കോഴിക്കോട്: ആരോരുമില്ലാത്തവർക്ക് ആരുണ്ട് എന്ന ചോദ്യത്തിന് ഒരു കൂട്ടം ജെൻസി കുട്ടികൾ ഉണ്ടെന്ന മറുപടി അധികമാരും പ്രതീക്ഷിക്കില്ല. എന്നാൽ ആരോരുമില്ലാത്ത കുരുന്നുകൾക്ക് വീടുകളും പോറ്റാൻ അമ്മയെയും കാര്യങ്ങൾ നോക്കി നടത്താൻ സഹോദരങ്ങളെയും നൽകി ഞെട്ടിച്ചിരിക്കുകയാണ് ഒരുകൂട്ടം യുവതീയുവാക്കൾ. അവരുടെ കൂട്ടായ്മയായ റൈസ് അപ് ഫോറമാണ് സംരക്ഷിക്കാൻ ആരുമില്ലാത്ത കുട്ടികൾക്കായി ഒരു കുടുംബത്തിന്റെ അതേ മാതൃകയിൽ വീടുകളൊരുക്കിയത്.

To advertise here,

കാലിക്കറ്റ് സർവ്വകലാശാലയ്ക്കടുത്ത് തേഞ്ഞിപ്പാലത്ത് സ്ഥലം വാങ്ങിയാണ് ആദ്യ റൈസ് അപ് ഹോം(റൂഹ്)പണിതത്. ഏഴുകുട്ടികളാണ് അവിടെയുള്ളത്. അവരെ കാത്തിരിക്കാനും സ്‌നേഹത്തോടെ മാമൂട്ടാനും ശാന്തകുമാരി എന്ന അമ്മയുണ്ട്. പരിഭവങ്ങൾ കേൾക്കാനും കുഞ്ഞു വാശികൾക്ക് കൂട്ടു നിൽക്കാനും സംഘടനാ ഭാരവാഹികൾ കൂടിയായ വൈഷ്ണവി,പുണ്യ,ഹർഷിത എന്നീ ചേച്ചിമാരുണ്ട്. കളിച്ചും ചിരിച്ചും കൂട്ടുകൂടാനും പിണങ്ങാനും സഹോദരങ്ങളുണ്ട്. അവർ ഒരു സാധാരണ കുടുംബം പോലെ കഴിയുന്നു. അയൽക്കാരുമായും സമൂഹവുമായും ഏതൊരു കുട്ടിയേയും പോലെ ഇടപെട്ടു വളരുന്നു.

കോഴിക്കോട് ഫറോക്കിൽ വാടകയേക്കടുത്താണ് രണ്ടാമത്തെ റൂഹ് ഒരുക്കിയത്. ----കുട്ടികളാണ് അവിടെയുള്ളത്. അവർക്ക് കരതലുമായി അജിതയെന്ന അമ്മയും ജെസ്‌ന,രേവതി എന്നീ ചേച്ചിമാരുമുണ്ട്. ക്രൗഡ് ഫണ്ടിങ്ങിലൂടെയും ആക്രി ശേഖരിച്ച് വിറ്റും പണമുണ്ടാക്കിയാണ് ഈ ജെൻസി കുട്ടികൾ സ്ഥലം വാങ്ങി വീടുവെച്ചത്. ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ ഒറ്റയ്ക്കായിപ്പോയ അമ്മമാരാണ് സ്വന്തം ഇഷ്ടപ്രകാരം റൂഹിൽ ഇവർക്കൊപ്പം ചേർന്നത്.

2018-ലെ പ്രളയ കാലത്ത് സന്നദ്ധപ്രവർത്തനങ്ങൾക്കായി എവിടെ നിന്നൊക്കെയോ എത്തിയ ചെറുപ്പക്കാരുടെ ഒരു കൂട്ടായ്മയാണ് റൈസ് അപ് ഫോറമായി വളർന്നത്. പിന്നീടും അവർ പലയിടത്തും സന്നദ്ധപ്രവർത്തനം നടത്തി. അപ്പോൾ ഒരു കാര്യം തിരിച്ചറിഞ്ഞു. എല്ലാ ദുരന്തമുഖങ്ങളിലും ഏറെ ഒറ്റപ്പെടുന്നത് കുട്ടികളാണ്. അതിനൊരു പരിഹാരം എന്ന ചിന്തയാണ് റൂഹ് മോഡൽ വീടിലേക്കെത്തിയത്.

ഒറ്റപ്പെട്ടു പോകുന്ന കുട്ടികളെ താമസിപ്പിക്കാൻ ഓർഫനേജുകളുണ്ട്. അവിടെ കുട്ടികൾക്ക് ഭക്ഷണവും വസ്ത്രവും വിദ്യാഭ്യാസവുമൊക്കെ കിട്ടും പക്ഷെ, കുട്ടികൾക്ക് അത്യവശ്യമായ വൈകാരികമ പിന്തുണയോ സ്‌നേഹമോ കിട്ടില്ല. ഒരു കുടുംബത്തിൽ കിട്ടുന്നതെല്ലാം നൽകി കുട്ടികളെ ഉത്തമ പൗരൻമാരായി വളർത്തുകയാണ് ലക്ഷ്യം-സംഘടനയുടെ ബോർഡ് അംഗം കൂടിയായ വൈഷ്ണവി പറയുന്നു.

ചെൽഡ് വെൽഫെയർ കമ്മിറ്റി(സിഡബ്ല്യുസി) വിവിധ പ്രശ്‌നങ്ങളിൽ നിന്ന് രക്ഷപ്പെടുത്തിയ കുട്ടികളും ഓർഫനേജുകളിൽ നിന്ന് മാറ്റിയ കുട്ടികളുമാണ് ഇവിടെയുള്ളത്. സിഡബ്ല്യുസിയുടെ നിർദേശങ്ങൾ പാലിച്ചാണ് പ്രവർത്തനം. ആറു വയസ് മുതൽ 18 വയസുവരെയാണ് ഇവിടെ കുട്ടികളെ പരിപാലിക്കുക.

ഇവിടെയെത്തുമ്പോൾ പല കുട്ടികൾക്കും അരക്ഷിതാവസ്ഥയും ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടായിരുന്നു. എന്നാൽ ഓരോ കുട്ടിക്കും വേണ്ട പോഷക ക്രമവും ചികിത്സയും നൽകി റൂഹ് അവരെ ചേർത്തു പിടിച്ചു-ഇൻസ്റ്റിറ്റിയൂഷൻ മേധാവി കൂടിയാ പുണ്യ പറയുന്നു. രാവിലെ കുട്ടികളെ നീന്തൽ പഠിക്കാൻ കൊണ്ടുപോകും. സ്‌കൂളിൽ പോയിവന്ന ശേഷം കളിക്കാൻ സമയമുണ്ട്. ആറു മുതലാണ് പഠനം. ഓരോരുത്തരേയും പ്രത്യേകം ഇരുത്തി പഠിപ്പിക്കും. ജെൻഡർ ന്യൂട്രൽ മാതൃകയാണ് റൂഹിന്റെ മറ്റൊരു ഹൈലൈറ്റ്. ഇവിടെ ആൺകുട്ടികളും പെൺകുട്ടികളും സഹോദരങ്ങളായി വളരുന്നു. സഹതാപത്തിന്റെ പേരിലല്ലാതെ ഇവരുടെ പ്രവർത്തനങ്ങൾ അറിഞ്ഞ് സഹായിക്കുന്ന ഒരു വലിയ കൂട്ടം വളണ്ടിയർമാരാണ് റൂഹിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോവുന്നത്.