കൊച്ചി: ആൺസുഹൃത്തിനെ കത്തി കാണിച്ചു ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചവർ പിടിയിൽ. ഒട്ടേറെ കേസുകളിൽ പ്രതികളായ കൊല്ലം ചാത്തന്നൂർ സ്വദേശി രാഹുൽ (39), തിരുവനന്തപുരം ഇടവ സ്വദേശി ഡാനിഷ് (28) എന്നിവരാണ് പോലീസ് പിടിയിലായത്.
ചൊവ്വാഴ്ച എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് എതിർവശമുള്ള കാടുപിടിച്ചു കിടക്കുന്ന ഒരു ഹോട്ടൽ സമുച്ചയത്തിലാണ് കേസിനാസ്പദമായ സംഭവം. രാത്രി ഒൻപതോടെ സൗത്ത് റെയിൽവേ സ്റ്റേഷൻ റോഡിലെത്തിയ സുഹൃത്തുക്കളായ യുവാവും യുവതിയും മഴ നനയാതിരിക്കുവാൻ ഈ കെട്ടിടത്തിനുള്ളിൽ കയറി.
മഴ കൂടിയപ്പോൾ അവർ മുകളിലത്തെ നിലയിലേക്ക് കയറി നിന്നു. ആ സമയം പ്രതികൾ അവിടെ മദ്യപിച്ചുകൊണ്ടിരിക്കുകയായിരുന്നു. മുകളിലേക്ക് പോയ സുഹൃത്തുക്കൾ പ്രതികളെ കണ്ടിരുന്നില്ല. ഇവർക്ക് പുറകെ പ്രതികളും മുകളിലേക്കു പോയി. അവിടെവെച്ച് ആൺസുഹൃത്തിനെ മർദിക്കുകയും യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.
യുവതി പ്രതികളിൽ ഒരാളുടെ കൈയിൽ കടിച്ചശേഷം അവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് അവർ പോലീസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചു. ഉടൻതന്നെ പോലീസ് എത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. യുവതി ആദ്യം പരാതി നൽകാൻ വിമുഖത കാണിച്ചുവെങ്കിലും പിന്നീട് പരാതി നൽകി.
എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ജിജോയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചായിരുന്നു അന്വേഷണം. കുറ്റകൃത്യം നടന്ന കെട്ടിടത്തിൽ സി.സി. ടി.വി. ക്യാമറ ഉണ്ടായിരുന്നില്ല. പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളിൽ ഒരാൾ സഞ്ചരിച്ച ബൈക്കിനെക്കുറിച്ച് വിവരം ലഭിച്ചു. ബൈക്കിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് പ്രതികളിലേക്ക് പോലീസിനെ എത്തിച്ചത്.
പിടിയിലായ രണ്ടു പ്രതികൾക്കും പത്തിലേറെ കേസുകളുണ്ട്. മുഖ്യപ്രതിയായ ഡാനിഷ് പോലീസിനെ ആക്രമിച്ച് രക്ഷപ്പെട്ടോടി കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിനു സമീപമുള്ള തോട്ടിലേക്ക് എടുത്തുചാടിയെങ്കിലും പുറകേ എത്തിയ പോലീസ് ഇയാളെ പിടികൂടി.
അന്വേഷണ സംഘത്തിൽ എസ്.ഐ.മാരായ ഹരികൃഷ്ണൻ, രാംലാൽ, ഷാജി, സുബോധ്, അസിസ്റ്റന്റ് എസ്.ഐ. മോളി, എസ്.സി.പി.ഒ. രാജീവ്, മനീഷ്, സി.പി.ഒ.മാരായ ഉണ്ണികൃഷ്ണൻ, ഹരീഷ്, വിജേഷ് എന്നിവരും ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Content Highlights: Two suspects, Rahul and Danish, arrested for attempted assault., Incident occurred at an abandoned hotel near Ernakulam South Railway Station
Published: 08 May 2026, 02:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented