
തൃശ്ശൂർ: ഭരണാധികാരികളും മാധ്യമങ്ങളുമടക്കം ആരും വിമർശനങ്ങൾക്ക് അതീതരല്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. വിമർശനങ്ങളുടെ അടിസ്ഥാനത്തിൽ തിരുത്തലുകൾ ഉണ്ടായില്ലെങ്കിൽ വ്യക്തികൾ തെറ്റായ വഴിയിലേക്ക് നയിക്കപ്പെടുമെന്നും സമൂഹത്തെ ശരിയായ പാതയിലേക്ക് നയിക്കുന്നതിൽ മാധ്യമങ്ങൾക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. തൃശ്ശൂരിൽ കെയുഡബ്ല്യുജെ സുവർണജൂബിലി ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മുഖ്യമന്ത്രിയേയും സർക്കാരിനേയും രാഷ്ട്രീയ നേതാക്കളേയും മാധ്യമങ്ങൾ വിമർശിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, നിലവിൽ ചില മാധ്യമങ്ങൾ ധാർമിക മര്യാദകൾ പാലിക്കാതെ തരംതാഴ്ന്ന രീതിയിലാണ് പ്രവർത്തിക്കുന്നതെന്ന് വിമർശിച്ച മുഖ്യമന്ത്രി, മാന്യതയില്ലാത്തതും അനഭിലഷണീയവുമായ ഇത്തരം ശൈലികൾ മാധ്യമപ്രവർത്തനത്തിന് അനുയോജ്യമല്ലെന്നും അഭിപ്രായപ്പെട്ടു.
ഉത്തരവാദിത്തങ്ങളിൽ നിന്ന് വ്യതിചലിക്കുന്നവർക്കെതിരെ ക്രിയാത്മകമായ വിമർശനങ്ങൾ അനിവാര്യമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 'ആരും വിമർശനത്തിന് അതീതരല്ല. വിമർശനം ഇല്ലെങ്കിൽ ഞാനടക്കം എല്ലാവരും ചീത്തയായി പോകും; അതിനാൽ വിമർശനം അത്യാവശ്യമാണ്. തെറ്റായ വഴികളിലൂടെയാണ് യാത്ര ചെയ്യുന്നതെങ്കിൽ, ഇതാണ് ശരിയായ വഴി എന്ന് ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്വവും കടമയും മാധ്യമങ്ങൾക്കുണ്ട്.' അദ്ദേഹം പറഞ്ഞു.
'എന്നാൽ, ആ കടമ നിർവഹിക്കേണ്ട ചിലർ കേരളത്തിൽ അൺഎത്തിക്കലായ മാധ്യമപ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. യാതൊരുവിധ പ്രൊഫഷണൽ മര്യാദയോ മാന്യതയോ ഇല്ലാതെ എന്തും പറയാവുന്ന തരത്തിലുള്ള മാധ്യമപ്രവർത്തനമാണ് ചിലർ നടത്തുന്നത്. അവർക്ക് അതേ കഴിയൂ, എന്നാൽ അവരുടെ വഴിയേ, പാരമ്പര്യമുള്ള കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ പോകരുത്.' മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ചിലകാര്യങ്ങൾ പറയുന്നത് മാധ്യമങ്ങളുടെ ഭാഗത്തുനിന്നും ക്രിയാത്മകമായ ചർച്ചകൾ ഉണ്ടാകാൻ വേണ്ടിയാണെന്നും വി.ഡി. സതീശൻ പറഞ്ഞു. 'ചില കാര്യങ്ങൾ ചർച്ച ചെയ്യാൻ വേണ്ടി തന്നെയാണ് പറയുന്നത്, അത് മനപൂർവമാണ്. വിമർശനമല്ല പ്രശ്‌നം, പക്ഷേ ഹീനമായ, തരംതാണ രീതിയിൽ ചർച്ചകൾ കൊണ്ടുപോയി അതാണ് ശരി എന്നുവരുത്തിത്തീർക്കുന്നത് ശരിയായ പ്രവണതയല്ല. അതാണ് ശരിയായ മാധ്യമപ്രവർത്തനമെന്ന് വളരുന്ന തലമുറയെക്കൂടി തെറ്റിദ്ധരിപ്പിക്കുകയാണ് അവർ ചെയ്യുന്നത്. അതിൽ മാറ്റമുണ്ടാകണം.' അദ്ദേഹം പറഞ്ഞു.
Content Highlights: Chief Minister V.D. Satheesan emphasized that no one, including leaders and media, is above criticism, and media plays a crucial role in guiding society on the right path. He criticized some media outlets for lacking ethical standards and professionalism, urging them to avoid degrading practices and maintain integrity in journalism.
Published: 26 Sept 2026, 08:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented