കോഴിക്കോട്: പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന്റെ ഏഴാമത് ഇഎസ്എ (പരിസ്ഥിതി ലോല പ്രദേശം) കരട് വിജ്ഞാപനത്തിൽ ഉൾപ്പെട്ട സംസ്ഥാനത്തെ 131 വില്ലേജുകളിലെ 9,993.7 ചതുരശ്ര കിലോമീറ്റർ മേഖലയിലെ ജനവാസ-കാർഷിക ഭൂമികളെ പൂർണമായും ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് കൃഷി മന്ത്രി ടി. സിദ്ദിഖ് അറിയിച്ചു.

To advertise here,

ജൂലായ് 25-ന് പുറത്തിറങ്ങിയ കരട് വിജ്ഞാപനത്തിന്മേൽ ആക്ഷേപങ്ങളും നിർദേശങ്ങളും സമർപ്പിക്കാനുള്ള 60 ദിവസത്തെ സമയപരിധി ഈ മാസം 24-ന് അവസാനിക്കാനിരിക്കെ, സർക്കാരിന്റെ സമഗ്രവും കൃത്യവുമായ മറുപടി സമയബന്ധിതമായി കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയത്തിന് സമർപ്പിക്കും.

സംസ്ഥാനത്തെ മുപ്പതിലധികം വില്ലേജുകളെ പട്ടികയിൽനിന്ന് പൂർണമായും ഒഴിവാക്കാനും ബാക്കിയുള്ള വില്ലേജുകളിൽ ജനവാസ കേന്ദ്രങ്ങളെയും കാർഷിക ഭൂമികളെയും ഇഎസ്എ പരിധിയിൽനിന്ന് മാറ്റാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. വിഷയത്തിന്റെ ഗൗരവം മുൻനിർത്തി മുഖ്യമന്ത്രി പരിസ്ഥിതി, കൃഷി, റവന്യൂ, വനം വകുപ്പ് മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ തുടർകൂടിയാലോചനകൾ നടന്നു വരികയാണ്.

കൂടാതെ, പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതിയുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിൽ ശാസ്ത്രീയമായ തെളിവുകളും കർഷകരുടെ ആശങ്കകളും വ്യക്തമായി ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. കോഴിക്കോട്ട് നടന്ന വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ അറിയിച്ചത്.

കാലാവസ്ഥാ വ്യതിയാനം മൂലം കേരളത്തിലെ 14 ജില്ലകളിലും കാർഷികമേഖല കടുത്ത പ്രതിസന്ധി നേരിടുന്നതായി ഹൈദരാബാദിൽ നടന്ന ദക്ഷിണേന്ത്യൻ കൃഷി മന്ത്രിമാരുടെ യോഗത്തിൽ ചൂണ്ടിക്കാണിച്ചതായും മന്ത്രി വ്യക്തമാക്കി. പകൽ സമയങ്ങളിൽ താപനില 36 ഡിഗ്രി സെൽഷ്യസ് വരെ ഉയരുന്നതും വേനൽക്കാല വരൾച്ചയും മൺസൂൺ കാലത്തെ തീവ്രമഴയും മേഘവിസ്‌ഫോടനവും ഉരുൾപൊട്ടലും സംസ്ഥാനത്തെ കാർഷിക ഉത്പാദനത്തെ ഗുരുതരമായി ബാധിക്കുന്നുണ്ട്.

ഈ വെല്ലുവിളിയെ പ്രതിരോധിക്കാൻ 'കാലാവസ്ഥാ പ്രതിരോധ ശേഷിയുള്ള' കൃഷിരീതികളും വിളകളും വികസിപ്പിക്കുന്നതിനായി കേരള കാർഷിക സർവകലാശാല, അമൃത സർവ്വകലാശാല എന്നിവയുമായി ചേർന്ന് കൃഷി വകുപ്പ് പദ്ധതി തയ്യാറാക്കി വരുന്നതായും സിദ്ദിഖ് കൂട്ടിച്ചേർത്തു.

ജലസേചന വകുപ്പ്, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി എന്നിവരുമായി സഹകരിച്ച് ദീർഘകാല പ്രതിരോധ റോഡ് മാപ്പ് തയാറാക്കുകയാണ്. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളും വിളനാശവും നേരിടാനുള്ള മുൻകരുതൽ പ്രവർത്തനങ്ങൾക്കായി കേന്ദ്ര സർക്കാരിനോട് പ്രത്യേക സാമ്പത്തിക സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.