കോംപ്രിഹന്സീവ് മൊബിലിറ്റി പ്ലാനുമായി (സിഎംപി) ബന്ധപ്പെട്ടാണ് വിശദീകരണം തേടിയത്

തിരുവനന്തപുരം: തിരുവനന്തപുരം മെട്രോയ്ക്കായുള്ള കോംപ്രിഹൻസീവ് മൊബിലിറ്റി പ്ലാനുമായി (സിഎംപി) ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനോട് (കെഎംആർഎൽ) വിശദീകരണം തേടി. ഔദ്യോഗിക ആശയവിനിമയ ചട്ടങ്ങൾക്ക് വിരുദ്ധമായി മാധ്യമങ്ങൾ വഴി തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചു എന്നാരോപിച്ചാണ് നടപടി. തിരുവനന്തപുരം മെട്രോ പദ്ധതിയെ പ്രതിസന്ധിയിലാക്കുന്ന നടപടിയാണിതെന്ന് ആരോപണമുയരുന്നുണ്ട്.
തിരുവനന്തപുരം മെട്രോ പദ്ധതിക്കായി പുതുക്കിയ സിഎംപി സമർപ്പിച്ചുവെന്ന തരത്തിൽ കെഎംആർഎല്ലിനെ ഉദ്ധരിച്ച് ചില മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ, ഒമ്പത് മാസത്തോളമായി സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടും സിഎംപി പുതുക്കി നൽകിയിരുന്നില്ല. ഇതിനിടയിലാണ് പുതുക്കിയ രേഖ നൽകിയെന്ന് വാർത്ത പുറത്തുവന്നത്. ഈ സാഹചര്യത്തിലാണ് ഗതാഗത വകുപ്പ് വിശദീകരണം ആവശ്യപ്പെട്ടത്.
നിലവിൽ കെഎംആർഎൽ നൽകിയിരിക്കുന്ന സിഎംപി പ്രകാരം തിരുവനന്തപുരം മെട്രോ പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കില്ല. സിഎംപിക്കായി 20 ലക്ഷം ജനസംഖ്യ വേണമെന്നാണ് കേന്ദ്ര മാനദണ്ഡമെങ്കിലും തിരുവനന്തപുരം മെട്രോയ്ക്കായി കെഎംആർഎൽ തയാറാക്കിയ സിഎംപിയിൽ 16 ലക്ഷം ജനസംഖ്യയാണ് കാണിച്ചിട്ടുള്ളത്.
അതിനിടെ, നിലവിലെ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ എം.ഡി ലോക്‌നാഥ് ബെഹ്‌റ സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്ക് പുതിയ എം.ഡിയെ കണ്ടെത്താനുള്ള നീക്കങ്ങളും സജീവമാണ്. മുൻ ഡിജിപി കെ. പത്മകുമാറിന്റേയും കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള എം. ബീനയുടെയും പേരുകളാണ് കൊച്ചി മെട്രോ എം.ഡി സ്ഥാനത്തേക്ക് പ്രധാനമായും പരിഗണനയിലുള്ളത്.
ലോക്‌നാഥ് ബെഹ്‌റ ഒഴിഞ്ഞതിനെ തുടർന്ന് എറണാകുളം ജില്ലാ കളക്ടറും കെഎംആർഎൽ ഡയറക്ടർ ബോർഡ് അംഗവുമായ ജി. പ്രിയങ്കയാണ് നിലവിൽ കൊച്ചി മെട്രോയുടെ താത്കാലിക എം.ഡി.
Content Highlights: The Kerala government has sought an explanation from KMRL for issuing misleading media reports regarding the Thiruvananthapuram Metro CMP. Concerns remain over population criteria that could affect central clearance.
Published: 18 Sept 2026, 12:44 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented