കോട്ടയം: ബാറുകളിൽനിന്ന് മാസപ്പടി കൈപ്പറ്റിയകേസിൽ അന്വേഷണസംഘത്തിന് വിവരം കൈമാറുമെന്ന ഭയത്തിൽ എക്സൈസ് ഉദ്യോഗസ്ഥയെ കൈക്കൂലിക്കേസിൽ കുടുക്കാൻ സഹപ്രവർത്തകരായ ഉദ്യോഗസ്ഥരുടെ ശ്രമം. ഉദ്യോഗസ്ഥയുടെ പരാതിയിൽ അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ അന്വേഷണം ആരംഭിച്ച് ജീവനക്കാരിയുടെയും ആരോപണവിധേയരായ സഹപ്രവർത്തകരുടെയും മൊഴിയെടുത്തു. ഇതോടെയാണ് പരാതി പിൻവലിപ്പിക്കാൻ ജീവനക്കാരിക്കുമേൽ സഹപ്രവർത്തകരുടെ സമ്മർദവും ഭീഷണിയും ഉണ്ടായത്.

To advertise here,

ചങ്ങനാശ്ശേരിയിലെ സിവിൽ എക്സൈസ് ഓഫീസറായ ജീവനക്കാരിക്കെതിരേയാണ് ‘സംഘടിത’ നീക്കം. എക്സൈസ് ഡെപ്യൂട്ടി കമ്മിഷണറടക്കം നാല് ഉദ്യോഗസ്ഥർ സസ്പെൻഷനിലായ മാസപ്പടിക്കേസിൽ വിവരം നൽകുമെന്ന് ജീവനക്കാരി പറഞ്ഞതാണ് സഹപ്രവർത്തകരെ ചൊടിപ്പിച്ചതും കൈക്കൂലികേസിൽ കുടുക്കാൻ നീക്കം നടത്തിയതും.

സംഭവമിങ്ങനെ: പതിവുപോലെ ഓഫീസിലെത്തിയ ഉദ്യോഗസ്ഥയ്ക്ക് മേശപ്പുറത്ത് കമ്പ്യൂട്ടർ കീ ബോർഡിന് അടിയിൽനിന്ന് ആയിരം രൂപ ഒരാൾ എടുത്തുനൽകി. ഈ സമയം സംഘടനാ നേതാവടക്കം മൂന്ന് ഉദ്യോഗസ്ഥർ ഓഫീസിലുണ്ടായിരുന്നു. ഇത് ആരുടെ പണമാണെന്ന് ഉദ്യോഗസ്ഥ ഉറക്കെ ചോദിച്ചതോടെ “നീ കൈക്കൂലി വാങ്ങിയതാ”ണെന്നായിരുന്നു ആരോപണവിധേയരായ സഹപ്രവർത്തകരുടെ മറുപടി. ഇതോടെ ഇവരും ഉദ്യോഗസ്ഥയും തമ്മിൽ വാക്കുതർക്കമായി.

കരഞ്ഞുനിലവിളിച്ച ഉദ്യോഗസ്ഥ ഉടൻ മേലുദ്യോഗസ്ഥനെ വിളിച്ച് സംഭവം അറിയിച്ചു. താൻ ട്രാൻസ്ഫറായെന്നും പുതിയതായിവരുന്ന ഇൻസ്പെക്ടറോട് പറഞ്ഞാൽ മതിയെന്നും പറഞ്ഞ് ഫോൺ കട്ടാക്കി. ഇതോടെ ഡ്യൂട്ടിക്കാരനായ ഉദ്യോഗസ്ഥൻ ആയിരംരൂപ ഉദ്യോഗസ്ഥയുടെ പേരിൽ ക്യാഷ്ബുക്കിൽ എഴുതി. ഈ ഉദ്യോഗസ്ഥൻ ഓഫീസിലെത്തിയപ്പോൾ 23 രൂപ മാത്രമേ ഉള്ളൂ എന്നാണ് നേരത്തെ ബുക്കിൽ രേഖപ്പെടുത്തിയിരുന്നത്. തുടർന്ന് അന്നുതന്നെ ഉദ്യോഗസ്ഥ വാങ്ങിയതാണെന്ന് പറഞ്ഞ് ഈ പണം ഉപയോഗിച്ച് ഓഫീസിലെ ടെലിഫോൺ ബില്ലടച്ചു. രണ്ട് തുകയും രണ്ടുതരം മഷി ഉപയോഗിച്ചാണ് എഴുതിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. തന്നെ ബോധപൂർവം കുടുക്കാനുള്ള നീക്കമാണെന്ന് തിരിച്ചറിഞ്ഞ ഉദ്യോഗസ്ഥ കമ്മിഷണർക്കും ഡെപ്യൂട്ടി കമ്മിഷണർക്കും പരാതി അയച്ചു. തുടർന്ന് അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ അന്വേഷണത്തിന് ഓഫീസിലെത്തിയപ്പോൾ പണം കിട്ടിയില്ലെന്ന മൊഴിയാണ് ഉദ്യോഗസ്ഥർ നൽകിയത്.

ആരോപണവിധേയനായ ഭരണാനുകൂല സംഘടനാ നേതാവിനെതിരേ നേരത്തെയും അരോപണമുയർന്നിട്ടുള്ളതാണ്. സംഭവം വിവാദമായതോടെ അന്വേഷണ ഉദ്യോഗസ്ഥനെ സമ്മർദ്ദത്തിലാക്കി തുടർനടപടി തടസ്സപ്പെടുത്തിയിരിക്കുകയാണ്. പരാതിയിൽ ഉറച്ചുനിൽക്കാനാണ് ഉദ്യോഗസ്ഥയുടെ തീരുമാനം.