കാസർകോട്: ഉപ്പളയിലെ ബേക്കൂർ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികളെ സീനിയർ വിദ്യാർഥികൾ റാഗ് ചെയ്തതായി പരാതി. സ്കൂളിൽ ഷൂ ധരിച്ചെത്തിയെന്നും ഷർട്ടിന്റെ മുകളിലത്തെ ബട്ടൺ തുറന്നിട്ടുവെന്നും ആരോപിച്ചാണ് പ്ലസ് ടു വിദ്യാർഥികളായ 14 പേർ ചേർന്ന് അഞ്ച് പ്ലസ് വൺ വിദ്യാർഥികളെ അതിക്രൂരമായി മർദ്ദിച്ചത്.

To advertise here,

സംഭവത്തിൽ മഞ്ചേശ്വരം പോലീസ് 14 പ്ലസ്ടു വിദ്യാർഥികൾക്കെതിരെ കേസ് എടുത്തു. ഇതിൽ നാല് വിദ്യാർഥികളെ സ്കൂൾ മാനേജ്മെന്റ് സസ്പെൻഡ് ചെയ്തു.

ഉച്ചകഴിഞ്ഞ് സ്കൂളിൽ കയറുമ്പോൾ പടിക്കെട്ടിന് സമീപത്തുനിന്ന സീനിയർ വിദ്യാർഥികൾ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നുവെന്ന് മർദനത്തിരയായ ഒരു വിദ്യാർഥി വെളിപ്പെടുത്തി. കൈകൾ പിന്നിലേക്ക് ഒടിക്കുകയും കവിളത്തടിക്കുകയും ഷൂ ധരിച്ച കാലുകൊണ്ട് ചവിട്ടുകയും ചെയ്തതായി ഇരയായ കുട്ടി പറഞ്ഞു.

റാഗിങ് സംഭവങ്ങളിൽ മുൻപും കുപ്രസിദ്ധമായ വിദ്യാലയമാണ് ബേക്കൂർ ഹയർ സെക്കൻഡറി സ്കൂൾ. മുൻപും പലതവണ വിദ്യാർഥികൾക്കെതിരെ സ്കൂൾ മാനേജ്മെന്റ് അച്ചടക്ക നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും വീണ്ടും സമാനമായ സംഭവങ്ങൾ ഉണ്ടാകുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

സ്കൂൾ പ്രിൻസിപ്പൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.