തൃപ്പൂണിത്തുറ: ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി മിഹിര്‍ ഫ്‌ലാറ്റില്‍നിന്നു ചാടി ജീവനൊടുക്കിയ സംഭവത്തില്‍ സ്‌കൂളിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. ഇതില്‍ നിര്‍ണായക വിവരങ്ങള്‍ ലഭ്യമായതായി അന്വേഷണ സംഘം പറഞ്ഞു.

To advertise here,

മിഹിര്‍ മരിക്കുന്നതിന്റെ തലേന്ന് സ്‌കൂളില്‍ മറ്റൊരു കുട്ടിയെ രണ്ട് കുട്ടികള്‍ ചേര്‍ന്നു മര്‍ദിക്കുകയും ആ കുട്ടിയുടെ മൂക്കില്‍നിന്ന് രക്തം വരുകയും ചെയ്‌തെന്നും മിഹിര്‍ ഇത് നോക്കി നിന്നിരുന്നുവെന്നും അറിയാനായതായി പോലീസ് പറഞ്ഞു. വീണു പരിക്കേറ്റു എന്നു പറഞ്ഞാണ് മറ്റ് കുട്ടികള്‍ പരിക്കേറ്റ കുട്ടിക്ക് സ്‌കൂളില്‍നിന്നു മരുന്നുവെപ്പിച്ചത്.

എന്നാല്‍, സ്‌കൂളധികൃതര്‍ക്ക് സംശയം തോന്നിയതിനാല്‍ ബന്ധപ്പെട്ട കുട്ടികളുടെ രക്ഷിതാക്കളെ പിറ്റേന്ന് സ്‌കൂളിലേക്ക് വിളിപ്പിച്ചിരുന്നു. മിഹിറിന്റെ രക്ഷിതാവും എത്തിയിരുന്നു. ആ മീറ്റിങ്ങിനു ശേഷം വിഷാദവാനായ മിഹിറിനെ സ്‌കൂളില്‍ സഹപാഠിയായ ഒരു കുട്ടി തോളില്‍ തട്ടി ആശ്വസിപ്പിക്കുന്നതായ ദൃശ്യങ്ങളും ഉണ്ടെന്ന് പോലീസ് പറഞ്ഞു.

അന്ന് വൈകീട്ട് സ്‌കൂളില്‍നിന്നു തൃപ്പൂണിത്തുറയിലെ താമസസ്ഥലത്തെത്തിയ ശേഷം മിഹിര്‍ ഫോണ്‍ വിളിച്ചിട്ടുണ്ടെന്നും അതിനുശേഷമാണ് ഫ്‌ലാറ്റ് സമുച്ചയത്തില്‍നിന്നു ചാടിയതെന്നും അന്വേഷണ സംഘം പറഞ്ഞു.

അതേസമയം നിലവില്‍ പഠിച്ചിരുന്ന സ്‌കൂളില്‍നിന്നു മാറാന്‍ മിഹിര്‍ ആഗ്രഹിച്ചിരുന്നതായും വിവരമുണ്ട്. കഴിഞ്ഞ മാസം 13-ന് കൊടൈക്കനാലിലെ സ്‌കൂളില്‍ ചേരാനായി മിഹിര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും രക്ഷിതാക്കളുടെ സമ്മതത്തോടെയായിരുന്നു ഇതെന്ന് അറിയാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അന്വേഷണോദ്യോഗസ്ഥര്‍ പറഞ്ഞു.

ഹില്‍പ്പാലസ് ഇന്‍സ്‌പെക്ടര്‍ എ.എല്‍. യേശുദാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.