്കാനില്ലെന്ന് പറഞ്ഞ അദ്ദേഹം തുടർച്ചയായ നാലാംതവണയാണ് മണ്ഡലത്തിൽനിന്ന് ജനവിധി തേടിയത്. എന്നാൽ, യുഡിഎഫിലെ വി.എസ്. ജോയിയോട് 14647 വോട്ടിന് തോറ്റു.

കെ.ടി. ജലീലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്...

ഇടതുപക്ഷത്തോടൊപ്പം നെഞ്ചുറപ്പോടെ മുന്നോട്ടു കുതിക്കും. തല പോയാലും വിശ്വസിച്ചവരെ വഞ്ചിക്കില്ല. സുഖത്തിലും ദു:ഖത്തിലും കൂടെയുണ്ടാകും. ജയ-പരാജയങ്ങളിൽ കട്ടക്ക് നിൽക്കും.

അവസാനം വരെ പഴശ്ശിക്കൊപ്പം നിന്ന ഉണ്ണിമൂസയുടെയും അത്തൻകുരിക്കളുടെയും പിൻമുറക്കാരൻ സഖാവ് പിണറായിക്കും പാർട്ടിക്കും പിന്നിൽ അടിയുറച്ചു മുന്നേറും.

കുറ്റങ്ങളും കുറവുകളും മനുഷ്യസഹജം. പാർട്ടി തെറ്റുകൾ തിരുത്തും. നേതാക്കളും പ്രവർത്തകരും പിശകുകളെ മറികടക്കും. ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേറ്റ് മതനിരപേക്ഷതക്ക് കാവലിരിക്കും. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതകളെ ചെറുത്ത് തോൽപിക്കും.

സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഞാനുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കപ്പെടുന്നതെല്ലാം അസംബന്ധങ്ങൾ. ചെങ്കൊടി വിട്ടൊരു രാഷ്ട്രീയം ഇനിയില്ല. ചുവപ്പിനെ പ്രണയിച്ച് ശക്തമായി പൊതുരംഗത്ത് തുടരും. ലാൽസലാം.