
കൊച്ചി: സമൂഹികാരോഗ്യ സംരക്ഷണ മേഖലയിൽ നിർണായക പങ്കുവഹിക്കുന്ന ആശാ പ്രവർത്തകരുടെ സേവനങ്ങളെ ആദരിക്കുന്നതിനായുള്ള മുത്തൂറ്റ് ഫിനാൻസിൻ്റെ ആശാ ശക്തി പദ്ധതി സംസ്ഥാന ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു.
സമൂഹത്തിനാകെ മാതൃകയാക്കാവുന്ന ഇത്തരമൊരു പദ്ധതിയുമായി മുന്നോട്ട് വന്ന മുത്തൂറ്റ് ഫിനാൻസിനെ പ്രത്യേകം അഭിനന്ദിക്കുന്നതായി മന്ത്രി പറഞ്ഞു. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളാണ് മൂത്തൂറ്റ് ഫിനാൻസ് നടത്തുന്നത്. സമൂഹത്തിൻ്റെ താഴെ തട്ടിൽ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ആശാ പ്രവർത്തകരെ ആദരിക്കുന്നത് അവരിൽ വലിയ ആത്മവിശ്വാസവും തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജവും നൽകും. ആശമാരെ ചേർത്ത് പിടിക്കാൻ എല്ലാവരും മുന്നോട്ട് വരണമെന്നും മന്ത്രി പറഞ്ഞു.
പദ്ധതിയുടെ ആദ്യഘട്ടത്തിനായി 30 ലക്ഷം രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. നാഷണൽ ഹെൽത്ത് മിഷന്റെ (എൻ.എച്ച്.എം) കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 60 വയസും അതിനു മുകളിലും പ്രായമുള്ള 239 ആശാ പ്രവർത്തകരെയാണ് ആദ്യഘട്ടത്തിൽ ആദരിച്ചത്. ഓരോരുത്തർക്കും 10,000 രൂപയും ഉപഹാരവും നൽകി. എറണാകുളം ജില്ലയിൽ നിന്നാണ് പദ്ധതിക്ക് തുടക്കമാകുന്നത്.
പാലാരിവട്ടത്തെ മുത്തൂറ്റ് ഫിനാൻസിൻ്റെ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഉമ തോമസ് എംഎൽഎ, മുത്തൂറ്റ് ഫിനാൻസ് എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ ജോർജ് അലക്സാണ്ടർ മുത്തൂറ്റ്, ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർമാരായ ജോർജ് എം. ജോർജ്, ജോർജ് എം ജേക്കബ്, വിപിഎസ് ലേക്ഷോർ ആശുപത്രിയിലെ ഓങ്കോളജിസ്റ്റ് ഡോ. ചിത്രത്താര, ഡിഎംഒ ഡോ.ആർ. ഷഹീർഷാ, എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഹനീഷ് എംഎം, കോർപ്പറേഷൻ കൗൺസിലർ ഷിബി സോമൻ എന്നിവർ പങ്കെടുത്തു.
ആശാ പ്രവർത്തകർ രാജ്യത്തെ സാമൂഹിക ആരോഗ്യസംരക്ഷണ സംവിധാനത്തിലെ അവിഭാജ്യ ഘടകമാണെന്നും വർഷങ്ങളായി നടത്തുന്ന അർപ്പണ ബോധത്തോടെയുള്ള സേവനം വഴി നിരവധി കുടുംബങ്ങളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും വലിയ സംഭാവനയാണ് നൽകുന്നതെന്നും മുത്തൂറ്റ് ഫിനാൻസ് എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ ജോർജ് അലക്സാണ്ടർ മുത്തൂറ്റ് പറഞ്ഞു. ആശാ ശക്തിയിലൂടെ വർഷങ്ങളായി ഇവർ നടത്തിവരുന്ന വിലമതിക്കാനാവാത്ത സംഭാവനകളെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുകയാണ് ലക്ഷ്യം. സമൂഹിക സേവനത്തിനായി ജീവിതത്തിൻ്റെ വലിയൊരു ഭാഗം സമർപ്പിച്ച ഇവർക്ക് പ്രത്യേക പരിഗണനയാണ് നൽകുന്നത്. ആശാ പ്രവർത്തകരുടെ അർപ്പണബോധത്തോടെയുള്ള നിസ്വാർഥ സേവനത്തിന് ഞങ്ങൾ ഹൃദയപൂർവം നന്ദി അറിയിക്കുന്നു. നമ്മുടെ സമൂഹത്തിൽ അവർ വഹിക്കുന്ന നിർണായക പങ്കിനോടുള്ള ആദരസൂചകമായി ഈ സംരംഭം മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആശാ പ്രവർത്തകരുടെ സേവനവും സമർപ്പണവും അംഗീകരിക്കുന്നതിനൊപ്പം അർഥവത്തായ സാമൂഹിക പ്രതിബദ്ധതാ പ്രവർത്തനങ്ങളിലൂടെ സാമൂഹികക്ഷേമം ശക്തിപ്പെടുത്താനും ആശാ ശക്തിയിലൂടെ മുത്തൂറ്റ് ഫിനാൻസ് ലക്ഷ്യമിടുന്നുണ്ട്. അടിസ്ഥാനതലത്തിൽ സമൂഹത്തിന് ഗുണകരമായ മാറ്റങ്ങൾ സൃഷ്ടിക്കുന്നവരെ പിന്തുണയ്ക്കുന്നതിനും ആരോഗ്യകരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ സമൂഹം കെട്ടിപ്പടുക്കുന്നതിനുമുള്ള കമ്പനിയുടെ തുടർച്ചയായ പ്രവർത്തനങ്ങളുടെ ഭാഗമാണ് ഈ പദ്ധതി.
Published: 20 Nov 2026, 07:19 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented