കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ അപകടക്കേസിലെ പ്രതികൾക്ക് മദ്യം നൽകിയ മൂന്ന് ബാറുകളുടെ ലൈസൻസ് എക്സൈസ് വകുപ്പ് സസ്‌പെൻഡ് ചെയ്തു. 19-കാരനായ പ്രധാന പ്രതി സുഹൈൽ സജീവിനും സംഘത്തിനും മദ്യം വിളമ്പിയതിനാണ് എക്സൈസ് വകുപ്പ് അബ്കാരി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് കടുത്ത നടപടി സ്വീകരിച്ചിരിക്കുന്നത്. കടവന്തറയിലെ ദയ ബാർ, പാലാരിവട്ടത്തെ മൺസൂൺ എംപ്രസ്സ് ബാർ, നെടുമ്പാശ്ശേരിയിലെ മാരിയറ്റ് ഹോട്ടൽ ബാർ എന്നിവയ്ക്കെതിരേയാണ് നടപടി.

To advertise here,

കേരള അബ്കാരി ആക്ട് സെക്ഷൻ 15 ബി പ്രകാരം 23 വയസ്സിൽ താഴെയുള്ള വ്യക്തികൾക്ക് മദ്യം നൽകാൻ പാടില്ല. സുഹൈലും കൂട്ടുകാരും ഈ മൂന്ന് ബാറുകളിൽനിന്നും മദ്യപിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ്, നിയമലംഘനം നടത്തിയ ബാറുകൾക്കെതിരെ അബ്കാരി ആക്ട് സെക്ഷൻ 26 ബി പ്രകാരം ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്ന നടപടികളിലേക്ക് എക്സൈസ് വകുപ്പ് കടന്നതും ഉത്തരവിറക്കിയതും.

ഈ ബാറുകൾക്ക് എക്സൈസ് വകുപ്പ് കാരണംകാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. 15 ദിവസത്തിനകം തൃപ്തികരമായ മറുപടി നൽകിയില്ലെങ്കിൽ, ഇപ്പോൾ സസ്‌പെൻഡ് ചെയ്ത നടപടി ബാറുകളുടെ ലൈസൻസ് ക്യാൻസൽ ചെയ്യുന്നതിലേക്ക് മാറുമെന്ന് എക്സൈസ് വകുപ്പിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നു.

കേസിലെ പ്രതികളെ സഹായിക്കുകയാണെന്ന ആരോപണം എക്സൈസ് മന്ത്രി എം. ലിജു നിയമസഭയിൽ നിഷേധിച്ചിരുന്നു. കേസിൽ ആവശ്യമായ എല്ലാ നിയമനടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മാരിയറ്റ് ഉൾപ്പെടെയുള്ള പ്രമുഖ ഹോട്ടൽ ബാറുകൾ അടക്കം മൂന്ന് സ്ഥാപനങ്ങൾക്കെതിരെ എക്സൈസ് വകുപ്പ് കർശന നടപടിയെടുത്തത്.