കൊല്ലം: ശനിയാഴ്ച ഷാര്‍ജയിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കാണപ്പെട്ട തേവലക്കര കോയിവിള തട്ടാന്റെ വടക്കതില്‍ അതുല്യ ഭവനത്തില്‍ അതുല്യ(30), 11 വര്‍ഷം അനുഭവിച്ചത് കൊടിയ പീഡനങ്ങള്‍. ഭര്‍ത്താവ് ശാസ്താംകോട്ട മനക്കര സ്വദേശി സതീഷ് ശങ്കറിന്റെ പീഡനമാണ് മരണകാരണമെന്ന് അതുല്യയുടെ കുടുംബവും സുഹൃത്തുക്കളും ഉറപ്പിച്ചുപറയുന്നു. ഇതു ശരിവയ്ക്കുന്ന വീഡിയോ ദൃശ്യങ്ങളും വാട്‌സാപ്പ് ചാറ്റുകളും ശബ്ദസന്ദേശങ്ങളും ഒട്ടേറെയുണ്ട്.

To advertise here,

ശാരീരിക, മാനസിക പീഡനങ്ങളുടെ വിവരം അമ്മയെയും അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും അതുല്യ ഫോണില്‍ വിളിച്ച് പറഞ്ഞിരുന്നു. ഇരുവരുടെയും കുടുംബങ്ങളുമായും അയല്‍ക്കാരുമായും സംസാരിച്ചപ്പോഴും സതീഷിന്റെ സ്വഭാവ വൈകൃതങ്ങളുടെയും സംശയരോഗത്തിന്റെയും മദ്യപാനത്തിന്റെയും പേടിപ്പിക്കുന്ന വിവരങ്ങളാണ് ലഭിക്കുന്നത്. അതുല്യയെ കൊലപ്പെടുത്തിയതാണെന്ന അമ്മ തുളസീഭായിയുടെ മൊഴിയില്‍ തെക്കുംഭാഗം പോലീസ് സതീഷ് ശങ്കറിനെതിരേ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. 30-ാം ജന്മദിനത്തിലാണ് അതുല്യയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. അതുല്യയുടെ മൃതദേഹം ഷാര്‍ജ പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മോര്‍ച്ചറിയിലേക്ക് മാറ്റി.

'അയാള്‍ എന്നെ ചവിട്ടിക്കൂട്ടി, ജീവിക്കാന്‍ പറ്റുന്നില്ല'

'അയാള്‍ എന്നെ ചവിട്ടിക്കൂട്ടി, ജീവിക്കാന്‍ പറ്റുന്നില്ല. ധൈര്യമില്ലാത്തതുകൊണ്ടാണ് ആത്മഹത്യ ചെയ്യാത്തത്.'-അതുല്യ സുഹൃത്തിനയച്ച ശബ്ദസന്ദേശത്തില്‍ പറയുന്നു. കല്യാണത്തിനുശേഷം പ്രശ്‌നങ്ങള്‍ ആരംഭിച്ചിരുന്നെന്നും സതീഷിന്റെ ഭാഗത്തുനിന്നുണ്ടായ ദുരനുഭവങ്ങള്‍ തന്നോട് അതുല്യ പറഞ്ഞിട്ടുണ്ടെന്നും നാട്ടിലെ സുഹൃത്ത് പറഞ്ഞു. അതുല്യക്ക് സതീഷിനോട് വലിയ സ്‌നേഹമായിരുന്നു. ബുദ്ധിമുട്ടാണെങ്കില്‍ ബന്ധം ഉപേക്ഷിക്കാനും വീട്ടിലേക്കുവരാനും വീട്ടുകാര്‍ പറഞ്ഞിരുന്നു. എന്നാല്‍, പലപ്പോഴും ചെയ്ത കാര്യങ്ങളൊന്നും ഓര്‍മ്മയില്ലെന്നും പറ്റിപ്പോയെന്നുമൊക്കെ സതീഷ് മാപ്പ് പറഞ്ഞിരുന്നു. തുടര്‍ന്ന് വീണ്ടും സതീഷിനൊപ്പം ജീവിക്കാന്‍ അതുല്യ തീരുമാനിക്കുകയായിരുന്നെന്നും സുഹൃത്ത് പറയുന്നു. അതുല്യയും സതീഷും തമ്മില്‍ പ്രായവ്യത്യാസമുണ്ട്. അതിന്റെ ഈഗോ സതീഷിനുണ്ടെന്ന് അതുല്യ പറയാറുണ്ടായിരുന്നു. അതുല്യ എപ്പോഴും വിളിച്ച് വിഷമം പറയാറുണ്ടായിരുന്നുവെന്ന് സുഹൃത്ത് പറഞ്ഞു.

സതീഷ് മര്‍ദിച്ചതിന്റെ പാടും കസേരയെടുത്ത് അടിക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കത്തിപിടിച്ചു നില്‍ക്കുന്ന ഇയാള്‍ ആക്രോശിക്കുന്നതും മര്‍ദനമേറ്റ് അതുല്യ കരയുന്നതും വീഡിയോയില്‍ വ്യക്തമാണ്. മരണത്തില്‍ ദുരൂഹതയുണ്ടെന്നു പറഞ്ഞ് രംഗത്തെത്തിയ സതീഷ്, താന്‍ അതുല്യയെ മര്‍ദിക്കാറുണ്ടെന്ന് മാധ്യമങ്ങളോട് സമ്മതിച്ചു. ഉപദ്രവം ബുദ്ധിമുട്ടാണെങ്കില്‍ അവള്‍ എന്നെ വിട്ടുപോകുമായിരുന്നില്ലേയെന്നാണ് അയാളുടെ ചോദ്യം.

ജോലിക്ക് പോകുന്നത് ഭാര്യയെ പൂട്ടിയിട്ടിട്ട്

ജോലിക്ക് പോകുമ്പോള്‍ അതുല്യയെ വീട്ടിനുള്ളില്‍ പൂട്ടിയിട്ട് താക്കോലുമായാണ് സതീഷ് പോകാറുള്ളതെന്ന് അതുല്യയുടെ അമ്മ തുളസീഭായി പറഞ്ഞു. വീടു പൂട്ടിപ്പോയാലും തിരികെ എത്തുമ്പോള്‍ വീടും ഫോണുമെല്ലാം പരിശോധിക്കും. കല്യാണനിശ്ചയത്തിനു ശേഷമാണ് സ്വഭാവം മനസ്സിലായത്. എപ്പോള്‍ ഫോണ്‍ വിളിച്ചാലും എടുക്കണമെന്ന് പറഞ്ഞ് അന്നേ നിബന്ധനകള്‍ വെച്ചിരുന്നു. നിശ്ചയത്തിനുശേഷം പലവട്ടം വിവാഹം വേണ്ടെന്നുെവച്ച് മോതിരം ഊരി നല്‍കിയിരുന്നു. അപ്പോഴൊക്കെ സതീഷിന്റെ അമ്മ വീട്ടിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കി കരഞ്ഞാണ് കല്യാണം നടത്തിയതെന്നും തുളസീഭായ് പറഞ്ഞു.

അതുല്യയെക്കൊണ്ടുപോകാന്‍ മതിലുചാടി വന്നു

അതുല്യയുടെ മകള്‍ക്ക് ഒന്നരവയസ്സുള്ളപ്പോള്‍ വിവാഹബന്ധം വേര്‍പെടുത്താന്‍ കേസ് കൊടുത്തിരുന്നു. രണ്ട് കൗണ്‍സലിങ് കഴിഞ്ഞപ്പോള്‍ വീട്ടുകാരറിയാതെ അതുല്യയെക്കൊണ്ട് കേസ് പിന്‍വലിക്കാനുള്ള രേഖകളില്‍ ഒപ്പിടുവിച്ചു. കേസ് തീരുന്നതിനുമുന്‍പ് ഫ്‌ലാറ്റെടുത്തശേഷം കൂട്ടുകാരുമൊത്ത് വീടിന്റെ മതില്‍ ചാടി അതുല്യയെക്കൊണ്ടുപോകാന്‍ എത്തി. പിന്നീട് വീട്ടുകാരെയും ബന്ധുക്കളെയും വരുത്തി സംസാരിച്ചശേഷം സതീഷിനൊപ്പം വിടുകയായിരുന്നു. ബന്ധം വേര്‍പെടുത്തി എവിടെപ്പോയാലും പിന്നാലെയെത്തി കൊലപ്പെടുത്തിയശേഷം താനും ആത്മഹത്യചെയ്യുമെന്ന് സതീഷ് ഭീഷണിപ്പെടുത്തിയതായി അതുല്യ പറഞ്ഞിരുന്നു.

മദ്യപിച്ചാല്‍ ഭ്രാന്തനെപ്പോലെ

ശാസ്താംകോട്ടയിലെ സ്‌കൂള്‍ വിദ്യാഭ്യാസകാലത്ത് ശാന്തനായിരുന്നു സതീഷെന്ന് സഹപാഠികള്‍ പറയുന്നു. പ്രായമായശേഷമാണ് മദ്യപാനം തുടങ്ങിയത്. ഗള്‍ഫില്‍ പോയശേഷം മദ്യപിച്ച് ദിവസങ്ങളോളം ജോലിക്ക് ഹാജരാകാതിരുന്ന് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ലേബര്‍ ക്യാമ്പില്‍ മദ്യപിച്ച് വലിയ പ്രശ്‌നം ഉണ്ടാക്കിയതായി ഗള്‍ഫിലെ മലയാളി വ്യവസായിയുടെ കമ്പനിയില്‍ ഒപ്പമുണ്ടായിരുന്ന തെക്കുംഭാഗം സ്വദേശി പറഞ്ഞു. മദ്യപിച്ച് ഭ്രാന്തനെപ്പോലെ അതുല്യയെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മര്‍ദനശേഷം ശാസ്താംകോട്ടയിലെ കുടുംബവീട് തന്റെപേരില്‍ എഴുതിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥിരമായി പ്രശ്‌നമുണ്ടാക്കി. സ്വന്തം അമ്മയുമായി നാലുവര്‍ഷമായി സംസാരിച്ചിട്ടില്ലെന്നാണ് അയല്‍ക്കാര്‍ നല്‍കുന്ന വിവരം.

എല്ലാം സഹിച്ചത് കുഞ്ഞിനുവേണ്ടി

മകള്‍ ഒരിക്കലും ആത്മഹത്യചെയ്യില്ലെന്നും കുഞ്ഞിനുവേണ്ടി അവള്‍ എല്ലാം സഹിക്കുകയായിരുന്നെന്നും അതുല്യയുടെ അച്ഛന്‍ രാജശേഖരന്‍പിള്ള പറഞ്ഞു. സതീഷ് മകളെ നിരന്തരം ഉപദ്രവിച്ചിരുന്നു. സ്ത്രീധനത്തിന്റെപേരിലും ക്രൂരമായി ഉപദ്രവിച്ചു. പീഡനത്തെ തുടര്‍ന്ന് മകളെ നാട്ടിലേക്ക് കൊണ്ടുവന്നിരുന്നു. ബന്ധം വേര്‍പെടുത്താനും തീരുമാനിച്ചിരുന്നു. എന്നാല്‍, കൗണ്‍സലിങ്ങിനുശേഷം ഒന്നിച്ചുപോകാന്‍ തീരുമാനിക്കുകയായിരുന്നു.

അമ്മ മരിച്ചതറിയാതെ പത്തുവയസ്സുകാരി

അച്ഛനൊപ്പം ഷാര്‍ജയില്‍ താമസിക്കുന്ന അമ്മ മരിച്ചവിവരം പത്തുവയസ്സുകാരി ആരാധ്യ അറിഞ്ഞിട്ടില്ല. ഷാര്‍ജയില്‍ ഫ്‌ലാറ്റില്‍ മരിച്ചനിലയില്‍ കാണപ്പെട്ട അതുല്യയുടെ മകള്‍ ആരാധ്യ കരുനാഗപ്പള്ളിയിലെ സ്വകാര്യ സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ശനിയാഴ്ച സ്‌കൂള്‍വിട്ട് വന്നപ്പോള്‍ വീട്ടുമുറ്റത്തെ ആള്‍ക്കൂട്ടം കണ്ട് അമ്പരന്നുപോയ കുഞ്ഞ്, 'അമ്മൂമ്മയ്ക്ക് അസുഖം വല്ലതുമായോ' എന്ന് തിരക്കിയെന്ന് തേവലക്കര പഞ്ചായത്തംഗം ബിന്ദുമോള്‍ പറഞ്ഞു.

'കുഞ്ഞു വരുമ്പോള്‍ കരയരുതെന്നും വിഷമം കാണിക്കരുതെന്നും ബന്ധുക്കള്‍ അമ്മൂമ്മ തുളസീഭായിയോട് പറഞ്ഞിരുന്നു. അവരത് അപ്പടി അനുസരിച്ചതിനാല്‍ ആരാധ്യക്ക് സംശയം തോന്നിയതുമില്ല. ഞായറാഴ്ച രാവിലെതന്നെ ആരാധ്യയെ അയല്‍വീട്ടിലേക്ക് മാറ്റുകയും ചെയ്തു.


ശ്രദ്ധിക്കുക

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടുക, വിളിക്കുക: 1056.