കാളികാവ്: ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കാൻ നവംബർ ഒന്നു മുതൽ പുതിയ സമയക്രമം നടപ്പാക്കാൻ സംസ്ഥാന ഗതാഗതവകുപ്പ്. ഒരേ റൂട്ടിലെ ബസുകൾക്കിടയിൽ നഗരമേഖലയിൽ അഞ്ചുമിനിറ്റും ഗ്രാമീണ മേഖലയിൽ 10 മിനിറ്റും ഇടവേള ഉറപ്പാക്കാനാണ് തീരുമാനം. എന്നാൽ, നിലവിലുള്ള സർവീസുകളുടെ സമയക്രമം പരിഗണിക്കാതെ പുതിയ സംവിധാനം നടപ്പാക്കാനാകില്ലെന്നാണ് ബസ് ഉടമകൾ പറയുന്നത്.

To advertise here,

സ്വകാര്യ ബസുകളുടെയും കെ.എസ്.ആർ.ടി.സി.യുടെയും ട്രിപ്പ് ഷെഡ്യൂളുകൾ ഡിജിറ്റൽ സംവിധാനത്തിലാക്കും. പുതിയ പെർമിറ്റുകൾ അനുവദിക്കുമ്പോൾ നിലവിലുള്ള സർവീസുകളുടെ സമയംകൂടി പരിശോധിച്ച് ഇടവേള നിശ്ചയിക്കാനാണ് തീരുമാനം. കേരള ബസ്, ബസ് ടൈം തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ ബസുകളുടെ സമയവും തത്സമയസ്ഥാനവും യാത്രക്കാർക്ക് അറിയാനാകും. സംസ്ഥാനത്ത് ഏകദേശം 7000 സ്വകാര്യ ബസുകളും 4468 കെ.എസ്.ആർ.ടി.സി. ബസുകളുമാണ് സർവീസ് നടത്തുന്നത്.

പുതിയ ബസുകൾക്കു മാത്രം അഞ്ച്, 10 മിനിറ്റ് ഇടവേള നൽകിയാൽ റൂട്ടിലെ മുഴുവൻ സർവീസുകൾക്കിടയിലും നിശ്ചിത ഇടവേള ഉറപ്പാക്കാനാകില്ലെന്നാണ് ഉടമകൾ പറയുന്നത്. റൂട്ടിന്റെ തുടക്കത്തിൽമാത്രം ഇടവേള കണക്കാക്കിയാലും പ്രശ്‌നം പരിഹരിക്കാനാകില്ല. നഗരസഭാ പരിധി കഴിഞ്ഞ് പഞ്ചായത്ത് പരിധികളിലൂടെ പോകുന്ന റൂട്ടുകളിൽ ഓരോ മേഖലയിലും മാനദണ്ഡം പാലിക്കുക പ്രയാസമാകും. നിലവിലുള്ള സർവീസുകളുടെ സമയക്രമം മാറ്റാൻ കഴിയില്ലെന്നും ബസ് ഉടമകൾ പറയുന്നു.

നിലവിലുള്ള സർവീസുകളെ ബാധിക്കും

നേരിട്ട് നടത്തുന്ന ടൈമിങ് കോൺഫറൻസിൽ ബസുടമകൾക്ക് സമയക്രമം ഹാജരാക്കി പരാതികൾ ഉന്നയിക്കാൻ അവസരമുണ്ടായിരുന്നു. 'കേരള ബസ്' സോഫ്റ്റ്​വെയർ വഴി മാത്രം സമയം അനുവദിക്കുന്നത് നിലവിലുള്ള സർവീസുകളെ ബാധിക്കുന്നതിനൊപ്പം ഉദ്യോഗസ്ഥ അഴിമതിക്ക് വഴിയൊരുക്കുകയുംചെയ്യും. ഗതാഗതമന്ത്രിക്കും ഉന്നതോദ്യോഗസ്ഥർക്കും നൽകിയ നിവേദനത്തിൽ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

- ഹംസ ഏരിക്കുന്നൻ, ജനറൽസെക്രട്ടറി, ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ