തിരുവനന്തപുരം: കെ.എസ്.ഇ.ബി.യുടെ മുൻകാല നഷ്ടമായ അയ്യായിരംകോടി രൂപയോളം ഈടാക്കാൻ നാലുവർഷം സർച്ചാർജ് ചുമത്തും.

To advertise here,

വൈദ്യുതി നിരക്കിനു പുറമേ യൂണിറ്റിന് നിശ്ചിത പൈസ നിരക്കിലായിരിക്കും സർച്ചാർജ്. നഷ്ടം നികത്താനുള്ള ശുപാർശ സമർപ്പിക്കാൻ കെ.എസ്.ഇ.ബി.ക്ക്‌ റെഗുലേറ്ററി കമ്മിഷൻ നിർദേശം നൽകി. സുപ്രീംകോടതി ഉത്തരവ് പ്രകാരമാണ് നഷ്ടം ഈടാക്കുന്നത്.

നിലവിലെ വൈദ്യുതിനിരക്കിന് ഈ വർഷം മാർച്ച് 31 വരെയാണ് പ്രാബല്യം. ഏപ്രിൽ ഒന്നുമുതൽ നിരക്ക് പുതുക്കണം. ഇതിനുള്ള അപേക്ഷ നവംബറിൽ കെ.എസ്.ഇ.ബി. റെഗുലേറ്ററി കമ്മിഷന് നൽകണം. ഇതോടൊപ്പം മുൻകാല നഷ്ടം നികത്താനുള്ള നിർദേശവും സമർപ്പിക്കണം.

കെ.എസ്.ഇ.ബി.യുടെ നഷ്ടം വൈദ്യുതി നിരക്ക് വർധിപ്പിച്ചാണ് നികത്താറ്. 2024 മാർച്ച് 31വരെയുള്ള കണക്കിൽ നികത്തിനൽകാത്ത 6645 കോടി രൂപയുടെ നഷ്ടം ശേഷിക്കുന്നുണ്ട്. നഷ്ടം മുഴുവൻ ഈടാക്കാൻ അനുവദിച്ചാൽ വൈദ്യുതിനിരക്ക് അമിതമായി കൂടുമെന്നതിനാൽ റെഗുലേറ്ററി കമ്മിഷനുകൾ തീരുമാനമെടുക്കാതെ മാറ്റിവെച്ചതാണിത്.

2024 വരെയുള്ള കണക്കിൽ 6645 കോടിരൂപയാണ് നഷ്ടമെങ്കിലും ഇതിൽ കുറച്ച് ഇതിനകം കെ.എസ്.ഇ.ബി.ക്ക്‌ ഈടാക്കാനായിട്ടുണ്ട്. ശേഷിക്കുന്നത് എത്രയെന്ന് കെ.എസ്.ഇ.ബി. കണക്കാക്കി അറിയിക്കും.

കുറഞ്ഞത് അയ്യായിരം കോടിയെങ്കിലും വരുമെന്നാണ് കണക്കാക്കുന്നത്. ഇത് നാലുവർഷം നാല് തുല്യതവണകളായി കിട്ടുംവിധം സർച്ചാർജ് തീരുമാനിക്കുകയാണ് റെഗുലേറ്ററി കമ്മിഷന്റെ ചുമതല.

ഫലത്തിൽ നിരക്കുവർധനതന്നെ

ഈ വർഷം ഏപ്രിൽ ഒന്നുമുതൽ 2032 മാർച്ച് വരെയുള്ള അഞ്ചുവർഷം വൈദ്യുതിനിരക്ക് നിശ്ചയിക്കാനുള്ള മാനദണ്ഡങ്ങളുടെ കരട് റെഗുലേറ്ററി കമ്മിഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഭോക്താക്കളുടെ അഭിപ്രായംകൂടി സ്വീകരിച്ച് ഇത് അന്തിമമാക്കും. പകൽ വൈദ്യുതിനിരക്ക് ഇനിയും കുറയ്ക്കാനാണ് ശുപാർശ. ഇപ്പോൾ പത്തുശതമാനമാണ് ഇളവ്. രാത്രിയിലെ വൈദ്യുതി നിരക്ക് കൂടും.

പകലും രാത്രിയിലുമുള്ള ഉപഭോഗം പ്രത്യേകം കണക്കാക്കാനുള്ള ടൈം ഓഫ് ദി ഡേ മീറ്റർ വ്യാപകമാക്കും. വീടുകൾക്ക് കാര്യമായതോതിൽ നിരക്ക് വർധിക്കില്ലെന്നാണ് സൂചന. നാലുവർഷവും തുടർച്ചയായി സർച്ചാർജ് നൽകേണ്ടിവരുന്നത് നിരക്ക് കൂടുന്നതിന് തുല്യമാവും.

സർച്ചാർജ് പലതരം

ഓരോ മാസവും റെഗുലേറ്ററി കമ്മിഷൻ അനുവദിച്ചതിനെക്കാൾ വൈദ്യുതി വാങ്ങൽച്ചെലവ് കൂടിയാൽ അടുത്ത മാസങ്ങളിൽ വ്യത്യാസം വരുന്ന തുക സർച്ചാർജായി ഈടാക്കാറുണ്ട്.

യൂണിറ്റിന് മാസം പരമാവധി പത്തുപൈസയാണ് കെ.എസ്.ഇ.ബി.ക്ക് ഇത്തരത്തിൽ ചുമത്താവുന്നത്. മുൻകാല നഷ്ടം നികത്താൻ ചുമത്തുന്നത് റെഗുലേറ്ററി കമ്മിഷന്റെ അനുമതിയോടെയുള്ള പ്രത്യേക സർച്ചാർജാണ്.