കൊച്ചി: വൈപ്പിനില്‍ വാട്ടര്‍ മെട്രോ ബോട്ട് നിര്‍ത്തിയിട്ടിരുന്ന റോ-റോ ജങ്കാറിലിടിച്ചു. ശക്തമായ ഒഴുക്കില്‍ വാട്ടര്‍ മെട്രോ ബോട്ടിന്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോ-റോ ജങ്കാറിന്റെ വാഹനങ്ങള്‍ കയറുന്ന ഭാഗത്തെ റാമ്പിന് തകരാര്‍ സംഭവിച്ചിട്ടുണ്ട്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

To advertise here,

രാവിലെ പത്തുമണിക്ക് ശേഷമാണ് അപകടമുണ്ടായത്. ഹൈക്കോടതി ജെട്ടിയില്‍നിന്ന് വൈപ്പിനിലേക്ക് പോയ മെട്രോ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. വൈപ്പിന്‍ ജെട്ടിയിലേക്ക് അടുപ്പിക്കാന്‍ ശ്രമിക്കവേയാണ് ബോട്ടിന് നിയന്ത്രണം നഷ്ടമായത്. തുടര്‍ന്ന് മറ്റൊരു ബോട്ടിന്റെ സഹായത്തോടെ അപകടത്തില്‍പെട്ട ബോട്ട് ജെട്ടിയിലടുപ്പിച്ച് യാത്രക്കാരെ ഇറക്കുകയായിരുന്നു.

സംഭവത്തേത്തുടര്‍ന്ന് താല്‍ക്കാലികമായി വാട്ടര്‍മെട്രോ സര്‍വീസ് നിര്‍ത്തിവെച്ചു. സര്‍വീസ് പിന്നീട് പുനഃരാരംഭിച്ചതായും സംഭവത്തെക്കുറിച്ച് ആഭ്യന്തര അന്വേഷണം ആരംഭിച്ചതായും കെഎംആര്‍എല്‍ അറിയിച്ചു.