കൊൽക്കത്ത: കൊൽക്കത്തയിലെ പ്രവാസജീവിതത്തിലെ ജോലിത്തിരക്കുകൾക്കും മറ്റ് ആകുലതകൾക്കുമെല്ലാമിടയിലും മാതൃഭാഷയുടെയും കേരളീയമായ തനതു കലകളെയും പോഷണത്തിനായുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ് ഭാഷാപ്രവർത്തകനും നാടൻകലാ ഗവേഷകനുമായ ജിംസിത്ത് അമ്പലപ്പാട്. കഴിഞ്ഞ വർഷം കേരള സർക്കാരിന്റെ മലയാളം മിഷൻ, ഭാഷാ പ്രതിഭ സ്‌പെഷൽ ജൂറി പുരസ്‌കാരം നൽകി ആദരിച്ച ജിംസിത്ത് ശ്രദ്ധേയനായ ഡോക്യുമെന്ററി സംവിധായകനുമാണ്.

To advertise here,

മലയാള ഭാഷയെ കൂടുതൽ സാങ്കേതികവിദ്യാ സൗഹൃദമാക്കുന്നതിനുള്ള നൂതന ആശയങ്ങൾ അവതരിപ്പിക്കുന്നതിലുള്ള മികവ് പരിഗണിച്ചാണ് ജിംസിത്തിന് കഴിഞ്ഞ വർഷം ഭാഷാ പ്രതിഭ പുരസ്‌കാരം ലഭിച്ചത്. ഇപ്പോൾ മലയാള നാടകങ്ങളുടെ വികാസപരിണാമങ്ങൾ രേഖപ്പെടുത്തുന്ന ഗ്രന്ഥത്തിന്റെ പണിപ്പുരയിലാണ്. നാടോടി നാടകങ്ങൾ മുതൽ ജനകീയനാടകങ്ങൾ വരെയുള്ള വിവിധ നാടകങ്ങളുടെ ഉത്ഭവം, ചരിത്രം, പിന്നിൽ പ്രവർത്തിച്ചവർ എന്നിവയെല്ലാം അവതരിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.

നാടൻ കലകളെക്കുറിച്ചുള്ള ഗവേഷണവും തന്റെ മാതൃഭാഷാ സേവനത്തിന്റെ ഭാഗമായാണ് കാണുന്നതെന്ന് ജിംസിത്ത് പറയുന്നു. ഓരോ നാടൻ കലാരൂപങ്ങളെക്കുറിച്ചുള്ള ഡോക്യുമെന്ററികളിലും വ്യത്യസ്ത ജനവിഭാഗങ്ങളുടെ ഭാഷയും അവരുടെ പാട്ടുകളും വിശദീകരിക്കപ്പെടുന്നുണ്ട്. പാർശ്വവത്ക്കരിക്കപ്പെട്ട മനുഷ്യരുടെ ഭാഷയും സാഹിത്യവും ചർച്ച ചെയ്യാൻ ഇത് അവസരമുണ്ടാക്കുന്നു. പണിയസമുദായത്തിന്റെ കലയും ജീവിതവും ചർച്ച ചെയ്യുന്ന 'വട്ടക്കളി' എന്ന ഡോക്യുമെന്ററി ഇത്തരത്തിലുള്ളതാണ്.

പൈതൃക കലകളെപ്പറ്റിയുള്ള തന്റെ 'നാട്യകല' എന്ന ഒന്നര മണിക്കൂർ നീളമുള്ള ഡോക്യുമെന്ററി മലയാളം മിഷൻ അവരുടെ പ്രവാസി ചാപ്റ്ററുകളിൽ പ്രദർശിപ്പിക്കാൻ തീരുമാനിച്ചത് ഭാഷാ സ്‌നേഹിയായ പ്രവാസി എന്ന നിലയിൽ വലിയ സന്തോഷം തരുന്നുവെന്നും ജിംസിത്ത് കൂട്ടിച്ചേർത്തു. കോൽക്കളി എന്ന കലാരൂപത്തിന്റെ ഹൈന്ദവ, മുസ്ലിം വകഭേദങ്ങളും ഹൈന്ദവ കോൽക്കളിയിൽ പൈതൽ മരയ്ക്കാർ വരുത്തിയ മാറ്റങ്ങളുമെല്ലാം പരാമർശിക്കുന്നുവെന്നത് 'നാട്യകല 'യെ ശ്രദ്ധേയമാക്കുന്നുണ്ട്.

കേരള സർക്കാരിന്റെ സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരക മാപ്പിള കലാ അക്കാദമി കുട്ടികൾക്കായി തയ്യാറാക്കിയ പഠനസിലബസിൽ ജിംസിത്തിന്റെ 'പാട്ടും ചുവടും' എന്ന ഡോക്യുമെന്ററി ഉൾപ്പെടുത്തിയിട്ടുണ്ട്. മാപ്പിള കലാ അക്കാദമിയുടെ 2022-ലെ അവാർഡ്, പാട്ടുകൂട്ടം നാടൻ ഗവേഷണ കലാകേന്ദ്രത്തിന്റെ 'മണിമുഴക്കം' കലാഭവൻ മണി സ്മാരക പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

ഹൗറയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ജിംസിത്ത് കൊൽക്കത്തയിലെ പുരോഗമന കലാസാഹിത്യസംഘം, മലയാളി സംഘടനകൾ എന്നിവയുമായി ബന്ധപ്പെട്ടും പ്രവർത്തിക്കുന്നുണ്ട്. കോഴിക്കോട് ചേളന്നൂർ സ്വദേശിയാണ്. അഞ്ജലിയാണ് ഭാര്യ. അദ്രിനാഥ് മകനാണ്.