ഥകളിയുടെ കഴിഞ്ഞ നൂറ്റാണ്ടിലാണ് വ്യത്യസ്തശൈലികളിൽ നക്ഷത്രശോഭയോടെ വിരാജിച്ച വിശ്രുതനടന്മാരുടെ രംഗജീവിതം സുസ്പഷ്ടമായി നമുക്കു കാണാനായത്. അവരിൽ നായക-പ്രതിനായക വേഷങ്ങളിലും ഹനുമാൻ പോലെയുള്ള ‘വെള്ളത്താടി’ വേഷങ്ങളിലും ‘കാട്ടാളൻ’ പോലെയുള്ള ‘കറുത്തതാടി’ വേഷങ്ങളിലും ‘ബാലി’ പോലെ ശ്രുതിഭേദം തോന്നിക്കുന്ന ‘ചുവന്നതാടി’ വേഷങ്ങളിലും തുല്യസാന്ദ്രതയോടെ പ്രശോഭിച്ചവർ അത്യപൂർവം. അവരിൽ ഒരാളാണ് ശതാഭിഷിക്തനായ സദനം കൃഷ്ണൻകുട്ടി. കഥകളിയിലെ കല്ലുവഴിച്ചിട്ടയുടെ പ്രയോക്താക്കളിൽ പ്രമുഖരായിരുന്ന തേക്കിൻകാട്ടിൽ രാവുണ്ണിനായരുടെയും കീഴ്പടം കുമാരൻനായരുടെയും ശിഷ്യരിൽ ഏറ്റവും പ്രശസ്തൻ.

To advertise here,

ആറുപതിറ്റാണ്ടിലേറെയായി സ്വദേശത്തെയും വിദേശങ്ങളിലെയും കളിയരങ്ങുകളിലെ ഒളിമങ്ങാത്ത സാന്നിധ്യം. പ്രേക്ഷകസമ്മതിയിലോ എക്കാലവും അഗ്രഗണ്യൻ. ജന്മംകൊണ്ട് ചെർപ്പുള്ളശ്ശേരിക്കാരനെങ്കിലും കർമംകൊണ്ട് ഇരിങ്ങാലക്കുടക്കാരൻ. പ്രസന്നതയുടെ പര്യായം. ഫലിതരുചികലർന്ന ഭാഷണകശലത. പ്രത്യുത്‌പന്നമതിത്വം.

അംഗോപാംഗപ്രത്യംഗങ്ങളുടെ അസാധാരണമായ മിഴിവും വടിവും വൃത്തിയും അദ്ദേഹത്തിന്റെ സവിശേഷത. തേച്ചവേഷങ്ങളേതിനും തിളക്കമേറും. ‘പച്ച’ പോലെ കമനീയം ‘കത്തി’ യും ‘വെള്ളത്താടി’യും. കീഴ്പടത്തിന്റെ മിക്കവാറും എല്ലാ ശിഷ്യരുടെയും പ്രവൃത്തിയിൽ ഗുരുനാഥനാണധികവും. അവർ നന്നേ കുറവ്. എന്നാൽ, കൃഷ്ണൻകുട്ടിയുടെ ആംഗിക -സാത്വികങ്ങളിൽ കീഴ്പടം ചിലപ്പോൾമാത്രമേ സാരമാവാറുള്ളൂ. വിവിധ ശൈലികളിൽ വിഹരിച്ച ആചാര്യന്മാരിൽനിന്ന് സ്വാധീനമുൾക്കൊണ്ടും തേക്കിൻകാട്ടിൽ രാവുണ്ണിനായരെ ധ്യാനിച്ചും രംഗാനുഭവത്തിന്റെ വെളിച്ചം നുകർന്നും സുഭദ്രമാക്കിയ, സ്വകീയമായൊരു ‘ബാണി’യാണ് കൃഷ്ണൻകുട്ടിയുടെ അക്ഷയനിധി. നിത്യവശ്യമായ ചടുലതയാണ് ആ ബാണിയുടെ കേന്ദ്രഭാവം. മറ്റുതരത്തിൽ പറഞ്ഞാൽ ‘കല്യാണസൗഗന്ധികം’ കഥയിലെ പാഞ്ചാലിയോടുള്ള ഭീമസേനന്റെ വിളംബകാലശൃംഗാരപ്പദത്തെക്കാൾ അദ്ദേഹത്തിന്റെ കൈയും മെയ്യും കണ്ണും കാൽപ്പെരുമാറ്റവും പ്രോജ്ജ്വലിക്കുക പ്രതിനായകരായ നരകാസുരനിൽ, കീചകനിൽ, രാവണനിൽ, ശിശുപാലനിൽ. കൃഷ്ണൻകുട്ടിയുടെ ‘സൗഗന്ധിക’ത്തിൽ ഹനുമാനും ‘ലവണാസുരവധ’ത്തിൽ ഹനുമാനും അഷ്ടകലാശമെന്ന ആനന്ദനൃത്തമാടുന്നത് ഗുരുനാഥൻ കീഴ്പടം കുമാരൻനായരുടെ നടനശ്രുതിയിലും ശൈലിയിലും.

മുദ്രാവിന്യാസത്തിന്റെ ഘനിമയും താളപ്രതാപവും ചെണ്ടയുടെയും മദ്ദളത്തിന്റെയും സംവാദഗരിമയുമായി ചേർന്നുനിൽക്കുന്നതിന്റെ ഉത്തമോദാഹരണങ്ങളാണ് കൃഷ്ണൻകുട്ടിയുടെ ആദ്യവസാനവേഷവും. ഏതുതലമുറയിൽപ്പെട്ട ഗായകരുടെയും ആലാപനശൈലിയുമായി ഇണങ്ങിച്ചേരുന്നു അദ്ദേഹത്തിന്റെ ആംഗിക സാത്വിക വ്യവഹാരങ്ങൾ, ചുരുക്കത്തിൽ ‘തൗര്യത്രിക’ത്തിന്റെ സുവർണശോഭയാണ് കൃഷ്ണൻകുട്ടിയുടെ പാത്രാവിഷ്കാരങ്ങൾ. ‘മിനുക്ക്’ വേഷങ്ങളൊഴികെ ഏതുവേഷത്തിൽ അരങ്ങിൽ പ്രത്യക്ഷപ്പെടാനും അദ്ദേഹത്തിന് ഒരുകാലത്തും സങ്കോചമുണ്ടായിട്ടില്ല. പൂതനയടക്കമുള്ള സ്ത്രീകഥാപാത്രങ്ങളെയും കൃഷ്ണൻകുട്ടി അരങ്ങിൽ സുശക്തമായി അവതരിപ്പിച്ചിട്ടുണ്ട്. കാമാവിഷ്ടരായ ‘ലളിത’ കൾ സാത്വികനായികമാരെക്കാൾ അദ്ദേഹത്തിന് അനുരൂപം എന്നെനിക്ക്‌ തോന്നിയിട്ടുണ്ട്. കൃഷ്ണൻകുട്ടിയുടെ പാത്രാവിഷ്കാരങ്ങൾക്ക് യൂറോപ്പിലെ, പ്രത്യേകിച്ച്, ഫ്രാൻസിലെ കഥകളിപ്രേമികൾക്കിടയിൽ വലിയമതിപ്പാണ്. അദ്ദേഹത്തിന്റെ ‘രൗദ്രഭീമ’നിൽ അവർ ആവേശഭരിതരായതിന് കണക്കില്ല. ശൃംഗാരാദി നവരസങ്ങളെല്ലാം സമുചിതമായി ഫലിക്കും അദ്ദേഹത്തിന്റെ മുഖജാഭിനയത്തിൽ. കഥയെയും പാത്രപ്രകൃതിയെയും കവിഞ്ഞുനിൽക്കും സന്ദർഭങ്ങളിൽ കൃഷ്ണൻകുട്ടിയുടെ നരകാസുരവധത്തിൽ ചെറിയനരകാസുരനായി വന്ന് ‘പടപ്പുറപ്പാടി’ലേക്ക്‌ പ്രവേശിക്കുമ്പോൾ ആ മെയ്യഭ്യാസത്തിന്റെ ഊറ്റവും ചരണവിന്യാസങ്ങളുടെ ത്രസിപ്പും പ്രേക്ഷകരെയും പ്രകമ്പനം കൊള്ളിക്കുന്നു. ഇന്നും ഈ അവസ്ഥയ്ക്ക് മാറ്റമില്ല.

പ്രായത്തെ വെല്ലുവിളിക്കുന്ന ഊർജപ്രവാഹവും രൂപസൗഷ്ഠവവും കർമോത്സുകതയുമായി അരങ്ങുതോറും പരിലസിക്കുകയാണ് സദനം കൃഷ്ണൻകുട്ടി എന്ന മഹാനടൻ. കേന്ദ്ര-കേരള സംഗീതനാടക അക്കാദമികളുടെ അവാർഡുകളും സംസ്ഥാനസർക്കാരിന്റെ പുരസ്കാരവുമടക്കം എണ്ണമറ്റ അംഗീകാരങ്ങൾ! കേരളത്തിന്റെ തെക്കും നടുക്കും വടക്കുമുള്ള സഹൃദയരിൽനിന്ന് അവിരാമം ലഭിച്ചുപോരുന്ന സമ്മതി. വാഴേങ്കട കുഞ്ചുനായർമുതൽ മഹാതേജസ്വികളായ നാട്യസമ്രാട്ടുകൾക്കൊപ്പം വേദിപങ്കിടാൻ കഴിഞ്ഞതിലുള്ള കൃതാർഥത. മാറിയ കാലവും അഭിരുചികളുമായി പൊരുത്തപ്പെടാനുള്ള ഹൃദയവിശാലത. സദനം കൃഷ്ണൻകുട്ടി എന്ന നാട്യകലാവല്ലഭന്റെ കലാജീവിതവിശേഷങ്ങൾ എത്ര വിസ്തരിച്ചാലും അധികമാവില്ല.