കോട്ടയം: മാസപ്പടി വാങ്ങാൻ ബാറുകൾ കയറിയിറങ്ങിയ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണറെ പിടികൂടാൻ വലവിരിച്ച് എക്സൈസ് കമ്മിഷണർ. കോട്ടയം ഡെപ്യൂട്ടി കമ്മിഷണർ എസ്. അശോക് കുമാറാണ്‌ കുടുങ്ങിയത്‌. വകുപ്പിലെ കൈക്കൂലിക്കാരെ പിടികൂടാൻ കമ്മിഷണർ സീറാം സാംബശിവറാവുതന്നെ നേരിട്ടിറങ്ങുകയായിരുന്നു.

To advertise here,

ഡെപ്യൂട്ടി കമ്മിഷണർ മാസപ്പടി വാങ്ങുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സീറാം സാംബശിവറാവു അഡീഷണൽ കമ്മിഷണർ ആർ. ജയശങ്കറിന്റെകൂടെ രഹസ്യമായി രണ്ടുദിവസം മുൻപ്‌ കോട്ടയത്തെത്തിയത്. ഒരു ബാർ ഹോട്ടലിൽത്തന്നെ മുറിയെടുത്തു താമസിച്ചു. എക്സൈസ് വിജിലൻസ് എസ്.പി.യെയും ചങ്ങനാശ്ശേരി റേഞ്ചിലെ രണ്ട് ഉദ്യോഗസ്ഥരെയും കൂടെക്കൂട്ടി. മദ്യശാലകൾക്ക് അവധിയായ വെള്ളിയാഴ്ച ചില ബാറുകളിൽ വേഷംമാറിയെത്തി കമ്മിഷണർ മദ്യം വാങ്ങിയതായും വിവരമുണ്ട്.

ബാറുകൾ കയറിയിറങ്ങി നേരിട്ട് വിവരങ്ങൾ ശേഖരിച്ചു.

ശനിയാഴ്ച പുലർച്ചെ രണ്ടു മണിയോടെ അശോക് കുമാറിന്റെ ചങ്ങനാശ്ശേരിയിലുള്ള വീട്ടിലെത്തി പരിശോധന നടത്തി. ഫോണുകളും രേഖകളും പിടിച്ചെടുത്തു. മാസപ്പടി വാങ്ങിയതിന്റെ രേഖകളും കണ്ടെത്തിയിട്ടുണ്ട്. വീട്ടിൽ പണം കണ്ടെത്തിയെങ്കിലും കൂടുതൽവിവരം പുറത്തുവന്നിട്ടില്ല. എക്സൈസ് ഉദ്യോഗസ്ഥർക്ക് പണം പിരിച്ചുനൽകുന്ന ചങ്ങനാശ്ശേരിയിലെ ബാർ ഉടമയുടെ വീട്ടിലും പരിശോധന നടത്തി. മൊബൈൽ ഫോണും പിടിച്ചെടുത്തിട്ടുണ്ട്. െഡപ്യൂട്ടി കമ്മിഷണറെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി കൂടുതൽ വിവരം തേടിയിട്ടുണ്ട്. ഗുരുതരമായ കൃത്യവിലോപം നടന്നതായാണ് കമ്മിഷണറുടെ പരിശോധനയിലെ കണ്ടെത്തൽ. വകുപ്പുതല നടപടിയുണ്ടാകുമെന്നാണ് വിവരം.

ആരോപണ വിധേയനായ ഡെപ്യൂട്ടി കമ്മിഷണർക്കെതിരേ നേരത്തേയും വകുപ്പുതല നടപടിയുണ്ടായിട്ടുണ്ട്. പരിശോധന സംബന്ധിച്ച റിപ്പോർട്ട് മന്ത്രി എം. ലിജുവിന് കമ്മിഷണർ കൈമാറി.