കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കരയിൽ നീലേശ്വരത്ത് ടിപ്പർ ലോറി ബസ് സ്റ്റാൻഡിലേക്ക് ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കൗശിക് എന്ന വിദ്യാർഥിയെ തിരുവനന്തപുരത്ത് എത്തിച്ചു. കൊല്ലം മെഡിസിറ്റി ആശുപത്രിയിൽ നിന്ന് കൗശികിനെ തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയിലേക്കാണ് മാറ്റിയത്.
കുട്ടിയുടെ രക്ഷിതാക്കളുടെ ഭാഗത്തുനിന്നുള്ള അഭ്യർത്ഥന മാനിച്ചാണ് കൗശികിനെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത് എന്ന് അധികൃതർ വ്യക്തമാക്കി. ആശുപത്രിയിൽ എത്തിയ മന്ത്രിമാരായ പി.സി. വിഷ്ണുനാഥിനോടും ബിന്ദു കൃഷ്ണയോടും കൗശികിന്റെ മാതാപിതാക്കൾ അറിയിച്ചിരുന്നു.
വേണ്ട സൗകര്യങ്ങൾ ചെയ്യാമെന്ന് മന്ത്രിമാർ വാഗ്ദാനം നൽകിയതിന് പിന്നാലെയാണ് കുട്ടിയെ തിരുവനന്തപുരത്തേക്ക് മാറ്റാനുള്ള നടപടികൾ ഉണ്ടായത്.
അതേസമയം, അപകടത്തിന് കാരണമായ ടിപ്പർ ലോറിയും ഡ്രൈവറുമായി ബന്ധപ്പെട്ട് കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. വാഹനം ഓടിച്ചിരുന്നയാൾക്ക് ഹെവി വാഹനങ്ങൾ ഓടിക്കാനുള്ള ലൈസൻസ് ഉണ്ടായിരുന്നില്ല എന്ന് എൻഫോഴ്‌സ്‌മെന്റ് ആർടിഓ എ.കെ. ദിലു മാധ്യമങ്ങളോട് പറഞ്ഞു.
'ഹെവി ലൈസൻസ് ഇല്ലാത്തയാളാണ് വാഹനം ഓടിച്ചിരുന്നത്. ഇത്തരം വാഹനം ഓടിച്ച് തഴക്കം വന്നിട്ടില്ലാത്തയാളാണ്. ഈ ഡ്രൈവർ കുറേ കാലമായി ഗൾഫിലായിരുന്നു, പെട്ടെന്ന് ഇവിടെ വന്ന് പരിചയമില്ലാത്ത വാഹനം ഓടിച്ചതിന്റെ ഫലമായാണ് ഈ അപകടം നടന്നത്.' അദ്ദേഹം പറഞ്ഞു.
'T-റോഡിൽനിന്ന് ഇറക്കം ഇറങ്ങി പ്രധാന റോഡിലേക്ക് കയറുമ്പോൾ പാലിക്കേണ്ട മര്യാദകൾ പാലിച്ചിട്ടില്ല. വാഹനത്തിന്റെ വിഎൽടിഡി (vehicle location tracking device) പ്രവർത്തിക്കുന്നതായി കാണിക്കുന്നില്ല. അത് ഉടമസ്ഥർ ഡിസ്‌കണക്ട് ചെയ്തതാണോ എന്ന് സംശയമുണ്ട്. വാഹനത്തിന്റെ പെർമിറ്റ് റദ്ദാക്കുന്നതിനും ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുന്നതിനും വേണ്ടിയുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.' എൻഫോഴ്‌സ്‌മെന്റ് ആർടിഓ പറഞ്ഞു.
2024 മുതൽ ഫിറ്റ്‌നസ് ഇല്ലാതെയാണ് ഈ വാഹനം ഓടിയിരുന്നത്. രണ്ടുമാസം മുമ്പ് ഏപ്രിൽ രണ്ടിനാണ് ഈ വാഹനത്തിന്റെ ഫിറ്റ്‌നസ് പുതുക്കിയിരിക്കുന്നത്. അപ്പോഴും വാഹനത്തിന്റെ ജിപിഎസ് സംവിധാനം കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താതെയാണ് ഫിറ്റ്‌നസ് നൽകിയത്.
ഈ വിഷയത്തിലെല്ലാം മോട്ടോർ വാഹനവകുപ്പിന്റെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. 17 വർഷം പഴക്കമുള്ള വാഹനമാണിത്, അതിന്റെ അറ്റകുറ്റപ്പണികളൊന്നും കൃത്യമായി നടത്തിയിരുന്നില്ല. മാത്രമല്ല, ഈ വാഹനം പതിവായി നിയമം ലംഘിച്ചിരുന്നതായും വിവരമുണ്ട്. നിയമലംഘനം നടത്തിയതിന് നിരവധി ചെല്ലാൻ ലഭിച്ചിട്ടുള്ള വണ്ടിയാണിത്, ഇതിൽ പലതും ഇപ്പോഴും അടച്ചിട്ടുമില്ല.
2024-ൽ ഫിറ്റ്‌നസ് കാലാവധി അവസാനിച്ചിട്ടും നിരന്തരം ഓടുകയും, പലതവണ പലതരത്തിലുള്ള നിയമലംഘനങ്ങളുടെ പേരിൽ പിടിക്കപ്പെടുകയും ചെയ്തിട്ടും വാഹനത്തിന് ഫിറ്റ്‌നസ് ഇല്ലായെന്ന് പോലീസോ മോട്ടോർവാഹന വകുപ്പോ പരിശോധിച്ചിട്ടില്ല എന്നത് ഗുരുതരമായ വീഴ്ചയാണ്. ഈ വർഷം ജനുവരി 30-ന് ഒരു നിയമലംഘനത്തിന് പിടിച്ചപ്പോഴും 250 രൂപ പിഴയടപ്പിച്ച് വാഹനം വിട്ടുകൊടുക്കുകയാണ് ചെയ്തത്.
ഇത്തരത്തിൽ ചെറിയ പിഴത്തുകൾ അടച്ച് രക്ഷപ്പെട്ട് പോരുകയായിരിന്നു വാഹന ഉടമ. ഒടുവിൽ റെവന്യൂ റിക്കവറിയായി വാഹനം ഏറ്റെടുക്കും എന്ന ഘട്ടംവന്നപ്പോഴാണ് രണ്ടുമാസം മുമ്പ് ടിപ്പറിന്റെ ടാക്‌സ് അടച്ച് പുതുക്കാൻ വാഹന ഉടമ തയ്യാറായത്. അതിനുമുമ്പുവരെ ഇതേ വാഹനം ഇത് വഴിയിലൂടെ ഇത്തരത്തിൽ ചീറിപ്പാഞ്ഞിരുന്നു എന്നത് പോലീസിന്റെയും മോട്ടോർ വാഹനവകുപ്പിന്റെയും അനാസ്ഥയാണ് തുറന്നുകാട്ടുന്നത്.
Content Highlights: Driver lacked a valid heavy vehicle license. Vehicle permit and license cancellation proceedings initiated. Vehicle operated without fitness since 2024. GPS/VLTD system was non-functional. Multiple previous traffic violations ignored by authorities.
Published: 23 Jun 2026, 01:05 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented