കൊച്ചി: മുനമ്പം ഭൂമിവിഷയത്തില്‍ തിടുക്കത്തിലുള്ള തീരുമാനമാണ് സര്‍ക്കാരിന് തിരിച്ചടിയായത്. വഖഫ് ഭൂമിയെന്ന് വഖഫ് ബോര്‍ഡ് കണ്ടെത്തിയ ഭൂമിയുടെ കാര്യത്തിലെ ഏതുതീരുമാനവും വഖഫ് നിയമത്തിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്ന പ്രാഥമികധാരണയില്ലാതെപോയതാണ് തിരിച്ചടിക്ക് കാരണമായത്.

To advertise here,

ജുഡീഷ്യല്‍ അന്വേഷണമല്ല വസ്തുതാന്വേഷണമാണ് കമ്മിഷന്‍ നടത്തുന്നതെന്ന സര്‍ക്കാര്‍ നിലപാടും കോടതി അംഗീകരിച്ചില്ല. നിലവിലെ താമസക്കാരുടെ അവകാശങ്ങളും താത്പര്യങ്ങളും എങ്ങനെ സംരക്ഷിക്കാമെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു കമ്മിഷന്റെ ചുമതല.

തിരുവിതാംകൂര്‍ സര്‍ക്കാരിന്റെകാലത്തെ വടക്കേക്കര വില്ലേജില്‍ പഴയ സര്‍വേ നമ്പര്‍ 18/1ല്‍ ഉള്‍പ്പെട്ട ഭൂമിയുടെ ഇപ്പോഴത്തെ അവസ്ഥസംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനായിരുന്നു നിര്‍ദേശം. കമ്മിഷന്‍ പൊതുഹിയറിങ്ങടക്കം നടത്തി. സിറ്റിങ് ഏകദേശം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് തയ്യാറാക്കുന്ന ഘട്ടത്തിലാണ് വഖഫ് സംരക്ഷണവേദി ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ചെയ്തത്.

ഹര്‍ജിയില്‍ മുനമ്പം നിവാസികളടക്കം കക്ഷിചേര്‍ന്നു. കോഴിക്കോട് ഫാറൂഖ് കോളേജ് മാനേജുമെന്റും ഹര്‍ജിയില്‍ കക്ഷിയായിരുന്നു. ഭൂമി വഖഫ് അല്ലെന്നും കൈമാറിയതില്‍ പ്രശ്‌നമില്ലെന്നുമായിരുന്നു ഫാറൂഖ് കോളേജ് മാനേജുമെന്റിന്റെയടക്കം വാദം. എന്നാല്‍, വഖഫ് നിയമത്തിന്റെയും ബോര്‍ഡിന്റെയും തീരുമാനത്തിന് വിരുദ്ധമായ നിലപാട് സര്‍ക്കാരിന് സ്വീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി സര്‍ക്കാര്‍ തീരുമാനം റദ്ദാക്കുകയായിരുന്നു.