
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ പരസ്യപ്രതികരണവുമായി രംഗത്തെത്തിയ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ നടപടിയെ തള്ളാതെയും കൊള്ളാതെയും കെപിസിസി അധ്യക്ഷനും മന്ത്രിയുമായ സണ്ണി ജോസഫ്. അടൂർ പ്രകാശ് എഐസിസിക്ക് പരാതി നൽകുമെന്ന് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തെ ചുമതലയിൽ നിയോഗിച്ചത് എഐസിസിയാണ്. അവർ പരാതികളിൽ നടപടിയെടുക്കട്ടെയെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് താൻ പരസ്യപ്രതികരണത്തിനില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.
യുഡിഎഫ് കൺവീനറെന്ന നിലയിൽ താനുമായി കൂടിയാലോചനകൾ നടത്താതെയാണ് തീരുമാനങ്ങളെടുക്കുന്നതെന്നായിരുന്നു അടൂർ പ്രകാശ് ഉന്നയിച്ച പ്രധാന പരാതി. യുഡിഎഫിന്റെ പല തീരുമാനങ്ങളും മാധ്യമങ്ങളിലൂടെയാണ് അറിയുന്നത്. മുന്നണി ചെയർമാനെന്ന നിലയിൽ മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിക്കേണ്ടിയിരുന്നതെന്നും അടൂർ പ്രകാശ് കഴിഞ്ഞ ദിവസം കെപിസിസി ആസ്ഥാനത്ത് വാർത്താസമ്മേളനം നടത്തി പറയുകയുണ്ടായി. മുഖ്യമന്ത്രിക്കെതിരെ കെപിസിസി ആസ്ഥാനത്ത് വാർത്താസമ്മേളനം നടത്തിയത് ഒരു പ്രശ്‌നമായി കാണേണ്ടതില്ലെന്നാണ് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞത്.
അടൂർ പ്രകാശിന്റെ പ്രതികരണത്തെ അനുകൂലിച്ചും പ്രതികൂലിച്ചും കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. പരാതികൾ പറയാൻ പാർട്ടി വേദികളുണ്ടെന്നും പരസ്യപ്രസ്താവനകൾ ഒഴിവാക്കണമെന്നും ഭൂരിഭാഗം നേതാക്കളും ആവശ്യപ്പെട്ടു. അതേസമയം അടൂർ പ്രകാശ് പറഞ്ഞ കാര്യങ്ങൾ തള്ളിക്കളയാനാകില്ലെന്നും അദ്ദേഹം ഒരു സീനിയർ നേതാവാണെന്നും മഹിളാ കോൺഗ്രസ് അധ്യക്ഷ ജെബി മേത്തർ പ്രതികരിച്ചു. കെപിസിസി എക്‌സിക്യുട്ടീവ് വിളിക്കണമെന്നാവശ്യപ്പെട്ട് താനും കത്ത് നൽകിയിട്ടുണ്ടെന്ന് ജെബി മേത്തർ അറിയിച്ചു.
അതേസമയം പാർട്ടിക്കുള്ളിലാണ് ഇത്തരം പ്രതികരണങ്ങൾ നടത്തേണ്ടതെന്ന് വിവിധ മന്ത്രിമാർ പ്രതികരിച്ചു. ഇതിനിടെ മുഖ്യമന്ത്രി വി.ഡി.സതീശനെ പിന്തുണച്ചുകൊണ്ട് മന്ത്രി കെ.മുരളീധരൻ രംഗത്തെത്തി. മുഖ്യമന്ത്രി അറിയിക്കേണ്ട കാര്യങ്ങൾ തന്നെ അറിയിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം അടൂർ പ്രകാശിന്റെ നീക്കത്തിന് പിന്നിൽ കെ.സി.വേണുഗോപാലാണെന്ന ആരോപണം മന്ത്രി എ.പി.അനിൽകുമാർ തള്ളി. കേരളത്തിൽ എന്ത് അഭിപ്രായ ഭിന്നതകൾ ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ പേര് വലിച്ചിഴക്കുന്നത് ബാലിശമാണെന്ന് അനിൽകുമാർ പറഞ്ഞു.
വിമർശനചേരിയിൽ ഇപ്പോൾ താൻ ഒറ്റയ്ക്കാണെന്നും ആരുടെയും പിന്തുണ തേടിയിട്ടില്ലെന്നും അടൂർ പ്രകാശും പ്രതികരിച്ചു. അനുഭവങ്ങളുടെ വെളിച്ചത്തിലാണ് തന്റെ പ്രതികരണമെന്നും എഐസിസി നേതൃത്വത്തോട് പരാതിപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: UDF Convener Adoor Prakash publicly expressed discontent regarding Chief Minister VD Satheesan., KPCC President Sunny Joseph stated that Adoor Prakash has approached the AICC with his grievances., Leader reactions are divided, with some calling for party discipline while others support reviewing the grievances., Adoor Prakash clarified that he stands alone in his criticism and has not sought support.
Published: 02 Oct 2026, 11:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented