മിച്ചവൈദ്യുതി മാത്രമേ പുറത്തേക്ക് വില്ക്കാവൂ എന്ന് വ്യവസായികൾ സർക്കാരിനോട് ആവശ്യപ്പെട്ടു

ചണ്ഡീഗഢ്: കേരളത്തിന് വൈദ്യുതി നൽകിത്തുടങ്ങിയതോടെ പ്രതിസന്ധിയിലായി ഹിമാചൽ പ്രദേശിലെ വ്യവസായങ്ങൾ. എല്ലാ ദിവസവും പീക്ക് സമയത്ത് 600 മെഗാവാട്ട് വൈദ്യുതിയാണ് ഒക്ടോബർ ഒന്ന് മുതൽ ഹിമാചൽ പ്രദേശ് കേരളത്തിന് നൽകുന്നത്. എന്നാൽ ഇത് ഹിമാചലിലെ പ്രധാന വ്യവസായമേഖലയായ ബദ്ദി-ബറോട്ടിവാല-നാലാഗഢിൽ (ബി.ബി.എൻ) രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്കാണ് വഴി തുറന്നത്. ഏഷ്യയിലെ ഏറ്റവും വലിയ മരുന്ന് നിർമാണ ഹബ്ബുകളിലൊന്നായ സോളൻ ജില്ലയിലെ ഈ വ്യവസായമേഖലയിൽ കഴിഞ്ഞ രണ്ടാഴ്ചയായി അപ്രഖ്യാപിത വൈദ്യുതിമുടക്കവും പതിവായി. ഇത് ഉത്പാദനത്തെ ഗുരുതരമായി ബാധിക്കുന്നതായി വ്യവസായ സംഘടനകൾ അറിയിച്ചു.
ഒക്ടോബർ ഒന്നു മുതൽ 31 വരെ കേരളത്തിന് പ്രതിദിനം 600 മെഗാവാട്ട് വൈദ്യുതി വിൽക്കാനാണ് ഹിമാചൽ പ്രദേശ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള ഈ നീക്കത്തിനിടെ, സ്വന്തം സംസ്ഥാനത്തെ വ്യവസായങ്ങൾക്ക് ആവശ്യമായ വൈദ്യുതി ഉറപ്പാക്കുന്നതിൽ സർക്കാർ വീഴ്ചവരുത്തിയെന്ന് ബദ്ദി-ബറോട്ടിവാല- നാലാഗഢ് ഇൻഡസ്ട്രീസ് അസോസിയേഷൻ (ബി.ബി.എൻ.ഐ.എ) ആരോപിച്ചു. പ്രതിദിനം 50 മുതൽ 70 മെഗാവാട്ട് വരെ വൈദ്യുതിക്കുറവാണ് വ്യവസായമേഖലയിൽ അനുഭവപ്പെടുന്നതെന്ന് മുഖ്യമന്ത്രി സുഖ്വിന്ദർ സിങ് സുഖുവിന് അയച്ച കത്തിൽ അസോസിയേഷൻ ചൂണ്ടിക്കാട്ടി.
Don’t Miss: ഹിമാചലിൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതി നേരെ കേരളത്തിലെത്തുന്നത് എങ്ങനെ? കൗതുകകരമായ ആ യാത്ര ഇങ്ങനെ
ഉത്പാദനത്തിനിടെ വൈദ്യുതി മുടങ്ങുന്നത് യന്ത്രങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാനും നിർമാണത്തിലിരിക്കുന്ന ഉത്പന്നങ്ങളുടെ ബാച്ചുകൾ നശിക്കാനും കാരണമാകും. ഇതിന് പുറമെ ഓർഡറുകൾ നഷ്ടപ്പെടുക, കരാർപ്രകാരമുള്ള പിഴകൾ നൽകേണ്ടിവരിക, ഉപഭോക്താക്കളുടെ വിശ്വാസം നഷ്ടപ്പെടുക തുടങ്ങിയ പ്രത്യാഘാതങ്ങളും നേരിടേണ്ടിവരുന്നുണ്ടെന്നാണ് അസോസിയേഷന്റെ പരാതി.
വൈദ്യുതി വിൽപ്പനയിലൂടെ കൂടുതൽ വരുമാനം നേടാനുള്ള സർക്കാരിന്റെ നീക്കത്തെ പൂർണമായി എതിർക്കുന്നില്ലെന്ന് അസോസിയേഷൻ വ്യക്തമാക്കി. എന്നാൽ സംസ്ഥാനത്തെ ആവശ്യങ്ങൾക്കു ശേഷമുള്ള മിച്ചവൈദ്യുതി മാത്രമേ പുറത്തേക്ക് വിൽക്കാവൂ. പ്രാദേശിക വ്യവസായങ്ങൾക്ക് ആവശ്യമായ വൈദ്യുതി ലഭിക്കാതെ വരുമ്പോൾ പുറത്തേക്ക് വൈദ്യുതി നൽകുന്നതിലെ മുൻഗണനാക്രമം പുനഃപരിശോധിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
പീക്ക് സമയത്ത് കടുത്ത വൈദ്യുതി പ്രതിസന്ധിയും പ്രഖ്യാപിതവും അപ്രഖ്യാപിതവുമായ പവർകട്ടുകളും നേരിട്ട കേരളത്തിന് ആശ്വാസമായാണ് ഹിമാചലിൽ നിന്ന് വൈദ്യുതി എത്തിയത്. ഉയർന്ന വിലയ്ക്ക് വാങ്ങുന്ന ഹിമാചൽ വൈദ്യുതി എത്തിയതോടെയാണ് സംസ്ഥാനത്തെ പവർ കട്ട് ഒഴിവായത്. ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങാൻ സെപ്റ്റംബർ ആദ്യം തന്നെ ശ്രമം നടന്നിരുന്നെങ്കിലും വില കൂടുതലായതിനാൽ വേണ്ടെന്നുവെക്കുകയായിരുന്നു. എന്നാൽ വൈദ്യുതി നിയന്ത്രണത്തിനെതിരെ ജനരോഷം കടുത്തതോടെ തീരുമാനം മാറ്റുകയായിരുന്നു.
Also Read: യൂണിറ്റിന് 14.5 രൂപ, ഹിമാചൽ വൈദ്യുതിയെത്തി; നിയന്ത്രണം ഒഴിവായി
ഒക്ടോബറിൽ 28 കോടി യൂണിറ്റാണ് ഹിമാചൽ പവർ കോർപ്പറേഷനിൽനിന്ന് കേരളം വാങ്ങുന്നത്. കേരളത്തിൽ വൈദ്യുതി ആവശ്യകത ഉയർന്ന രാത്രിയിൽ 800 മെഗാവാട്ട് വരെ ലഭിക്കും. കെഎസ്ഇബി ഡയറക്ടർമാർ ഹിമാചലിലെത്തി ചർച്ചനടത്തിയതിന്റെ അടിസ്ഥാനത്തിലാണ് കരാർ യാഥാർഥ്യമായത്. വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ അനുവാദം വാങ്ങാതെയാണ് കെഎസ്ഇബി ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങിത്തുടങ്ങിയത്. അടിയന്തര സാഹചര്യമായതിനാൽ വൈദ്യുതി വാങ്ങിത്തുടങ്ങി പത്തുദിവസത്തിനകം കമ്മിഷനെ സമീപിച്ചാൽ മതിയെന്നായിരുന്നു കെഎസ്ഇബിയുടെ നിലപാട്.
Content Highlights: Industries in Himachal Pradesh, including Asia's major pharma hub in Solan, face severe power shortages after the state government began supplying 600 MW of peak-hour electricity daily to Kerala at ₹14.50 per unit.
Published: 14 Oct 2026, 12:45 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented