തിരുവനന്തപുരം: സാംസ്കാരിക സ്ഥാപനങ്ങളുടെ ചുമതല സർക്കാരിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുക മാത്രമല്ല, ജനങ്ങളുടെ സാംസ്കാരികവും കലാപരവുമായ അവകാശങ്ങൾ സംരക്ഷിക്കുക കൂടിയാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രിയും കെ.പി.സി.സി. പ്രസിഡന്റുമായ സണ്ണി ജോസഫ് പറഞ്ഞു. കലയും സംസ്കാരവും രാഷ്ട്രീയ നിയന്ത്രണങ്ങൾക്കതീതമായി സ്വതന്ത്രമായി നിലനിൽക്കണം. സർക്കാരിന്റെ പ്രവർത്തനങ്ങളെ ക്രിയാത്മകമായി വിമർശിക്കാൻ സാംസ്കാരിക പ്രവർത്തകർക്ക് സ്വാതന്ത്ര്യമുണ്ടാകണം. കേരളത്തിന്റെ നഷ്ടപ്പെട്ട സാംസ്കാരിക തനിമ വീണ്ടെടുക്കാൻ പുതിയ സാംസ്കാരിക നേതൃത്വത്തിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. സംസ്കാരസാഹിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സംസ്ഥാന പ്രൊഫഷണൽ നാടകോത്സവത്തിന്റെ ഭാഗമായി വിവിധ അക്കാദമികളുടെ ഭാരവാഹികൾക്കുള്ള ആദരവും സാംസ്‌കാരിക സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

നാടകം കേവലം വിനോദോപാധിയല്ലെന്നും സമൂഹത്തോട് ചോദ്യങ്ങൾ ഉന്നയിക്കുകയും മാറ്റത്തിനായുള്ള ചിന്തകൾക്ക് വഴിയൊരുക്കുകയും ചെയ്യുന്ന കലാരൂപമാണെന്നും സി. ആർ. മഹേഷ് എം.എൽ.എ. പറഞ്ഞു. കലയും സാഹിത്യവും സാമൂഹിക മാറ്റത്തിന്റെ പ്രധാന ഉപാധികളാണെന്നും പുതിയ തലമുറയിലേക്ക് ആശയങ്ങൾ കൈമാറുന്നതിൽ കലാകാരന്മാർക്ക് നിർണായക പങ്കുണ്ടെന്നും എ. ഡി. തോമസ് എം.എൽ.എ. അഭിപ്രായപ്പെട്ടു.

രാഷ്ട്രീയ, മത, വർഗ വ്യത്യാസങ്ങൾക്കതീതമായി എല്ലാ കലാകാരന്മാർക്കും സാംസ്കാരിക സ്ഥാപനങ്ങളിൽ ഇടമുണ്ടാകണമെന്ന് കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എൻ. വി. പ്രദീപ്കുമാർ പറഞ്ഞു. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കലാകാരന്മാർക്ക് കൂടുതൽ പിന്തുണയും പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും ഉറപ്പാക്കണമെന്ന് കേരള സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ എം. രഞ്ജിത്ത് അഭിപ്രായപ്പെട്ടു. കലാകാരന്മാരുടെ ക്ഷേമത്തിനും ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും മുൻഗണന നൽകണമെന്ന് കേരള സംഗീത നാടക അക്കാദമി ചെയർമാൻ ജി. വേണുഗോപാൽ സർക്കാരിനോട് അഭ്യർത്ഥിച്ചു.

നാടക കലാകാരന്മാർക്ക് സിനിമയിലും അവസരങ്ങൾ ലഭിക്കണമെന്നും ചലച്ചിത്രമേളകൾ ഉൾപ്പെടെയുള്ള പരിപാടികളിലൂടെ സാംസ്കാരിക പ്രവർത്തനങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കണമെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ രവീന്ദ്രൻ പറഞ്ഞു. കേരളത്തിന്റെ സാംസ്കാരിക പരിണാമം അടയാളപ്പെടുത്തുന്ന ചിത്ര-ശിൽപ ശേഖരം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രദർശിപ്പിക്കാൻ പദ്ധതിയുണ്ടെന്ന് കേരള ലളിതകലാ അക്കാദമി ചെയർമാൻ പ്രകാശ് മൂർത്തി അറിയിച്ചു.

ചടങ്ങിൽ കേരള സംഗീത നാടക അക്കാദമി ചെയർമാൻ ജി. വേണുഗോപാൽ, കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ രവീന്ദ്രൻ, കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ (കെ.എസ്.എഫ്.ഡി.സി.) ചെയർമാൻ പ്രേംകുമാർ, കേരള ലളിതകലാ അക്കാദമി ചെയർമാൻ പ്രകാശ് മൂർത്തി, കേരള സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ രഞ്ജിത്ത്, കേരള സംഗീത നാടക അക്കാദമി വൈസ് ചെയർമാൻ ഹേമന്ത് കുമാർ, കെ.എസ്.എഫ്.ഡി.സി. വൈസ് ചെയർമാൻ ആലപ്പി അഷറഫ്, കേരള ലളിതകലാ അക്കാദമി വൈസ് ചെയർമാൻ ടി. ആർ. ഉദയകുമാർ, കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എൻ.വി. പ്രദീപ്കുമാർ, കേരള ലളിതകലാ അക്കാദമി സെക്രട്ടറി എ. കെ. ഷിബു, കേരള ഫോക്‌ലോർ അക്കാദമി വൈസ് ചെയർമാൻ ശ്രീരാമൻ കൊയ്യോൻ ചടങ്ങിൽ എന്നിവരെ ആദരിച്ചു. കെ. കെ. രമ എം.എൽ.എയും പങ്കെടുത്തു. സംസ്കാര സാഹിതി ജില്ലാ ട്രഷറർ അഡ്വ. ഷിജുലാൽ, ജില്ലാ സെക്രട്ടറി എം ആർ മീര എന്നിവരും സംസാരിച്ചു.

കലാകാരന്മാരെയും ആസ്വാദകരെയും ഒരുമിപ്പിക്കുകയും സാംസ്കാരിക മേഖല കൂടുതൽ ജനാധിപത്യപരവും സജീവവുമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് നാടകോത്സവം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വർഷം ആരംഭിച്ച മത്സരങ്ങൾ വരും വർഷങ്ങളിൽ കൂടുതൽ വിപുലീകരിക്കുമെന്നും സംഘാടകർ അറിയിച്ചു.

ചടങ്ങുകൾക്കുശേഷം രാത്രി കോഴിക്കോട് സങ്കീർത്തന അവതരിപ്പിച്ച ‘ശ്വാസം’ നാടകം അരങ്ങേറി. ഒക്ടോബർ 14 വരെ നീളുന്ന നാടകോത്സവത്തിന്റെ ഭാഗമായി തുടർന്നുള്ള ദിവസങ്ങളിലും വിവിധ കലാ-സാംസ്കാരിക പരിപാടികളും നാടകാവതരണങ്ങളും നടക്കും