തിരുവനന്തപുരം: കേരളത്തിലെ ജലഗതാഗത പദ്ധതിയായ വാട്ടർമെട്രോ മാതൃകയാക്കാൻ മറ്റ് സംസ്ഥാനങ്ങളും വിദേശരാജ്യങ്ങളും. ഇതിനായി എട്ടു സംസ്ഥാനങ്ങളും മൂന്നുകേന്ദ്രഭരണ പ്രദേശങ്ങളും സാധ്യതാപഠനത്തിനായി കൊച്ചിൻ മെട്രോ റെയിൽ ലിമിറ്റഡിനെ സമീപിച്ചതായി മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

To advertise here,

പല വിദേശരാജ്യങ്ങളും ഇതേ ആവശ്യവുമായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനെ സമീപിച്ചിട്ടുണ്ട്. ഏഷ്യ, ആഫ്രിക്കൻ ഭൂഖണ്ഡങ്ങളിലെ രാജ്യങ്ങളാണ് പഠനസംഘത്തെ അയച്ചിട്ടുള്ളത്. രാജ്യത്തെ 18 നഗരങ്ങളിൽ കൊച്ചിമാതൃകയിൽ വാട്ടർമെട്രോ പദ്ധതി നടപ്പാക്കാനുള്ള നടപടി തുടങ്ങിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊച്ചിയിലെ 10 ദ്വീപുകളെ നഗരപ്രദേശവുമായി ബന്ധിപ്പിക്കാനാണ് കൊച്ചിമെട്രോ പദ്ധതി തയ്യാറാക്കിയത്. രണ്ട് റൂട്ടുകളിലായി നാല് ടെർമിനലുകളെ ബന്ധിപ്പിച്ചാണ് സർവീസ് തുടങ്ങിയത്. 38 ടെർമിനലുകളാണ് വിഭാവനം ചെയ്തിട്ടുള്ളത്. 12 എണ്ണം നിലവിൽ പ്രവർത്തിക്കുന്നുണ്ട്. കുമ്പളം, കടമക്കുടി, പാലിയംതുരുത്ത് എന്നിവ അന്തിമഘട്ടത്തിലാണ്. പൂർത്തിയായ ടെർമിനലുകൾ ഉടൻ ഉദ്ഘാടനം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാട്ടർമെട്രോ പദ്ധതിക്കൊരുങ്ങുന്ന നഗരങ്ങൾ

ഗുവാഹാട്ടി, ധുബ്രി, തേസ്‌പുർ, പട്‌ന, കൊല്ലം, കൊൽക്കത്ത, മുംബൈ, ശ്രീനഗർ, അയോധ്യ, പ്രയാഗ് രാജ്, വാരാണസി, ആൻഡമാൻ, ലക്ഷദ്വീപ്, ഗോവ, മംഗലാപുരം, അഹമ്മദാബാദ്, സൂറത്ത്.