കൊച്ചി: കൊച്ചി മെട്രോ മൂന്നാം ഘട്ടത്തിൽ ഭൂഗർഭപാതയില്ലെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ.). മെട്രോയുടെ മൂന്നാം ഘട്ടമായ ആലുവ-അങ്കമാലി പാതയിൽ എയർപോർട്ട് ഭാഗത്ത് ഭൂമിക്ക് അടിയിലൂടെ മെട്രോ പാത കടന്നുപോകുമെന്ന രീതിയിൽ പ്രചരിക്കുന്നത് തെറ്റായ വാർത്തയാണെന്ന് കെ.എം.ആർ.എൽ. അറിയിച്ചു.

To advertise here,

മൂന്നാംഘട്ട നിർമാണവുമായി ബന്ധപ്പെട്ട ഡി.പി.ആർ. പ്രകാരം 18.09 കിലോമീറ്റർ ദൂരം പൂർണമായും മേൽപാതയായാണ് രൂപരേഖ. മൂന്നാംഘട്ടത്തിന്റെ ഡിപിആർ സംസ്ഥാന സർക്കാരിലേക്ക് സമർപ്പിച്ചിട്ടുണ്ടെന്നും നിലവിൽ സർക്കാരിന്റെ പരിഗണനയിലാണ് ഇതെന്നും കെഎംആർഎൽ അറിയിച്ചു.

മെട്രോയുടെ മൂന്നാംഘട്ടമായി വിഭാവനംചെയ്യുന്ന അങ്കമാലിയിലേക്കുള്ള  മെട്രോ പാതയുടെ രൂപരേഖ കെ.എം.ആർ.എൽ. സംസ്ഥാന സർക്കാരിന് സമർപ്പിച്ചിരുന്നു. ആലുവയിൽനിന്ന് നെടുമ്പാശ്ശേരിയിലേക്കും തുടർന്ന് അങ്കമാലിയിലേക്കുമാണ് മൂന്നാംഘട്ടം ആസൂത്രണം ചെയ്യുന്നത്. ആലുവയിൽനിന്ന് തുടങ്ങി കരിയാട് വരെ റോഡിന് മുകളിലൂടെയും എയർപോർട്ട് ഭാഗത്ത് ഭൂമിക്കടിയിലൂടെയുമാണ് മെട്രോപ്പാത ആസൂത്രണം ചെയ്തിരുന്നതെന്നായിരുന്നു നേരത്തെ പുറത്തുവന്ന വാർത്തകൾ. ഇതാണിപ്പോൾ കെ.എം.ആർ.എൽ. തള്ളിയത്.

നാല് അലൈൻമെന്റുകളിൽ, എയർപോർട്ട് വഴിയുള്ള പാതയാണ് നിലവിൽ പരിഗണനയിലുള്ളത്. തോട്ടയ്ക്കാട്ടുകര, കുന്നുംപുറം, പറമ്പയം, നെടുമ്പാശ്ശേരി, അത്താണി, കരിയാട്, എയർപോർട്ട് റെയിൽവേ സ്റ്റേഷൻ, എയർപോർട്ട്, നായത്തോട്, കവരപ്പറമ്പ്, അരീക്കൽ ജങ്ഷൻ, എൽ.എഫ്. ഹോസ്പിറ്റൽ, അങ്കമാലി ടൗൺ, കോതകുളങ്ങര, കരയാംപറമ്പ് എന്നിങ്ങനെ 15 സ്‌റ്റേഷനുകളാകും ഉണ്ടാകുക.