കോഴിക്കോട്: ശമ്പളവർധന ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരം തുടരുന്ന സാഹചര്യത്തിൽ, മിക്ക ആശുപത്രികളുടെയും പ്രവർത്തനം ഏറക്കുറെ നിലച്ചു. പല ആശുപത്രികളും വാർഡുകളിലുള്ള രോഗികളെ ഡിസ്ചാർജ് ചെയ്തു. കിടത്തിച്ചികിത്സയ്ക്കായി രോഗികളെ പ്രവേശിപ്പിക്കുന്നില്ല. അടിയന്തര ചികിത്സാവിഭാഗങ്ങൾ മാത്രമാണ് മിക്ക ആശുപത്രികളിലും പ്രവർത്തിക്കുന്നത്. അവിടെയും ഏതാനും നഴ്സുമാർമാത്രമാണ് ഡ്യൂട്ടിക്കുള്ളത്. ആശുപത്രികളിൽ ഒ.പി. തടസ്സമില്ലാതെ പ്രവർത്തിച്ചെങ്കിലും ചികിത്സയ്‌ക്കെത്തിയവർ കുറവായിരുന്നു. നഴ്സുമാർ ചെയ്തിരുന്ന ചില സേവനങ്ങൾ ഡോക്ടർമാർതന്നെ ചെയ്യേണ്ട സാഹചര്യവും ഉണ്ടായി.

To advertise here,

മിക്ക ആശുപത്രികളിലും ശസ്ത്രക്രിയകൾ മാറ്റിവെച്ചു. ഐ.സി.യു. സേവനത്തെപ്പോലും സമരം ബാധിച്ചതായി മേയ്ത്ര ആശുപത്രി അധികൃതർ പറഞ്ഞു. ശസ്ത്രക്രിയ കഴിഞ്ഞുംമറ്റും ഐ.സി.യു.വിലുണ്ടായിരുന്ന രോഗികളിൽ ഗുരുതര പ്രശ്‌നങ്ങളില്ലാത്തവരെയും ഡിസ്ചാർജ് ചെയ്തു. വിരലിലെണ്ണാവുന്ന നഴ്സുമാർമാത്രമാണ് ജോലിക്ക് ഹാജരായത്.

ബേബി മെമ്മോറിയൽ ആശുപത്രിയിൽ ഐ.സി.യു. ഉൾപ്പെടെയുള്ള അവശ്യസേവനങ്ങൾ മാത്രമാണ് പ്രവർത്തിക്കുന്നത്. കാഷ്വാലിറ്റി പ്രവർത്തനം തടസ്സപ്പെട്ടനിലയിലാണ്. ഡോക്ടർമാരും ഏതാനും നഴ്‌സിങ് സ്റ്റുഡന്റ്സും മാത്രമാണ് ഇവിടെയുള്ളത്.

എമർജൻസി വിഭാഗത്തിലെത്തുന്ന രോഗികളെപ്പോലും പ്രവേശിപ്പിക്കാനാവാത്ത സ്ഥിതിയാണെന്ന് ആസ്റ്റർ മിംസ് അധികൃതർ പറഞ്ഞു. അടിയന്തരവിഭാഗങ്ങൾ മാത്രമാണ് പ്രവർത്തിച്ചത്. ഒ.പി. തടസ്സമില്ലാതെ നടന്നു. ഗുരുതരപ്രശ്‌നങ്ങളില്ലാത്ത രോഗികളെയെല്ലാം ഡിസ്ചാർജ് ചെയ്തു. കീമോതെറാപ്പി ഉൾപ്പെടെ മുടങ്ങിയിരിക്കുകയാണെന്നും അധികൃതർ പറഞ്ഞു. 450 പേരെ കിടത്തിച്ചികിത്സിക്കാൻ സൗകര്യമുള്ള ആശുപത്രിയിൽ ഇപ്പോൾ 70 പേർ മാത്രമാണുള്ളത്. ഇഖ്റ ആശുപത്രിയിലും എമർജൻസി, ക്രിട്ടിക്കൽ കെയർ, ലേബർ റൂം തുടങ്ങിയ അടിയന്തരവിഭാഗങ്ങൾ മാത്രമാണ് പ്രവർത്തിച്ചതെന്ന് അധികൃതർ പറഞ്ഞു. പുതുതായി രോഗികളെ പ്രവേശിപ്പിക്കുന്നില്ല.

സ്റ്റാർകെയർ ആശുപത്രിയിൽ ചൊവ്വാഴ്ച മുതലാണ് നഴ്സുമാർ സമരം തുടങ്ങിയത്. കുറച്ചുപേർ സമരത്തിൽ പങ്കെടുത്തെങ്കിലും ബാക്കിയുള്ളവർ ഡ്യൂട്ടിക്കെത്തിയതിനാൽ എല്ലാ വിഭാഗങ്ങളും പ്രവർത്തിച്ചു. എന്നാൽ, ബുധനാഴ്ചമുതൽ അടിയന്തര വിഭാഗങ്ങളിലൊഴികെ സേവനം ഉണ്ടായിരിക്കില്ലെന്ന് നഴ്സുമാർ മാനേജ്മെന്റിനെ അറിയിച്ചിട്ടുണ്ട്. ഫാത്തിമ ആശുപത്രിയിൽ മൂന്നിലൊന്ന് നഴ്സുമാർ ജോലിക്ക് ഹാജരായി. അടിയന്തരവിഭാഗങ്ങൾ പ്രവർത്തിച്ചു. മലബാർ ആശുപത്രിയിലും ഐ.സി.യു. ഉൾപ്പെടെ അടിയന്തര സേവനങ്ങളുണ്ടായി.

അവസാന ആശ്രയം എന്നനിലയിലാണ് സമരരംഗത്തേക്കിറങ്ങിയതെന്നും രോഗികളെ മാറ്റാനും ഡിസ്ചാർജ് ചെയ്യാനും ആവശ്യത്തിന് സമയം നൽകിയശേഷമാണ് സമരം തുടങ്ങിയതെന്നും നഴ്സുമാർ പറഞ്ഞു. ഇപ്പോൾ പൂർണമായും സമരത്തിലാണ്.

സമരത്തെ അനുകൂലിക്കാത്തവരും മാനേജ്മെന്റ് ഡെയ്ലിവേജസിലും മറ്റും നിയമിച്ചവരുമാണ് ഇപ്പോൾ ഡ്യൂട്ടിചെയ്യുന്നത്. നഴ്സിങ് സ്റ്റുഡന്റ്സിനെപ്പോലും ഇത്തരത്തിൽ നിയമിക്കുന്ന പ്രവണത തെറ്റാണെന്നും ഇവർ പറഞ്ഞു.

സമരം തുടർന്ന് നഴ്‌സുമാർ

കോഴിക്കോട്: ശമ്പളവർധനയാവശ്യപ്പെട്ട് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ (യു.എൻ.എ.) നേതൃത്വത്തിൽ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ നടത്തുന്ന അനിശ്ചിതകാലസമരം തുടരുന്നു. സിവിൽസ്റ്റേഷനുമുൻപിൽ രാവിലെമുതൽ വൈകീട്ടുവരെയാണ് സമരം നടന്നത്. നഴ്സുമാർ ഏറെയും സമരത്തിനിറങ്ങിയതോടെ പല സ്വകാര്യ ആശുപത്രികളിലും സേവനങ്ങൾ മുടങ്ങി. അടിസ്ഥാനശമ്പളം 40,000 രൂപയാക്കണമെന്നാണ് ആവശ്യം. നിലവിൽ 22,400 രൂപയാണ് നഴ്സുമാരുടെ അടിസ്ഥാനശമ്പളം.

സമരത്തെ പിന്തുണച്ചതിന്റെ പേരിൽ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് പിരിച്ചുവിട്ടവരെ തിരിച്ചെടുക്കില്ലെന്നാണ് മാനേജ്മെന്റിന്റെ നിലവിലെ തീരുമാനം. ആശുപത്രിക്കെതിരായി നഴ്സുമാർ 'സ്പൈ വർക്ക്' നടത്തിയെന്നാണ് അവർ നടത്തുന്ന ആരോപണം.

17 രോഗികൾക്ക് ഒരു നഴ്സ് എന്ന കണക്കിന് പരിചരിച്ചുകൊണ്ടിരുന്നപ്പോഴാണ് മുന്നറിയിപ്പൊന്നുമില്ലാതെ പിരിച്ചുവിട്ടതെന്നും നഴ്സുമാരോടുമാത്രമല്ല രോഗികളോടും മാനേജ്മെന്റ് ഉത്തരവാദിത്വം കാണിക്കുന്നില്ലെന്നും നഴ്സുമാർ പറഞ്ഞു.

നിലവിൽ ആശുപത്രിയിൽ ജോലിചെയ്തുകൊണ്ടിരിക്കുന്ന നഴ്സുമാരെ ജോലിസമ്മർദം കൂട്ടി പീഡിപ്പിക്കുകയാണെന്നും കുറ്റപ്പെടുത്തി. ഹോസ്റ്റലിൽനിന്ന് പുറത്താക്കിയവരെ തിരിച്ചുകയറ്റിയെങ്കിലും ചൊവ്വാഴ്ച രാവിലെമുതൽ ഭക്ഷണം നൽകിയില്ലെന്ന് യു.എൻ.എ. കാലിക്കറ്റ് യൂണിറ്റ് ട്രഷറർ നീനു അറിയിച്ചു. മാനേജ്മെന്റ് ഭക്ഷണമുണ്ടാക്കേണ്ടെന്നു പറഞ്ഞെന്നാണ് വിവരം. വിഷയം ചർച്ചചെയ്യാനും തീരുമാനമായിട്ടില്ല. അവകാശപ്പെട്ട നീതി നേടിയെടുത്തശേഷംമാത്രമേ തിരിച്ച് ജോലിക്ക് കയറൂ എന്ന് നഴ്സുമാർ അറിയിച്ചു.

രാവിലെ പത്തരയോടെ സിവിൽസ്റ്റേഷനുമുൻപിലെത്തിയ നഴ്‌സുമാർ ഗേറ്റിനുമുൻപിലിരുന്ന് മുദ്രാവാക്യം വിളിച്ചു. തുടർന്ന് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ആർ.എം.പി.ഐ. പ്രവർത്തകർ ജാഥയായെത്തി. ചില ആശുപത്രികളിൽ നഴ്‌സുമാർ അതതിടത്തുതന്നെ പണിമുടക്കി സമരം നടത്തി.