കണ്ണൂർ: ശമ്പള കരാറിൽ മാനേജ്‌മെന്റ് ഒപ്പുവെച്ചതോടെ രണ്ടുമാസം നീണ്ട കൊയിലി ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം അവസാനിച്ചു. ഇന്ത്യൻ നഴ്സസ് അസോസിയേഷന്റെ (ഐ.എൻ.എ.) നേതൃത്വത്തിൽ മിനിമം വേതനം ഉൾപ്പടെ ആവശ്യപ്പെട്ടായിരുന്നു സമരം.

To advertise here,

വേതന വർധനവ് സംബന്ധിച്ച് കൊയിലി ആശുപത്രി ഉൾപ്പെടെ കണ്ണൂർ നഗരത്തിലെ ആറ് സ്വകാര്യ ആശുപത്രികളിൽ കഴിഞ്ഞ രണ്ട് മാസമായി നഴ്‌സുമാർ ശക്തമായ സമരം നടത്തിവരികയായിരുന്നു. മറ്റ് അഞ്ച് ആശുപത്രികളിലും നടന്ന സമരം ഒത്തുതീർപ്പായെങ്കിലും കൊയിലി ആശുപത്രി മാനേജ്മെന്റ് മാത്രം കരാറിൽ ഒപ്പിടാൻ തയ്യാറായിരുന്നില്ല.

ഇതോടെ സമാനതകളില്ലാത്ത സമരത്തിനാണ് കൊയിലി ആശുപത്രി സാക്ഷ്യംവഹിച്ചത്. ഒത്തുതീർപ്പ് ധാരണയിൽ കൊയിലി ആശുപത്രി പ്രതിനിധികൾ ഒപ്പുവെക്കാത്തതിനെ തുടർന്ന്, മെഡിക്കൽ സൂപ്രണ്ട് ഡോ. പി.കെ. ഗംഗാധരനെ നഴ്‌സുമാർ തടയാൻ ശ്രമിച്ചതോടെ ബുധനാഴ്ച സംഘർഷമുണ്ടായിരുന്നു.

പിന്നീട് ഡോ. വി. സുരേഷിന്റെ ഒ.പി. നഴ്‌സുമാർ ഉപരോധിച്ചു. സമരത്തിന്റെ 61-ാം ദിവസമാണ് നാടകീയരംഗങ്ങളുണ്ടായത്. രാവിലെ മുതൽ അധികൃതരുമായി ചർച്ച നടക്കുന്നുണ്ടെങ്കിലും വൈകീട്ടോടെയാണ് മാനേജ്മെന്റ് ഒത്തുതീർപ്പിന് തയ്യാറായത്. വ്യാഴാഴ്ച ആശുപത്രി അധികൃതർ ഒത്തുതീർപ്പ് ധാരണയിൽ ഒപ്പിടുമെന്ന ഉറപ്പിൽ ആറരയോടെ ഉപരോധം അവസാനിപ്പിക്കുകയായിരുന്നു.

തുടർന്ന്, വ്യാഴാഴ്ച കരാറിൽ ആശുപത്രി അധികൃതർ ഒപ്പിട്ടതോടെയാണ് നഴ്‌സുമാർ സമരം അവസാനിപ്പിച്ചത്. ആവശ്യങ്ങളെല്ലാം മാനേജ്‌മെന്റ് അംഗീകരിച്ചതായും പിന്തുണ നൽകിയവർക്കെല്ലാം നന്ദി അറിയിക്കുന്നതായും നഴ്‌സുമാർ പ്രതികരിച്ചു.