കൊല്ലം: ഹോട്ടലിൽ റൂമെടുത്ത് ദമ്പതിമാർ ജീവനൊടുക്കാൻ ശ്രമിച്ചു. സംഭവത്തിൽ ഭർത്താവ് മരിച്ചു. ഭാര്യ ചികിത്സയിലാണ്. ആദിച്ചനല്ലൂർ സ്വദേശി ബംഗളൂരുവിൽ സ്ഥിരതാമസമാക്കിയുട്ടുള്ള അനിൽ കുമാർ ആണ് മരിച്ചത്. ഭാര്യ ബീനയെ തിരുവനന്തപുരത്തെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

To advertise here,

ദമ്പതിമാർ വിഷം കഴിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണമാണ് ഇവർ വിഷം കഴിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ സൂചിപ്പിക്കുന്നു.

ദമ്പതിമാർ  ജൂലായ് ഒന്നിന് കൊല്ലം നഗരത്തിലെ ഒരു ഹോട്ടലിൽ റൂമെടുത്തിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ ഹോട്ടൽ ഒഴിയേണ്ടതായിരുന്നുവെങ്കിലും, രാവിലെ മുതൽ ആരും മുറിയിൽ നിന്ന് പുറത്തിറങ്ങിയിരുന്നില്ലെന്ന് ഹോട്ടൽ ജീവനക്കാർ അറിയിച്ചു.

പലതവണ വാതിലിൽ മുട്ടിയിട്ടും പ്രതികരണമില്ലാതായപ്പോൾ, ഹോട്ടൽ ജീവനക്കാർ വാതിൽ തകർത്ത് തുറന്നപ്പോൾ അനിൽ കുമാർ മരിച്ച നിലയിലും ബീന അബോധാവസ്ഥയിലും മുറിക്കുള്ളിൽ കണ്ടെത്തുകയായിരുന്നു. ഇരുവരെയും ആദ്യം കൊല്ലത്തെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അനിൽ കുമാർ മരിച്ചതായി സ്ഥിരീകരിച്ചു.

ബീനയെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി, അവർ ഗുരുതരാവസ്ഥയിലാണെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)