
തൊടുപുഴ: വിദ്യാഭ്യാസസ്ഥാപനത്തിന്റെ ഹോസ്റ്റലിൽ സഹപാഠിയുടെ ക്രൂരമർദനമേറ്റ വിദ്യാർഥിയുടെ ജനനേന്ദ്രിയം തകർന്ന സംഭവത്തിൽ പ്രായപൂർത്തിയാകാത്ത കുറ്റാരോപിതനെതിരേ പോലീസ് ചുമത്തിയിരിക്കുന്നത് റാഗിങ് നിരോധന നിയമപ്രകാരമുള്ള കേസ്. മനഃപൂർവമല്ലാത്ത നരഹത്യാശ്രമം, ക്രൂരമായ ദേഹോപദ്രവം തുടങ്ങിയ വകുപ്പുകളും ചുമത്തി. പ്രതിയെ ഡിസ്മിസ് ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടെന്നും ആരോപണവിധേയരായ മറ്റ് രണ്ട് വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തിട്ടുണ്ടെന്നും വിദ്യാഭ്യാസസ്ഥാപന മാനേജ്‌മെന്റ് അറിയിച്ചു.
ഓഗസ്റ്റ് 10-നാണ് തൊടുപുഴ ഗ്രാൻഡിസ് ടെക്‌നോളജിയിൽ മൊബൈൽ ഫോൺ ആൻഡ് ലാപ്‌ടോപ്പ് സർവീസിങ് കോഴ്‌സിന് പഠിക്കുന്ന 19-കാരന് ക്രൂരമർദനമേറ്റത്. ഹോസ്റ്റലിൽ ചില വിദ്യാർഥികൾ ലഹരി ഉപയോഗിക്കുന്നത് അധ്യാപകനെ അറിയിച്ചതിന്റെ വൈരത്തിൽ മർദിക്കുകയായിരുന്നു എന്നാണ് ആരോപണം. വിദ്യാർഥിയുടെ വലത് വൃഷണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടിവന്നു.
പ്രായപൂർത്തിയാകാത്ത കുറ്റാരോപിതനെതിരേ കേസെടുത്തെങ്കിലും കോടതിയിൽ നിന്ന് ജാമ്യംകിട്ടി. മർദനത്തിലെ ഗൂഢാലോചനയിൽ മറ്റ് രണ്ട് വിദ്യാർഥികൾകൂടി ഉൾപ്പെട്ടിട്ടുണ്ടെന്നും ഇവരേയും പ്രതിചേർക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. എന്നാൽ, കുട്ടിയുടെ മൊഴിയിൽ മറ്റാരുടെയും പേരില്ലെന്ന് പോലീസ് പറയുന്നു. പരിക്കേറ്റ കുട്ടിയുടെ അച്ഛൻ അർബുദരോഗിയാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബം ചികിത്സാ ചെലവുകൾക്കുപോലും ബുദ്ധിമുട്ടുകയാണ്.
വലിയ പ്രതിഷേധം; വിദ്യാഭ്യാസസ്ഥാപനത്തിലേക്കുള്ള എസ്.എഫ്.ഐ. മാർച്ചിൽ സംഘർഷം; പ്രതിഷേധം രേഖപ്പെടുത്തി എ.ബി.വി.പി.യും
ഹോസ്റ്റലിൽ ക്രൂര മർദനത്തിന് ഇരയായ വിദ്യാർഥിക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് എസ്.എഫ്.ഐ. നടത്തിയ മാർച്ചിൽ സംഘർഷം.
സ്ഥാപനത്തിലേക്ക് കയറാൻ ശ്രമിച്ച എസ്.എഫ്.ഐ. പ്രവർത്തകരെ തടയാൻ ജീവനക്കാർ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായത്. എസ്.എഫ്.ഐ. വനിതാ ജില്ലാ കമ്മിറ്റിയംഗത്തിന്റെ കൈയ്ക്ക് പരിക്കേറ്റു. മറ്റൊരു വനിതാ പ്രവർത്തകയുടെ വസ്ത്രം കീറി. സ്ഥാപനത്തിലെ ജീവനക്കാർ മനഃപൂർവം പ്രശ്നമുണ്ടാക്കുകയായിരുന്നു എന്ന് എസ്.എഫ്.ഐ. ആരോപിച്ചു. പിന്നീട് ചർച്ച നടക്കുന്നതിനിടെ ഓഫീസിന് പുറത്ത് വീണ്ടും തർക്കമുണ്ടായി. സ്ഥാപനത്തിലെ ജീവനക്കാരന് മർദനമേറ്റു. ചില എസ്.എഫ്.ഐ. പ്രവർത്തകർക്കും മർദനമേറ്റു.
വിദ്യാർഥി പഠിച്ച തൊടുപുഴ ഗ്രാൻഡ്സ് ടെക്നോളജിയിലേക്ക് ബുധനാഴ്ച വൈകീട്ട് മൂന്നിനുശേഷമാണ് എസ്.എഫ്.ഐ. പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. ഇതിനിടെ സംഘർഷം ഉണ്ടാകുകയായിരുന്നു.
പോലീസെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചതോടെ നേതാക്കൾ സ്ഥാപന പ്രതിനിധികളുമായി ചർച്ചനടത്തി. കുറ്റാരോപിതനായ വിദ്യാർഥി ഉൾപ്പെടെയുള്ളവർ ലഹരി ഉപയോഗിക്കുന്നത് വീഡിയോ സഹിതം അധ്യാപകർക്ക് കിട്ടിയിട്ടും പോലീസിൽ അറിയിക്കാതിരുന്നതെന്തെന്ന് നേതാക്കൾ അധികൃതരോട് ചോദിച്ചു. ആക്രമിക്കപ്പെട്ട വിദ്യാർഥി അധ്യാപകനുമാത്രമാണ് വീഡിയോ അയച്ചുനൽകിയത്. ഇത് കുറ്റാരോപിതൻ എങ്ങനെ മനസ്സിലാക്കിയെന്നും ചോദ്യം ഉയർന്നു.
മർദനവിവരം ആരും അറിയിച്ചിരുന്നില്ലെന്നും വിവരം അറിഞ്ഞപ്പോൾത്തന്നെ കുറ്റാരോപിതർക്കെതിരെ നടപടി എടുത്തെന്നും അധികൃതർ വ്യക്തമാക്കി. ഹോസ്റ്റൽ പരിശോധിച്ചപ്പോൾ ലഹരി ഉത്പന്നങ്ങൾ ഒന്നും കണ്ടെത്തിയിരുന്നില്ലെന്നും പറഞ്ഞു. ലഹരി ഉപയോഗത്തിന്റെ വീഡിയോ അധ്യാപകന് ലഭിച്ചകാര്യം കുറ്റാരോപിതൻ എങ്ങനെ അറിഞ്ഞു എന്ന കാര്യം അന്വേഷിക്കുമെന്ന് പോലീസും ഉറപ്പ് നൽകി.
കുട്ടിക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യവും നേതാക്കന്മാർ ഉന്നയിച്ചു. ചർച്ച നടക്കുന്നതിനിടെയാണ് പ്രവർത്തകരും ജീവനക്കാരും തമ്മിൽ വീണ്ടും പ്രശ്നമുണ്ടായത്. വൈകീട്ട് അഞ്ചോടെയാണ് എസ്.എഫ്.ഐക്കാർ പിരിഞ്ഞുപോയത്. എ.ബി.വി.പി. നേതാക്കളും പ്രവർത്തകരും പ്രതിഷേധവുമായി എത്തിയിരുന്നു. ഇവരും ഏറെനേരം ചർച്ചനടത്തി.
നീതിപൂർവമായ അന്വേഷണം വേണം
വിദ്യാർഥി നേരിട്ടത് ക്രൂരമർദനമാണെന്നും നീതിപൂർവമായ അന്വേഷണം വേണമെന്നും എസ്.എഫ്.ഐ. ജില്ല പ്രസിഡൻ്റ് അനൂഫ് കെ.ഫിറോസും ആവശ്യപ്പെട്ടു. കുറ്റക്കാർ ശിക്ഷിക്കപ്പെടണം. നിർധന കുടുംബത്തിലെ വിദ്യാർഥിക്ക് അർഹമായ നഷ്ടപരിഹാരം നൽകണം- നേതാക്കൾ പറഞ്ഞു.
വിദ്യാർഥിക്കൊപ്പമെന്ന് സ്ഥാപനം
പരിക്കേറ്റ വിദ്യാർഥിക്ക് നീതി ലഭിക്കുന്നതിനുവേണ്ടി സ്ഥാപനം നിലകൊള്ളുമെന്ന് ഗ്രാൻഡ്സ് ടെക്നോളജി അഡ്മിനിസ്ട്രേറ്റീവ് മാനേജർ മാഹിൻ മുഹമ്മദ് അറിയിച്ചു. മർദനവിവരം കുട്ടി അറിയിച്ചിരുന്നില്ല. ഇനി ഇങ്ങനെയൊരു സംഭവം ആവർത്തിക്കാതിരിക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: A student in Thodupuzha suffered severe injuries after a brutal hostel assault over reporting drug use. R
Published: 20 Aug 2026, 07:39 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented