റാന്നി: റാന്നി വലിയ പാലത്തിന്റെ കൈവരിയിൽ കയറിയിരുന്ന് പമ്പാ നദിയിലേക്ക് ചാടുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെ പോലീസ് സാഹസികമായി രക്ഷപെടുത്തി. ഇടമുറി വലിയപന്തൽ സ്വദേശിയാണ് തിങ്കളാഴ്ച നാടകീയരംഗങ്ങൾ സൃഷ്ടിച്ചത്.

To advertise here,

കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യാ ഭീഷണിക്ക് പിന്നിലെന്നാണ് സൂചന. വെച്ചൂച്ചിറ പോലീസ് സ്റ്റേഷനിൽ നിലവിൽ നിരവധി കേസുകളിൽ പ്രതിയായ യുവാവ് പാലത്തിന്റെ കെട്ടിൽ ഇരിക്കുന്നത് കണ്ട യാത്രക്കാരാണ് പോലീസിൽ വിവരമറിയിച്ചത്. ഉടൻതന്നെ റാന്നി പോലീസ് സംഭവസ്ഥലത്തെത്തി.

പമ്പാ നദിയിൽ വെള്ളം ഉയർന്നുനിന്നിരുന്നതിനാൽ അപകട സാധ്യത വളരെ കൂടുതലായിരുന്നു. പോലീസ് അടുത്തേക്ക് വരാൻ ശ്രമിച്ചപ്പോൾ പുഴയിലേക്ക് ചാടുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെ മറ്റ് ഉദ്യോഗസ്ഥർ സംസാരിച്ച് ശ്രദ്ധ തിരിച്ചു. തന്നെ പിടിക്കാൻ ശ്രമിക്കുന്നവരെയും വലിച്ചുകൊണ്ട് വെള്ളത്തിൽ ചാടും എന്നും യുവാവ് പറഞ്ഞു.

അനുനയനീക്കം തുടരുന്നതിനിടെ മറ്റൊരു പോലീസ് ഉദ്യോഗസ്ഥൻ പിൻഭാഗത്തുകൂടി എത്തി പെട്ടെന്ന് യുവാവിനെ സുരക്ഷിതമായി വലിച്ചു മാറ്റുകയായിരുന്നു. പോലീസിന്റെ കൃത്യസമയത്തെ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്. റാന്നി റാന്നി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർമാരായ ഗോകുൽ കണ്ണൻ, ലിജു എൽ.ടി., കലേഷ് കുമാർ എന്നിവരാണ് യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തിയത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക)