കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി ഒരു സ്‌കൂൾ വിദ്യാർഥിയടക്കംമൂന്നുപേർക്ക് ദാരുണാന്ത്യം. അഞ്ചുപേർക്ക് പരിക്കുണ്ട്. അതിൽ ഒരാളുടെ നിലഗുരുതരമാണ്. ഒടുവട്ടൂർ സ്വദേശി ഹരിലാൽ (54), കാർമൽ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ പാർഥിപ് (15), കെഎസ്ആർടിസി ജീവനക്കാരനായ അജയൻ ആചാരി (45) എന്നിവരാണ് മരിച്ചത്. 

To advertise here,

രാവിലെ ഏഴുമണിയോടെയാണ് അപകടമുണ്ടായത്. മണ്ണ് കയറ്റി വന്ന ലോറിഅമിത വേഗത്തിൽ ഇറക്കം ഇറങ്ങിവരുമ്പോൾ ബൈക്കിലിടിച്ച ശേഷം ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. കുശാൽ, ഋഷഭ് ബോബൻ, നവനീത്, ജിബി മോൾ, ടിപ്പർ ഡ്രൈവർ ചവറ സ്വദേശി നിസാം എന്നിവരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. പരിക്കേറ്റവരിൽ ഒരു വിദ്യാർഥിയാണ് ഗുരുതരാവസ്ഥയിലുള്ളതെന്നാണ് വിവരം.

ലോറിയിൽ ഉണ്ടായിരുന്ന മണ്ണ് ബസ് സ്റ്റോപ്പിൽ ഉണ്ടായിരുന്നവരുടെ മുകളിലേക്ക് മറിയുകയായിരുന്നു. ഇതിന് പുറമെ തകർന്ന ബസ് സ്റ്റോപ്പിന്റേയും മതിലിന്റേയുംഅവശിഷ്ടങ്ങളും ആളുകൾക്ക് മേലേക്ക് പതിച്ചു. രാവിലെ എഴ് മണിക്ക് വരുന്ന ബസിനായിട്ടാണ് ആളുകൾ കാത്ത് നിന്നിരുന്നത്.

സാധാരണ ഉണ്ടാകുന്നതിനേക്കാളും ആളുകൾ ഇന്ന് ബസ് സ്റ്റോപ്പിലുണ്ടായിരുന്നു. 15 ഓളം പേർ ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. ബസ് വരാൻ വൈകുകയും ചെയ്തിരുന്നു. ആൺകുട്ടികൾ നിന്നിരുന്ന ഭാഗത്തേക്കാണ് ടിപ്പർ ലോറി ഇടിച്ചുകയറിയത്. ലോറിയുടെ അമിത വേഗതയും മറ്റു കാര്യങ്ങളും പരിശോധിച്ച് വരികയാണെന്ന് പോലീസും ജില്ലാ കളക്ടറും അറിയിച്ചു. 

അപകടത്തിൽ പരിക്കേറ്റവർക്കായി ആശുപത്രികളിൽ പ്രത്യേക ക്രമീകരണങ്ങളൊരുക്കാൻ നിർദേശം നൽകിയിട്ടുള്ളതായയി ആരോഗ്യം മന്ത്രി കെ. മുരളീധരൻ അറിയിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വിവിധ സർജറി വിഭാഗങ്ങളുടെ നേതൃത്വത്തിൽ പ്രത്യേക ടീമിനെ സജ്ജമാക്കിയിട്ടുണ്ടെന്നും മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, അപകടത്തിൽ കർശന നടപടിക്ക് ഒരുങ്ങുകയാണ് മോട്ടോർ വാഹന വകുപ്പും. ടിപ്പർ ഉടമയ്ക്കും ഡ്രൈവർക്കും എതിരെ കേസെടുക്കും. ടിപ്പർ അമിത വേഗത്തിലായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. വിശദമായ റിപ്പോർട്ട് നൽകാൻ ട്രാൻസ്‌പോർട്ട് കമ്മീഷണർ സി.എച്ച്. നാഗരാജു കൊല്ലം ആർടിഒയ്ക്ക് നിർദ്ദേശം നൽകി. ടിപ്പർ ഓടുന്നതിന് നിരോധനം ഇല്ലാത്ത സമയത്താണ് അപകടം ഉണ്ടായത് എങ്കിൽ പോലും അമിത വേഗത്തിന് കേസെടുക്കും.