അരീക്കോട്: ശനിയാഴ്ച പുലർച്ചെ അഞ്ചരയോടെ ഒരാൾക്കുമാത്രം കയറാവുന്ന തന്റെ കൊച്ചുതോണിയിൽ മീൻപിടിക്കാനെത്തിയതാണ് അരീക്കോട് പൂങ്കുടി വിളഞ്ഞോത്ത് വീട്ടിൽ കറളിക്കാടൻ അർഷാദ്.

To advertise here,

ചാലിയാറിലെ കുത്തൊഴുക്കിൽ ഒഴുകിവരുന്ന മരത്തടിയിൽനിന്ന് അസ്വാഭാവികശബ്ദംകേട്ട അർഷാദ് കാണുന്നത് ജീവൻ രക്ഷിക്കാൻ സാഹസപ്പെടുന്ന ഒരാൾരൂപമാണ്. വെള്ളിയാഴ്ച രാത്രിയിൽ അരീക്കോട് പാലത്തിൽനിന്ന് ഒരാൾ പുഴയിൽച്ചാടിയ കാര്യം ഓർമിച്ച് അർഷാദ് തോണിതുഴഞ്ഞ് മരത്തടിക്കടുത്തെത്തി. മരത്തിൽ അള്ളിപ്പിടിച്ച് കിടിന്നിരുന്ന യുവാവിനെ കുനിയിൽ പെരുങ്കടവ് പാലത്തിന് സമീപത്തേക്ക് കരയ്‌ക്കെത്തിച്ചു.

ശരീരത്തിൽ വസ്ത്രങ്ങളൊന്നും ഇല്ലാത്ത യുവാവിനെ തന്റെ കൈയിലെ തോർത്തുടുപ്പിച്ച് ചായക്കടയിൽ എത്തിച്ച് ചായ വാങ്ങിനൽകി. നാട്ടുകാരിലൊരാൾ ആവശ്യമായ വസ്ത്രങ്ങളും നൽകി. വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് കാവനൂർ ഇരിവേറ്റി തോട്ടിലങ്ങാടി സ്വദേശിയായ 25-കാരൻ ചാലിയാറിലേക്ക് ചാടിയത്. നാട്ടുകാരും അരീക്കോട് പോലീസും അഗ്‌നിരക്ഷാസേനയും തിരച്ചിൽ നടത്തിയിരുന്നു. ശനിയാഴ്ച പുലർച്ചെ മുക്കം, മഞ്ചേരി, മലപ്പുറം അഗ്‌നിരക്ഷാനിലയങ്ങളിൽനിന്നുള്ള സ്‌കൂബാ സംഘത്തെ ചാലിയാറിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലായിരുന്നു സമീപവാസിയും മലപ്പുറം ഫയർ‌സ്റ്റേഷൻ ഓഫീസറുമായ കുനിയിൽ എം. അബ്ദുൽഗഫൂർ. ഏഴുമണിക്കൂറുകൾക്കുശേഷമാണ് മീൻപിടിക്കാനെത്തിയ അർഷാദ് (40) ഇയാളെ രക്ഷപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ യുവാവിനെ ബന്ധുക്കൾക്കൊപ്പം വിട്ടു. യുവാവ് ശനിയാഴ്ച വൈകീട്ടാണ് വീട്ടിൽ നിന്നിറങ്ങിയതെന്നും കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണെന്നും ബന്ധുക്കൾ പറഞ്ഞു.