കൊച്ചി: പറമ്പിക്കുളം-ആളിയാർ കരാർപ്രകാരം വെള്ളം നൽകാൻ തയ്യാറല്ലെന്ന് തമിഴ്‌നാട് തീരുമാനിച്ചതോടെ കേരളത്തിന് നഷ്ടമാവുക 8,000 കോടി ലിറ്റർ വെള്ളം. പാലക്കാട് ചിറ്റൂർ, തൃശ്ശൂർ ചാലക്കുടി മേഖലകളിലെ കൃഷിയെയും കുടിവെള്ളപദ്ധതികളെയും ബാധിക്കുന്നതിനുപുറമേ ഷോളയാറിലെ വൈദ്യുതോത്പാദനത്തിലും കുറവുണ്ടാകും. കേരള-തമിഴ്‌നാട് ഉദ്യോഗസ്ഥപ്രതിനിധികൾ വെള്ളിയാഴ്ച കോതമംഗലത്ത് നടത്തിയ ചർച്ച തീരുമാനമാകാതെ പിരിഞ്ഞതോടെ ഇനി സെക്രട്ടറിതലത്തിലോ സർക്കാർതലത്തിലോ ചർച്ച വേണ്ടിവരും.

To advertise here,

കരാർപ്രകാരം സെപ്റ്റംബർ ഒന്നുമുതൽ ഫെബ്രുവരി ഒന്നുവരെ കേരളത്തിന് ലഭിക്കേണ്ട ജലവിഹിതത്തിൽ 65 ശതമാനം മാത്രമാണ് തമിഴ്‌നാട് ഇതുവരെ നൽകിയത്. ബാക്കി ജലവിഹിതം സംബന്ധിച്ചായിരുന്നു ചർച്ച. നവംബർ ആദ്യംമുതൽ മാർച്ച് അവസാനംവരെ 4.3 ടി.എം.സി. ജലം കരാർപ്രകാരം ലഭിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. എന്നാൽ, കുടിവെള്ളത്തിന് ആവശ്യമായ 1.5 ടി.എം.സി. ജലം മാത്രമേനൽകൂവെന്ന നിലപാടിലായിരുന്നു തമിഴ്നാട്.

കരാർപ്രകാരം ചാലക്കുടിപ്പുഴയിലേക്ക് ഷോളയാർ ഡാം വഴി 12.3 ടി.എം.സി. ജലവും പാലക്കാട് ചിറ്റൂർമേഖലയിലേക്ക് 7.25 ടി.എം.സി. വെള്ളവും തമിഴ്‌നാട് നൽകണം. ഒരു ടി.എം.സി. എന്നാൽ, 2,831 കോടി ലിറ്റർ വെള്ളം. കഴിഞ്ഞവർഷംമുതൽ കേരളത്തിന് നൽകേണ്ട വെള്ളം തമിഴ്നാട് കാര്യമായി കുറയ്ക്കുന്നുണ്ട്. ഷോളയാർ പവർഹൗസ് നവീകരിച്ച് സംസ്ഥാനം വൈദ്യുതോത്പാദനം കൂട്ടിയതാണ് ഇതിന് പ്രധാനകാരണം. കരാർപ്രകാരമുള്ള വെള്ളമുപയോഗിച്ച് 23.3 കോടി യൂണിറ്റ് വൈദ്യുതിയായിരുന്നു കേരളം ഉത്പാദിപ്പിച്ചിരുന്നത്. 2020-ൽ പവർഹൗസ് നവീകരിച്ചതോടെ ഇത് 26.3 കോടി യൂണിറ്റായി.

പറമ്പിക്കുളം-ആളിയാർ കരാറിൽ എത്ര വൈദ്യുതി ഉത്പാദനം എന്നത് വെള്ളത്തിന്റെ അളവായി കണക്കാക്കുന്നില്ല. എന്നാൽ, 12.3 ടി.എം.സി. വെള്ളം അളക്കാൻ മാർഗങ്ങളില്ലാത്തതിനാൽ വൈദ്യുതി ഉത്പാദനത്തിന് ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവ് കണക്കാക്കാം എന്നായിരുന്നു ധാരണ. ഇത്പ്രകാരം 23.3 കോടി യൂണിറ്റ് ഉത്പാദിപ്പിച്ചാൽ 12.3 ടി.എം.സി. വെള്ളം കേരളത്തിന് നൽകിയതായാണ് കണക്കാക്കും. പവർഹൗസ് നവീകരിച്ചപ്പോൾ മുമ്പത്തെക്കാൾ കുറവ് വെള്ളത്തിൽ കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കാമെന്നത് തമിഴ്‌നാട് അംഗീകരിക്കാൻ തയ്യാറായില്ല. ഇക്കാര്യത്തിൽ പുതിയ പഠനം വേണമെന്നാണ് അവരുടെ നിലപാട്.